'പിന്നെ എന്തിനാണ് 'അമ്മ'യ്ക്ക് ഐസിസി?'; മോഹന്‍ലാലിനെ വേദിയിലിരുത്തി ശ്വേതയുടെ വിമര്‍ശനം
26 Jun 2022 2:50 PM GMT
ഫിൽമി റിപ്പോർട്ടർ

താരസംഘടനയായ 'അമ്മ'യുടെ മോഹന്‍ലാല്‍ അടക്കമുള്ള ഭാരവാഹികള്‍ വേദിയിലിരിക്കെ വിമര്‍ശനവുമായി നടി ശ്വേത മേനോന്. സംഘടനയിലെ ആഭ്യന്തര പരാതിപരിഹാര കമ്മിറ്റിയില്‍ നിന്നും രാജി വെച്ച സംഭവത്തില്‍ തന്റെ നിലപാടില്‍ നടി ഉറച്ചു നിന്നു. നിലവാരം ഇല്ലെങ്കില്‍ മാറി നില്‍ക്കുന്നതാണ് നല്ലതെന്നും അല്ലെങ്കില്‍ പിന്നെ എന്തിനാണ് ഐസിസിയെന്നും നടി വിമര്‍ശിച്ചു.
യുവനടിയെ പീഡിപ്പിച്ച സംഭവത്തില്‍ കുറ്റാരോപിതനായ വിജയ് ബാബുവിനെതിരെ 'അമ്മ' സംഘടനയുടെ പ്രതികരണത്തെ തുടര്‍ന്നാണ് നടി ഐസിസിയില്‍ നിന്നും രാജി വെച്ചത്. വിജയ് ബാബുവിനോട് സംഘടനയില്‍ നിന്നും മാറി നില്‍ക്കണമെന്ന് ആവശ്യപ്പെട്ടത് ഐസിസി ആണെന്നും എന്നാല്‍ അക്കാര്യം വാര്‍ത്താ സമ്മേളത്തില്‍ പരാമര്‍ശിച്ചില്ലെന്നും ശ്വേത പറഞ്ഞു.'അമ്മ' യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു നടിയുടെ പ്രതികരണം.
ശ്വേത മേനോന്റെ വാക്കുകള്‍
വിജയ് ബാബു ഇരയുടെ പേര് പറഞ്ഞതുകൊണ്ടാണ് ഐസിസി പെട്ടന്ന് യോഗം ചേര്‍ന്നത്. സ്റ്റെപ് ഡൗണ്‍ ചെയ്യാന്‍ ആവശ്യപ്പെട്ട് ഇക്കാര്യം എക്സിക്യുട്ടീവ് കമ്മിറ്റിക്ക് നല്കി. എസ്കിക്യുട്ടീവ് കമ്മിറ്റിയാണ് തീരുമാനിച്ചത്.
എന്റെ രാജിക്ക് ഒരേയൊരു കാണമേയുള്ളൂ. പ്രസ് മീറ്റില്‍ ഐസിസി നിര്‍ദേശപ്രകാരമെന്ന വാക്ക് ഇടാത്തത്കൊണ്ടാണ് ഞാന്‍ രാജിവെച്ചത്. 'അമ്മ'ക്ക് ഐസിസി വേണ്ട എന്ന് തോന്നി. അപ്പോള്‍ രാജിവെച്ചു. പിന്നെന്തിനാണിത്.
തലപ്പത്ത് നില്ക്കുന്നയാണ് ഇങ്ങനെയൊരു ആരോപണം വരുമ്പോള്‍ മാറിനില്‍ക്കണമെന്നാണ് എന്റെ കാഴ്ചപ്പാട്. അങ്ങനെയാണ് പഠിച്ചതും. അത്രമാത്രം. കൂട്ടായ ഒരു തീരുമാനമായിരുന്നു. ഇങ്ങനെയൊരു സ്ഥാനത്ത് ഐസിസിയുടെ നിലവാരം ഇല്ലെങ്കില്‍ മാറി നില്‍ക്കുന്നതാണ് നല്ലത്. പ്രസ് നോട്ടീസില്‍ എക്സിക്യുട്ടീവ് കമ്മിറ്റിയുടെ പേരിട്ടു. ഐസിസിയുടെ പേര് ഇട്ടില്ല. അതുകൊണ്ട് ഞാന്‍ രാജി വെച്ചു.
Story Highlights; Swetha menon criticizes AMMA for icc committee
- TAGS:
- Swetha Menon
- AMMA
- mohanlal