Top

'ബിച്ചു ഒരു ഹിറ്റ് എഴുതാന്‍ പോവുകയാണെന്ന് പറഞ്ഞെഴുതിയാല്‍ അത് ഹിറ്റായിരിക്കും'; ഓര്‍മ്മകളില്‍ ശ്രീകുമാരന്‍ തമ്പി

26 Nov 2021 6:09 AM GMT
ഫിൽമി റിപ്പോർട്ടർ

ബിച്ചു ഒരു ഹിറ്റ് എഴുതാന്‍ പോവുകയാണെന്ന് പറഞ്ഞെഴുതിയാല്‍ അത് ഹിറ്റായിരിക്കും; ഓര്‍മ്മകളില്‍ ശ്രീകുമാരന്‍ തമ്പി
X

ബിച്ചു തിരുമലയുടെ മരണത്തില്‍ അനുശോചനമറിയിച്ച് ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി. ഒരു സിനിമയുടെ സ്വഭാവമനുസരിച്ച് ഗാനത്തിന്റെ സ്വഭാവത്തിലും മാറ്റം വരുത്താന്‍ കഴിവുണ്ടായിരുന്ന ഗാനരചയിതാവായിരുന്നു ബിച്ചു തിരുമലയെന്ന് ശ്രീകുമാരന്‍ തമ്പി റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. അദ്ദേഹം ഒരു ഹിറ്റ് എഴുതാന്‍ പോവുകയാണെന്ന് പറഞ്ഞെഴുതിയാല്‍ അത് ഹിറ്റായിരിക്കും. അങ്ങനെ ഒരു പാട്ടെഴുത്തുകാരന്‍ ഉണ്ടായിരുന്നത് ബിച്ചുവാണെന്ന് ശ്രീകുമാരന്‍ തമ്പി കൂട്ടിച്ചേര്‍ത്തു.

ശ്രീകുമാരന്‍ തമ്പിയുടെ വാക്കുകള്‍

എന്റെ പിന്നാലെ വന്ന ഗാനരചയിതാവ് എന്ന നിലയില്‍ ബിച്ചുവിനെ നന്നായി അറിയാം. സംവിധായകനാകാന്‍ ആഗ്രഹിച്ചയാളാണ്. സിനിമയില്‍ ആദ്യം വന്നത് അസിസ്റ്റന്റ് ഡയറക്ടര്‍ ആയിട്ടാണ്. ബിച്ചു ഒരു ഹിറ്റ് മേക്കറാണ് അതാണ് അയാളുടെ വിജയവും. ഒരു എഴുത്തുകാരന്‍ എന്ന ഭാവനയും കടന്ന് എങ്ങനെ ഒരു പാട്ട് ഹിറ്റാക്കാന്‍ പറ്റും എന്ന് നന്നായി പഠിച്ച ഗാനരചേതാവാണ് ബിച്ചു. ഒരു സിനിമയുടെ സ്വഭാവമനുസരിച്ച് ഗാനത്തിന്റെ സ്വഭാവത്തിലും മാറ്റം വരുത്താനുള്ള കഴിവും ബിച്ചുവിനുണ്ടായിരുന്നു. 'മിഴിയോരം' എന്ന ഗാനം ആ സിനിമയുടെ വിജയത്തിന് വലിയ പങ്കുവഹിച്ചിരുന്നു. ജെറി അമല്‍ദേവ് എന്ന സംഗീത സംവിധായകന്റെ മുന്നോട്ടുകൊണ്ടുവരാന്‍ ബിച്ചു വലിയ പങ്കുവഹിച്ചു.

ഐവി ശശിയുടെ ആദ്യ കാല സിനിമകളിളെല്ലാം ബിച്ചുവാണ് ഗാനരചേതാവ്. ബിച്ചുവിന് അപൂര്‍വ്വ ബന്ധങ്ങള്‍ ഉണ്ടായിരുന്നു. അത് ബിച്ചുവിനേയും സിനിമയെയും സഹായിച്ചു. രവീന്ദ്രന്‍ സംഗീത സംവിധായകന്‍ ആയപ്പോള്‍ ഏറ്റവും കൂടുല്‍ വര്‍ക്ക് ചെയ്തിട്ടുള്ളത് ബിച്ചുവിനൊപ്പമാണ്. ഹൃദയം ദേവാലയം, നക്ഷത്ര ദീപങ്ങള്‍ തിളങ്ങി എന്നീ പാട്ടുകള്‍ എഴുതിയ ആള്‍ തന്നെയാണ് 'അവനവന്‍ കുരുക്കുന്ന', 'പടകാളി', 'സുന്ദരീ സുന്ദരീ' തുടങ്ങി ആളുകള്‍ കേട്ടാല്‍ കയ്യടിക്കുന്ന തരം പാട്ടുകള്‍ എഴുതിയതും.

ബിച്ചു ഞാന്‍ ഒരു ഹിറ്റ് എഴുതാന്‍ പോവുകയാണെന്ന് പറഞ്ഞെഴുതിയാല്‍ അത് ഹിറ്റായിരിക്കും. അങ്ങനെ ഒരു പാട്ടെഴുത്തുകാരന്‍ ഉണ്ടായിരുന്നത് ബിച്ചുവാണ്. വളരെ വിനീതനായ കലാകാരനായിരുന്നു. എന്നാല്‍ പാവമായിരുന്നില്ല. ഏത് സന്ദര്‍ഭത്തെയും നേരിടാന്‍ ബിച്ചു തയ്യാറായിരുന്നു. ബിച്ചുവിന് ഒരു വീഴ്പറ്റി കുറച്ചുനാള്‍ മാറി നില്‍ക്കേണ്ടി വന്നു. അല്ലായിരുന്നുന്നെങ്കില്‍ കുറച്ചു പാട്ടുകള്‍ കൂടി ഉണ്ടാകുമായിരുന്നു. ആ ഗ്യാപ്പിലാണ് കൈതപ്രവും ഗിരീഷ് പുത്തഞ്ചേരിയൊക്കെ വന്നത്.

Next Story

Popular Stories