Top

'എന്റെ തട്ടാൻ ഭാസ്കരൻ ഇതും തട്ടും, ആരോ​ഗ്യവാനായി അടുത്ത മാലപണിയും'; ശ്രീനിവാസൻ സുഖം പ്രാപിക്കട്ടെയെന്നാശംസിച്ച് രഘുനാഥ് പാലേരി

ശ്രീനിവാസന്റെ അഭിനയജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് ഈ ചിത്രത്തിലെ തട്ടാൻ ഭാസ്കരൻ.

7 April 2022 8:44 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എന്റെ തട്ടാൻ ഭാസ്കരൻ ഇതും തട്ടും, ആരോ​ഗ്യവാനായി അടുത്ത മാലപണിയും; ശ്രീനിവാസൻ സുഖം പ്രാപിക്കട്ടെയെന്നാശംസിച്ച് രഘുനാഥ് പാലേരി
X

കോഴിക്കോട്: ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന നടൻ ശ്രീനിവാസന്റെ തിരിച്ചുവരവിനായി ആശംസിച്ച് തിരക്കഥാകൃത്തും സംവിധായകനുമായ രഘുനാഥ് പാലേരി. ശ്രീനിവാസൻ അഭിനയിച്ച പൊന്മുട്ടയിടുന്ന താറാവിന്റെ തിരക്കഥാകൃത്തായിരുന്നു രഘുനാഥ്. ''എന്റെ തട്ടാൻ ഭാസ്കരൻ ഇതും തട്ടും, ആരോ​ഗ്യവാനായി അടുത്ത മാലപണിയും'' എന്ന് ഫേസ്ബുക്കിൽ കുറിച്ചാണ് അദ്ദേഹം ശ്രീനിവാസൻ പെട്ടെന്ന് സുഖം പ്രാപിച്ചുവരട്ടെയെന്ന് ആശംസിച്ചത്.

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് 1988ൽ പുറത്തിറങ്ങിയ സിനിമയായിരുന്നു പൊന്മുട്ടയിടുന്ന താറാവ്. ഈ സിനിമയിൽ തട്ടാൻ ഭാസ്കരൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ശ്രീനിവാസനായിരുന്നു. ശ്രീനിവാസന്റെ അഭിനയജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് ഈ ചിത്രത്തിലെ തട്ടാൻ ഭാസ്കരൻ. ഏറെ നർമ്മം നിറഞ്ഞ കഥയായിരുന്നു സിനിമയുടേത്. ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചത് രഘുനാഥ് പലേരിയായിരുന്നു. ജയറാം, ഇന്നസെന്റ്, ഊർവശി, ശാരി എന്നിവരും ഈ സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

നിരവധി പേരാണ് ശ്രീനിവാസൻ സുഖം പ്രാപിച്ചുവരട്ടെയെന്ന് ആശംസിച്ചുകൊണ്ട് രഘുനാഥ് പാലേരിയുടെ ഫേസ്ബുക്ക് കുറിപ്പിന് താഴെ കമ്മന്റിട്ടിട്ടുളളത്.



ഇതിനിടെ ചികിത്സയില്‍ കഴിയുന്ന നടന്റെ ആരോ​ഗ്യനിലയെക്കുറിച്ച് വ്യാജ വാർത്തകൾ പ്രചരിക്കുന്നതിൽ ശ്രീനിവാസൻ പ്രതികരിച്ചുവെന്ന് തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ മനോജ് രാംസിങ് ഫേസ്ബുക്കിലൂടെ പറഞ്ഞു. വ്യാജ വാര്‍ത്തകളോട് ശ്രീനിവാസന്‍ ചിരിച്ചുകൊണ്ടാണ് പ്രതികരിച്ചത്. 'ആള്‍ക്കാര്‍ ആദരവോടെ തരുന്നതല്ലേ, ഒന്നും പാഴാക്കണ്ട, കിട്ടുന്നതൊക്കെ എനിക്ക് തന്നേക്ക്... കൂടുതലായി പോയാല്‍ കുറച്ചു മനോജിന് തന്നേക്കാം' എന്ന് ഫോണില്‍ സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞതായി മനോജ് രാംസിങ് ഫേസ്ബുക്കിൽ കുറിച്ചു.

ശ്രീനിവാസന്റെ ആരോഗ്യനില തൃപ്തികരമെന്നറിയിച്ച് മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവന്നിരുന്നു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ശ്രീനിവാസന്‍ മരുന്നുകളോട് മികച്ച രീതിയില്‍ പ്രതികരിക്കുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

മാര്‍ച്ച് 30നാണ് നെഞ്ചുവേദനയേത്തുടര്‍ന്ന് ശ്രീനിവാസനെ ആശുപത്രിയിലെത്തിച്ചത്. ആന്‍ജിയോഗ്രാം പരിശോധനയില്‍ നടന് ട്രിപ്പിള്‍ വെസ്സല്‍ ഡിസീസ് (ധമനികളിലെ രക്തമൊഴുക്കിന് തടസം നേരിടല്‍) കണ്ടെത്തി. ഇതേത്തുടര്‍ന്ന് മാര്‍ച്ച് 31 വ്യാഴാഴ്ച്ച ബൈപാസ് സര്‍ജറിക്ക് വിധേയനാക്കി. ശസ്ത്രക്രിയക്ക് ശേഷം മൂന്ന് ദിവസം വെന്റിലേറ്ററിലായിരുന്നു. വെന്റിലേറ്ററില്‍ നിന്ന് മാറ്റിയതിന് പിന്നാലെ ശ്രീനിവാസന് അണുബാധയുണ്ടാകുകയും വീണ്ടും വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും പ്രമേഹത്തിനും ശ്രീനിവാസന്‍ മുന്‍പ് പല തവണ ചികിത്സ തേടിയിട്ടുണ്ട്. 66കാരനായ നടന് ഹൃദ്രോഗമുള്ളതായും മുന്‍പ് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിരുന്നു.

STORY HIGHLIGHTS: Screenwriter Raghunath Paleri wishes to actor Srinivasan a speedy recovery


Next Story