മാർട്ടിൻ പ്രക്കാട്ട്, രാജീവ് രവി ചിത്രങ്ങൾ... കൂടാതെ മോഹൻലാലിനൊപ്പവും; രതീഷ് പൊതുവാൾ തിരക്കിലാണ്
രാജേഷ് മാധവനെ നായകനാക്കി രതീഷ് ബാലകൃഷ്ണൻ ഒരു സിനിമ ചെയ്യാനൊരുങ്ങുന്നുണ്ട്.
18 March 2023 12:48 PM GMT
ഫിൽമി റിപ്പോർട്ടർ

ചുരുക്കം സിനിമകൾ കൊണ്ട് തന്നെ തിരക്കഥ, സംവിധാനം എന്നീ മേഖലകളിൽ മികവ് കാട്ടിയ വ്യക്തിയാണ് രതീഷ് ബാലകൃഷ്ണൻ പൊതുവാൾ. രതീഷിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന പുതിയ ചിത്രമായ 'മദനോത്സവ'ത്തിന്റെ മോഷൻ പോസ്റ്റർ ഇന്ന് റിലീസ് ചെയ്തു. പതിവ് തെറ്റിക്കാതെ പ്രേക്ഷകർക്ക് തിയേറ്ററുകളിൽ ചിരിച്ച് ആഘോഷിക്കാനുള്ള വക അദ്ദേഹത്തിന്റെ തൂലികയിൽ നിന്നുണ്ടാകുമെന്ന് പോസ്റ്റർ ഉറപ്പ് നൽകുന്നുണ്ട്. എന്നാൽ മദനോത്സവം മാത്രമല്ല, നിരവധി ചിത്രങ്ങൾ രതീഷിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് രതീഷ് ബാലകൃഷ്ണന്റെ തിരക്കഥയിൽ മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചത്. കുഞ്ചാക്കോ ബോബനും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളാകുന്ന സിനിമ കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ്, മാര്‍ട്ടിൻ പ്രക്കാട്ട് ഫിലിംസ് എന്നീ കമ്പനികൾ ചേർന്നാണ് നിർമ്മിക്കുന്നത്. പ്രശസ്ത ഛായാഗ്രാഹകനായ ഷൈജു ഖാലിദ് ആയിരിക്കും സിനിമയ്ക്കായി ക്യാമറ ചലിപ്പിക്കുക.
രാജീവ് രവി സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് രതീഷ് ആണെന്നും റിപ്പോർട്ടുകളുണ്ട്. ഈ ചിത്രത്തിന്റെ കഥാ പശ്ചാത്തലത്തെയോ അഭിനേതാക്കളെയോ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല. എന്നാൽ രാജീവ് രവിയ്‌ക്കൊപ്പം രതീഷ് ഒന്നിക്കുമ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു ചിത്രം തന്നെ സിനിമാപ്രേമികൾ പ്രതീക്ഷിക്കുന്നുണ്ട്.
കഴിഞ്ഞ വർഷം 'ന്നാ താൻ കേസ് കൊട്' എന്ന സിനിമയുടെ വിജയത്തിന് പിന്നാലെ മോഹൻലാലും രതീഷ് ബാലകൃഷ്ണനും ആദ്യമായി ഒന്നിക്കുന്നു എന്ന വാർത്തകൾ വന്നിരുന്നു. കാസർഗോഡ് പശ്ചാത്തലമാക്കി കഥ പറയുന്ന സിനിമ നിർമ്മിക്കുന്നത് സന്തോഷ് ടി കുരുവിളയാണ്. കൂടാതെ രതീഷിന്റെ സൂപ്പർഹിറ്റ് ചിത്രമായ 'ആൻഡ്രോയിഡ് കുഞ്ഞപ്പൻ 5.25'ന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നുണ്ട്. 'ഏലിയൻ അളിയൻ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിർമ്മിക്കുന്നതും സന്തോഷ് ടി കുരുവിള തന്നെയാണ്.
ഈ ചിത്രങ്ങൾക്ക് പുറമെ രാജേഷ് മാധവനെ നായകനാക്കി രതീഷ് ബാലകൃഷ്ണൻ ഒരു സിനിമ ചെയ്യാനൊരുങ്ങുന്നുണ്ട്. ഈ വർഷം ഏപ്രിലിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിലെ രാജേഷ് മാധവൻ അവതരിപ്പിച്ച 'സുരേഷൻ കാവുംതാഴെ' എന്ന കഥാപാത്രത്തെ പശ്ചാത്തലമാക്കിയാകും പുതിയ സിനിമ എന്നും സൂചനകളുണ്ട്.
Story Highlights: Ratheesh Balakrishnan Pothuval is busy doing back to back movies