Top

'ഒരു പീഡനക്കേസ് പെണ്‍കുട്ടിയിലുണ്ടാക്കുന്ന ആഘാതം മനസിലാക്കാന്‍ ഇതുവരെ പറ്റിയില്ലേ?'; രഞ്ജിനി ഹരിദാസ്

8 May 2022 6:08 PM GMT
ഫിൽമി റിപ്പോർട്ടർ

ഒരു പീഡനക്കേസ് പെണ്‍കുട്ടിയിലുണ്ടാക്കുന്ന ആഘാതം മനസിലാക്കാന്‍ ഇതുവരെ പറ്റിയില്ലേ?; രഞ്ജിനി ഹരിദാസ്
X

നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്ക് നീതി ലഭിക്കണമെന്ന് രഞ്ജിനി ഹരിദാസ്. പീഡനക്കേസ് അത് പെണ്‍കുട്ടിക്ക് നല്‍കുന്ന ആഘാതം ഇതുവരെ മനസിലാക്കാന്‍ പറ്റിയിട്ടില്ലെന്ന് രഞ്ജിനി ചൂണ്ടിക്കാട്ടി. സംഭവത്തില്‍ പ്രതികരിക്കുക എന്നല്ലാതെ മറ്റൊന്നും ചെയ്യാന്‍ കഴിയില്ലെന്നും ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ തന്റെന്റെ ഉത്തരവാദിത്വവും അവകാശവും ആണതെന്നും രഞ്ജിനി റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

രഞ്ജിനിയുടെ വാക്കുകള്‍

നിയമ വ്യവസ്ഥ നിലനില്‍ക്കുന്ന ഒരു രാജ്യത്ത് അതിജീവിതയ്ക്ക് നീതി ലഭിക്കണം. കഴിഞ്ഞ അഞ്ച് വര്‍ഷമായി എന്താണ് നടക്കുന്നതെന്ന് എല്ലാവരും കാണുന്നതാണ്. ശരാശരി സാധാരണക്കാരന്‍ എന്ന നിലയിലാണ് ഇതൊക്കെ ഞാന്‍ കാണ്ടുകൊണ്ടിരുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടക്കുന്ന സംഭവങ്ങളില്‍ നിന്നും ഒരു ക്രൈം നടന്നിട്ടുണ്ടെന്ന് മനസിലാക്കാം. ഗൂഡാലോചന എന്ന ഘടകം വന്നതുകൊണ്ടാണ് ഇതിന്റെ കളര്‍ മാറിയതെന്ന് പറയാം. അതില്‍ സപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങളുണ്ട് അതിനെ മുക്കാന്‍ നോക്കിയവരും ഉണ്ട്. അങ്ങനെ കുറെ കാര്യങ്ങള്‍ സംഭവിക്കുന്നു.

ഈ രാജ്യത്ത് ജീവിക്കുന്ന ഒരു സ്ത്രീയെന്ന നിലയില്‍ എനിക്ക് പേടിയാണ്. എല്ലാവരും ഒരുപോലെയെന്ന് പറഞ്ഞ് നടക്കുന്ന ഈ കാലത്ത് ഒരു പീഡനക്കേസ് അത് പെണ്‍കുട്ടിക്ക് നല്‍കുന്ന ആഘാതം ഇതുവരെ മനസിലാക്കാന്‍ പറ്റിയിട്ടില്ല. ഈ കേസ് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അഞ്ച് വര്‍ഷമായിട്ടാണോ ആദ്യത്തെ പീഡനക്കേസ് വരുന്നത്?. എത്ര വര്‍ഷമായി നിരവധി കേസുകള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. ഇതിന് ഒരു അവസാനമില്ല. നിയമം ശക്തമായിരിക്കണം. ഡല്‍ഹിയിലെ അവസ്ഥ നമ്മള്‍ കണ്ടു. എത്ര വര്‍ഷം. അതില്‍ ഏറ്റവും കൂടുതല്‍ ക്രൂരനായ ആളെ തയ്യല്‍ മിഷ്യനുംകൊടുത്താണ് വിട്ടത്. ഇതില്‍ മാറ്റം വരണം. പ്രതികരിക്കുക എന്നല്ലാതെ മറ്റൊന്നും ചെയ്യാന്‍ കഴിയില്ല. ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ എന്റെ ഉത്തരവാദിത്വവും അവകാശവും ആണത്.

വിജയ് യുടെ കേസില്‍ ആയാലും അതിജീവിതയുടെ കേസില്‍ ആയാല്‍ സിനിമ സംഘടനയില്‍ ഒരു നിയമം ഉണ്ടായിരിക്കണമെന്നാണ് എനിക്ക് തോന്നിയത്. ഏതൊരു വ്യക്തിക്കെതിരെയും ഒരു കേസ് വന്നാല്‍ ആ കേസിന്റെ കാലയളവില്‍ അവരെ മാറ്റിനിര്‍ത്തുക. അങ്ങനെയുള്ള നിയമങ്ങള്‍ ഉണ്ടാകണം. താര സംഘടന പുരുഷന്‍മാര്‍ക്ക് വേണ്ടി മാത്രമാണോ ?. അങ്ങനെയെങ്കില്‍ സ്‌ത്രീകള്‍ക്ക് മറ്റൊരു സംഘടന ഉണ്ടാക്കാം.

ഒരു സമൂഹമെന്ന നിലയ്ക്ക് കുറ്റങ്ങള്‍ക്ക് പകരം നല്ല കാര്യങ്ങള്‍ കാണാന്‍ ശ്രമിക്കുക. ഡബ്ല്യൂസിസിയില്‍ നിന്നും ഒരാള്‍ ഉപവാസ സമരത്തില്‍ പങ്കെടുത്തത് കുറ്റമായാണ് കാണുന്നത്. ഒരാള്‍ വന്നല്ലോ, നല്ല കാര്യം. എല്ലാവരും കൂട്ടത്തോടെ വന്നാല്‍ മാത്രമേ അവരെ അംഗീകരിക്കൂ എന്ന് പറയുന്നത് പ്രയാസമാണ്. എല്ലാവര്‍ക്കും വരാമായിരുന്നു എന്നത് ശരിയാണ്. അതിജീവിതയ്ക്ക് ശക്തി കൊടുക്കാന്‍ ഡബ്ല്യൂസിസി വലിയൊരു കാരണമാണ്. ഇന്നും തെറ്റുകള്‍ കാണുമ്പോള്‍ അവര്‍ പ്രതികരിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ മാത്രമാണ് പ്രതികരിക്കുന്നതെന്ന് പറഞ്ഞിട്ട് കാര്യമില്ല. സോഷ്യല്‍ മീഡിയ വളരെ ശക്തമായ ഒരു പ്ലാറ്റ്‌ഫോം ആണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടണം. അതില്‍ എന്താണെന്ന് അറിയാന്‍ എനിക്ക് താല്‍പ്പര്യമുണ്ട്.

Story Highlights; Ranjini Haridas on actress attack case

Next Story