'വിരാട് കോഹ്‌ലിയുടെ ബയോപിക്കിൽ അഭിനയിക്കാൻ ആഗ്രഹം'; രാം ചരൺ
ആർആർആറിന്റെ വൻ വിജയത്തിന് ശേഷം ലോകമെമ്പാടും അംഗീകാരം ലഭിച്ച നടനാണ് രാം ചരൺ
18 March 2023 10:40 AM GMT
ഫിൽമി റിപ്പോർട്ടർ

ഭാവിയിൽ താൻ ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു വേഷത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഒരു സ്പോർട്സ് പ്രമേയമുള്ള സിനിമയിൽ അഭിനയിക്കാൻ താൽപര്യമുണ്ടെന്ന് നടൻ രാം ചരൺ. വിരാട് കോഹ്‌ലിയുടെ വേഷം ചെയ്യാൻ അവസരം ലഭിച്ചാൽ സന്തോഷത്തോടെ ചെയ്യുമെന്നും നടൻ പറഞ്ഞു. ഇന്ത്യാ ടുഡേ കോൺക്ലേവിൽ നടന്ന റാപ്പിഡ് ഫയർ റൗണ്ടിൽ ചോദിച്ച രസകരമായ ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ നൽകുകയായിരുന്നു അദ്ദേഹം.
പ്രശസ്ത ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയെ ഒരു സിനിമയിൽ ആവിഷ്കരിക്കാൻ താൽപ്പര്യമുണ്ടോ എന്ന് അവതാരകൻ രാം ചരണിനോട് ചോദിച്ചു. കോഹ്‌ലി ഒരു ഇൻസ്പിറേഷൻ ആയതുകൊണ്ട് തന്നെ ആ വേഷം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരു അവസരം ലഭിച്ചാൽ, അത് വളരെ സന്തോഷം തരും', രാം ചരൺ മറുപടി പറഞ്ഞു.
ആർആർആറിന്റെ വൻ വിജയത്തിന് ശേഷം ലോകമെമ്പാടും അംഗീകാരം ലഭിച്ച നടനാണ് രാം ചരൺ. ഇപ്പോൾ മികച്ച ഒറിജിനൽ ഗാനത്തിനുള്ള അക്കാഡമി അവാർഡ് നേടി ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയിരിക്കുകയാണ് ആർആർആർ ടീം. എസ് എസ് രാജമൗലി ആണ് ചിത്രം സംവിധാനം ചെയ്തത്. ചന്ദ്രബോസ് രചിച്ച് എംഎം കീരവാണി സംഗീതം നൽകിയ 'നാട്ടു നാട്ടു' എന്ന ഗാനത്തിന് ഗോൾഡൻ ഗ്ലോബ്സ് 2023 ഉൾപ്പെടെ നിരവധി ബഹുമതികൾ ലഭിച്ചിരുന്നു.
STORY HIGHLIGHTS: Ram Charan expresses his wish to play Virat Kohli in a biopic