Top

'വ്യാജ ഇമേജ് സൃഷ്ടിക്കാനുള്ള ശ്രമം'; നിര്‍മ്മാതാവിനെയല്ല സിനിമയെ ആണ് വിലയിരുത്തേണ്ടതെന്ന് പ്രിയനന്ദനന്‍

'കുറ്റവാളികൾ ആണോ കൊള്ളക്കാരാണോ എന്നൊക്കെ വിധികർത്താക്കൾ എന്തിന് നോക്കണം. കലാമൂല്യം മാത്രം നോക്കിയാൽ മതി'

28 May 2022 1:06 PM GMT
ഫിൽമി റിപ്പോർട്ടർ

വ്യാജ ഇമേജ് സൃഷ്ടിക്കാനുള്ള ശ്രമം; നിര്‍മ്മാതാവിനെയല്ല സിനിമയെ ആണ് വിലയിരുത്തേണ്ടതെന്ന് പ്രിയനന്ദനന്‍
X

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ വിവാദങ്ങൾ കടുക്കുകയാണ്. 'ഹോം' എന്ന സിനിമ ജൂറി കണ്ടിട്ടുണ്ടാവില്ല, അത് കാരണമാകാം സിനിമയ്ക്ക് പുരസ്‌കാരം ലഭിക്കാതിരുന്നത് എന്ന് ഇന്ദ്രൻസ് പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ നടന്റെ വാക്കുകളെ പിന്തുണച്ചിരിക്കുകയാണ് സംവിധായകൻ പ്രിയനന്ദനൻ.

'ഇന്ദ്രൻസേട്ടൻ പറഞ്ഞതിൽ കാര്യമുണ്ട്. ഒരു ആൾ കുറ്റം ചെയ്തിട്ടുണ്ട് എന്ന കാരണം പറഞ്ഞ് ആ കുടുംബത്തിലുള്ളവരെ ഒഴിവാക്കുകയല്ല വേണ്ടത്. കുറ്റവാളികൾ ആണോ കൊള്ളക്കാരാണോ എന്നൊക്കെ വിധികർത്താക്കൾ എന്തിന് നോക്കണം. കലാമൂല്യം മാത്രം നോക്കിയാൽ മതി. ആ സിനിമ എന്ത് പറയുന്നു എന്ന് മാത്രം നോക്കിയാൽ മതി. അതിന്റെ പുറത്ത് എന്റെ ഇമേജ് പോകുമോ എന്ന് ചിന്തിക്കുന്നവർ വ്യാജ ഇമേജ് സൃഷ്ടിക്കാൻ ശ്രമിക്കുന്നവരാണ്. ഒരു സിനിമയ്ക്ക് മുതൽ മുടക്കുന്നയാൾ ഏത് തരത്തിലുള്ള വ്യക്തിയാണ് എന്ന് അതിന്റെ സംവിധായകന് അറിയേണ്ട ആവശ്യമില്ലല്ലോ. അത് മാറ്റിവെക്കുക എന്നത് തെറ്റാണ്', പ്രിയനന്ദനൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

തന്റെ സിനിമയായ 'ധബാരി കുരുവി'യെ മനപ്പൂർവം അന്തിമ പട്ടികയിൽ നിന്നും ഒഴിവാക്കിയെന്നും പ്രിയനന്ദനൻ പറയുന്നു. 'ഓരോ ജൂറിക്കും ഓരോ തീരുമാനങ്ങളാണ്. അതിനെ നമ്മൾ മാനിക്കാറാണ് പതിവ്. സംസ്ഥാന അവാർഡ് ലഭിക്കാത്ത എന്റെ പല സിനിമകൾക്കും ദേശീയ പുരസ്‌കാരം ലഭിച്ച ചരിത്രമുണ്ട്. പക്ഷെ ഇത് അതല്ല, ഞാൻ ചെയ്ത ധബാരി കുരുവി എന്ന സിനിമ അടിസ്ഥാന വർഗത്തിനും താഴെയുള്ള ഗോത്ര വർഗക്കാരെകുറിച്ചാണ്. അത് ലോകത്തിൽ തന്നെ ആദ്യമായി ആദിവാസി സമൂഹം മാത്രം അഭിനയിച്ച സിനിമയാണ്. അത്ഭുതകരമായ പ്രകടനങ്ങളാണ് അതിൽ അഭിനയിച്ച പെൺകുട്ടികൾ കാഴ്ചവെച്ചത്. എന്തുകൊണ്ടാണ് ഒരു തരത്തിലുമുള്ള പരാമർശം സിനിമയ്ക്ക് ലഭിക്കാതിരുന്നത് എന്നതിനെക്കുറിച്ച് എന്റെ അന്വേഷണത്തിൽ ആദ്യ റൗണ്ടിൽ എന്റെ സിനിമ തെരഞ്ഞെടുക്കപ്പെട്ടിരുന്നു എന്ന് അറിയാൻ സാധിച്ചു. ഞാൻ വിവരാവകാശ പ്രകാരം ചോദിച്ചപ്പോൾ ഉറപ്പായും ചിത്രം പട്ടികയിൽ കൊടുത്തിരുന്നു എന്നാണ് മറുപടി ലഭിച്ചത്. എന്നാൽ അന്തിമ ജൂറിക്ക് ചിത്രം ലഭിച്ചിട്ടില്ല എന്നാണ് പറയുന്നത്. അന്തിമ ജൂറിയുടെ മുന്നിൽ എന്തുകൊണ്ട് ഈ സിനിമ വന്നില്ല? അത് എവിടെ മുങ്ങി പോയി എന്ന് എനിക്ക് അറിയണം', പ്രിയനന്ദനൻ പറഞ്ഞു.

'ഒന്നാം സമ്മാനം കിട്ടിയ സിനിമയോ രണ്ടാം സമ്മാനം കിട്ടിയ സിനിമ മൂന്നാം സമ്മാനം കിട്ടിയ സിനിമയോ മോശമാണ് എന്നോ അവ എന്റെ സിനിമയേക്കാൾ നിലവാരത്തിൽ താഴെയാണ് എന്നോ എന്നല്ല ഞാൻ പറയുന്നത്. പക്ഷെ ആദ്യ പട്ടികയിൽ തെരഞ്ഞെടുക്കപെട്ട സിനിമ എന്തുകൊണ്ട് അന്തിമ പട്ടികയിൽ എത്താതിരുന്നത്. അതിനുള്ള ജൂറി അംഗങ്ങളുടെ ഓഡിയോ തെളിവുകൾ എന്റെ പക്കലുണ്ട്. ഇതിനിടയിൽ എങ്ങനെയാണ് ഈ സിനിമ മാറ്റിയത്? ആരാണ് അതിന് താൽപര്യം പ്രകടിപ്പിച്ചത്? അതിനെതിരെ അന്വേഷണം വേണം. ഈ സിനിമ ഗോത്ര വർഗക്കാരെ കുറിച്ചാണ് പറയുന്നത്. ഇത് അവരെ തള്ളി കളയുന്നതിന് തുല്യമാണ്', അദ്ദേഹം വ്യക്തമാക്കി.

story highlights: priyanandhanan says that a movie should not be evaluated by the producer

Next Story