'മമ്മൂക്കയും ലാലേട്ടനും സമ്മതിച്ചില്ലെങ്കിൽ കോരുത് മാപ്പിളയാകാൻ ഞാൻ തന്നെ നരയിട്ട് ഇറങ്ങും'; 'കടുവ' വിജയാഘോഷത്തിൽ പൃഥ്വി
'മാജിക് ഫ്രെയിംസിന്റെയും പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും ചരിത്രത്തിൽ ഏറ്റവും ലാഭം കിട്ടിയ സിനിമയാണ് കടുവ'
28 Nov 2022 6:17 AM GMT
ഫിൽമി റിപ്പോർട്ടർ

പൃഥ്വിരാജ് ചിത്രം കടുവ'യുടെ റിലീസിന് ശേഷം ഏറെ കയ്യടി നേടിയ കഥാപാത്രമാണ് കോരുത് മാപ്പിള. ഒരു രംഗത്തിൽ പോലും പ്രത്യക്ഷപ്പെടാതെ മറ്റ് കഥാപാത്രങ്ങളുടെ വാക്കുകളിലൂടെ മാത്രം കഥാപാത്രത്തിന് വലിയ ഹൈപ്പാണ് ലഭിച്ചത്. ഇപ്പോഴിതാ കോരുത് മാപ്പിളയുടെ കഥ സിനിമയാക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് പറയുകയാണ് പൃഥ്വി.
മോഹൻലാലോ മമ്മൂട്ടിയോ സുരേഷ് ഗോപിയോ ആ കഥാപാത്രം ചെയ്യണം എന്നാണ് തന്റെ ആഗ്രഹം. അവർ സമ്മതിക്കാത്തപക്ഷം താൻ തന്നെ നരയിട്ട് ഇറങ്ങുമെന്നാണ് പൃഥ്വിരാജ് പറഞ്ഞത്. കടുവയുടെ വിജയാഘോഷവേളയിലാണ് നടന്റെ രസകരമായ പ്രതികരണം.
മാജിക് ഫ്രെയിംസിന്റെയും പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും ചരിത്രത്തിൽ ഏറ്റവും കൂടുതൽ ലാഭം കിട്ടിയ സിനിമയാണ് കടുവ എന്നും നടൻ പറഞ്ഞു. 2017ലാണ് തിരക്കഥാകൃത്ത് ജിനു വി എബ്രഹാം തന്നോട് ഈ കഥ പറയുന്നത്. മാസ് കൊമേഴ്സ്യൽ ബിഗ് സ്കെയ്ൽ എന്റർടെയ്നേഴ്സ് എന്ന് വിശേഷിപ്പിക്കപെടുന്ന സിനിമകൾ ഇല്ലാത്ത കാലമായിരുന്നു അത്. അത്തരമൊരു സിനിമ ചെയ്യുകയാണെങ്കിൽ അത് വർക്ക് ആകും എന്ന പൂർണബോധ്യത്തോടെ മാത്രമായിരിക്കും എന്ന് താൻ തീരുമാനിച്ചിരുന്നു എന്ന് പൃഥ്വിരാജ് പറഞ്ഞു.
ആ ശ്രേണിയിൽ കേട്ടതിൽ ഏറ്റവും ഇഷ്ടപ്പെട്ട കഥയായിരുന്നു കടുവയുടേത്. ഈ ചിത്രം ഒരു കുറവുമില്ലാതെ മികച്ച രീതിയിലാകും അവതരിപ്പിക്കുക എന്ന് തീരുമാനിച്ചിരുന്നു. അങ്ങനെയാണ് ഷാജി കൈലാസിനെ വിളിക്കുന്നത്. അദ്ദേഹം കുറച്ചു നാളത്തെ ഇടവേള എടുത്ത് നിൽക്കുന്ന സമയമായിരുന്നു അത്. അദ്ദേഹം സംവിധാനം ചെയ്തു എന്നതാണ് കടുവയ്ക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരം എന്നും നടൻ കൂട്ടിച്ചേർത്തു.
story highlights: prithviraj talks about sequel in kaduva success meet