സ്ക്വിഡ് ഗെയിം അസ്വസ്ഥമാക്കുന്നത് ആരെയൊക്കെ?; തിയറികളില്‍ മുറുകി കൊറിയന്‍ പോര്
18 Oct 2021 12:17 PM GMT
അനുപമ ശ്രീദേവി

നെറ്റ്ഫ്ലിക്സ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്ന പ്രമുഖ ഡ്രാമ സീരീസ് സ്ക്വിഡ് ഗെയിം ലോകത്ത് വീണ്ടും രണ്ടാം കൊറിയന്‍ തരംഗം തീര്‍ത്തിരിക്കുകയാണ്. ബിടിഎസിലൂടെ അതിർത്തികള്‍ ഭേദിച്ച ഈ തരംഗം പക്ഷേ രണ്ടാം വരവില്‍ വിനോദ വ്യാവസായത്തിനപ്പുറം പുതിയ മാനങ്ങളിലേക്ക് കടന്നു കഴിഞ്ഞു. കൊറിയന്‍ ജീവിതത്തെയും സാമ്പത്തികാവസ്ഥയെയും ഭരണ വ്യവസ്ഥയെയും ഇഴകീറി പരിശോധിച്ചുള്ള സ്ക്വിഡ് ഗെയിം ചര്‍ച്ചകള്‍ ഇപ്പോള്‍ സൗത്ത് കൊറിയ - നോര്‍ത്ത് കൊറിയ പോരിലേക്കാണ് എത്തിനില്‍ക്കുന്നത്.
കൊറിയന്‍ സംസ്കാരത്തോട് വളരെ അടുത്തു നില്‍ക്കുന്നതാണ് സ്ക്വിഡ് ഗെയിമിന്റെ പരിസരം. കൊറിയയിലെ കുട്ടികളുടെ പരമ്പരാകതമായ കളികളാണ് സ്ക്വിഡ് ഗെയിമിലെ മരണക്കെണികള്‍. റെഡ് ലൈറ്റ്, ഗ്രീന്‍ ലൈറ്റില്‍ തുടങ്ങി ഏറെ പ്രസിദ്ധമായ സ്ക്വിഡ് ഗെയിംവരെ ഇന്നും കുട്ടികള്‍ക്കിടയില്‍ കളിച്ചുവരുന്നതാണ്.
ഗെയിമില്‍ മത്സരാര്‍ത്ഥികളുടെ വേഷമായ നീല ട്രാക്സ്യൂട്ട് കൊറിയയിലെ സ്കൂള്‍ കുട്ടികള്‍ കായിക മത്സരങ്ങളില്‍ ഉപയോഗിക്കുന്ന വേഷവുമായി സാമ്യമുള്ളതാണ്.
പിങ്ക് ജംപ്സ്യൂട്ടിലുള്ളവര് നിയമവ്യവസ്ഥയെ പരിപാലിക്കുന്ന വിവിധ തട്ടിലുള്ളവരാണ്. മുഖം മൂടിയില്‍ വൃത്താകൃതിയില്‍ അടയാളമുള്ളവർ ഏറ്റവും താഴെ, അതിന് മുകളില്‍ ത്രികോണാകൃതിയില്‍, അതിന് മുകളില്‍ ശബ്ദിക്കാനാകുന്ന ചതുരാകൃതിയില്‍ മുഖം മൂടിയുള്ളവർ. അവർക്ക് നിർദേശങ്ങള്‍ നല്കുന്ന അതിഥികള്‍ക്കായി കാത്തിരിക്കുന്ന ഹോസ്റ്റ് അഥവാ ഫ്രണ്ട് മാന്‍ ഭരണ കൂടത്തെ പ്രതിനിധാനം ചെയ്യുന്ന കറുത്ത മുഖം മൂടിയുള്ളയാള്. ഒരു വ്യഖ്യാനത്തില്‍ കിം ജോങ്-ഉന്നിന്റെ സ്ഥിരം കറുപ്പുവേഷം ഇതുമായി ചേര്‍ത്ത് വായിക്കപ്പെടുന്നു.
ദാരിദ്രവും കടബാധ്യതയും മുന്നോട്ടുപോകാനാവാത്ത വിധം ജീവിതം വഴിമുട്ടിച്ച, അവസാന സമ്പാദ്യവും വാതുവെച്ച് ഭാഗ്യം പരീക്ഷിക്കുന്ന, നിരന്തരം പരാജയപ്പെടുന്ന ഒരു വിഭാഗത്തിന്റെ മരണക്കളിയായ സ്ക്വിഡ് ഗെയ്മിനെ ചുറ്റിപ്പറ്റി അനേകം തിയറികള്‍ ഇതിനകം പുറത്തുവരുന്നുണ്ട്.
പണത്തിനായി അടിമകളായി മത്സരിച്ചുജീവിക്കുന്ന സൗത്ത് കൗറിയന് ജനതയുടെ ആവിഷ്കാരമാണ് ചിത്രമെന്നാണ് നോര്‍ത്ത് കൊറിയയുടെ വ്യാഖ്യാനം. തങ്ങളുമായുള്ള താരതമ്യത്തില്‍ സമ്പന്നമെന്ന് അവകാശപ്പെടുമ്പോഴും നിരാശരും അതൃപ്തരുമാണ് സൗത്ത് കൊറിയന്‍ ജനതയുടെ ജീവിതമെന്നും സൗത്ത് കൊറിയന്‍ പശ്ചാത്തലത്തില്‍ സൃഷ്ടിക്കപ്പെട്ട സീരിസിനെ ചൂണ്ടിക്കാട്ടി നോര്‍ത്ത് കൊറിയ അവകാശപ്പെടുന്നു. സീരീസിലെ പാര്‍ക്ക് ഹേ-സൂ അവതരിപ്പിച്ച ചോ സാങ്-വൂ എന്ന പ്ലോട്ട് ഈ തിയറിയുമായി സാമ്യമുള്ളതാണ്.
മിടുക്കനായ വിദ്യാര്‍ത്ഥിയായിരുന്ന സിയോള്‍ നാഷണല്‍ യൂണിവേഴ്സിറ്റിയില്‍ പഠിച്ചയാളാണ് ചോ സാങ്-വൂ. എന്നാല്‍ തന്റെ ക്ലയന്റുകളില്‍ നിന്ന് പണം മോഷ്ടിച്ചതിന് പോലീസ് അന്വേഷിക്കുന്ന ഇയാള്‍ കോടിക്കണക്കിന് രൂപയുടെ കടബാധ്യതയില്പ്പെട്ടാണ് ഗെയിമിനെത്തിയിരിക്കുന്നത്.
പാകിസ്ഥാനില്‍ നിന്ന് അതിജീവനം തേടിയെത്തിയ അലി നേരിടുന്ന ചൂഷണങ്ങളും ഈ തിയറിക്കൊപ്പം കഥാപശ്ചാത്തലത്തിലെ സൗത്ത് കൊറിയന്‍ മുഖത്തെ വെളിവാക്കുന്നതാണ്.
അതേസമയം, സ്ക്വിഡ് ഗെയിം ചര്‍ച്ച ചെയ്യുന്ന ദാരിദ്രവും തടവിലാക്കപ്പെട്ട ജനതയുടെ ജീവിതവും നോര്‍ത്ത് കൊറിയയുടെ കഥയാണെന്ന വാദവും മുന്നോട്ടുവെയ്ക്കപ്പെടുന്നുണ്ട്. ഉദാഹരണത്തിന രാജ്യത്ത് നിന്ന് പുറക്കു കടക്കാന്‍ ശ്രമിക്കുന്നവരെ വെടിവെച്ച് കൊലപ്പെടുത്തുന്ന നോര്‍ത്ത് കൊറിയയുടെ ചരിത്രം. ഭരണകൂടത്തെ വെല്ലുവിളിക്കാനുള്ള ഒരോ നീക്കത്തിലും തടവറകളിലാക്കപ്പെടുന്ന പൗരന്മാര്. നോര്‍ത്ത് കൊറിയയെന്ന തടവറെയാണ് സ്ക്വിഡ് ഗെയിം ലക്ഷ്യം വയ്ക്കുന്ത് എന്ന വാദത്തിന് മുന്നോട്ടുവെയ്ക്കപ്പെടുന്ന വാദമാണിത്.
ലോകം കൊവിഡിനെ നേരിടാന്‍ പൊരുതുമ്പോള്‍ കിം ജോങ്-ഉൻ നടത്തിയ ആണവായുധ എക്സിബിഷനും സെെനികരുടെ പ്രകടനത്തിന് കയ്യടിക്കുന്ന സെെനിക ഉദ്യോഗ സംഘത്തിന്റെ ചിത്രവും സീരീസിലെ ചില രംഗങ്ങളുമായുള്ള സാമ്യം അവഗണിക്കാവുന്നതല്ല.
ചുരുക്കത്തില്‍ ഇരു രാജ്യങ്ങളുടെയും സാമ്പത്തിക, ഭരണ വ്യവസ്ഥകളെ പശ്ചാത്തലമാക്കുന്ന സ്ക്വഡ് ഗെയിം ഇരു രാജ്യങ്ങളെയും അസ്വസ്ഥമാക്കുന്നതാണ്. സീരിസിലെ സൗത്ത് കൊറിയന്‍ താരം ഹോയോണ്‍ ജുംഗ് അവതരിപ്പിച്ച കാങ് സേ-ബിയോക്ക് എന്ന കഥാപാത്രം പലായനത്തെക്കുറിച്ചും ഇരു രാജ്യങ്ങളെക്കുറിച്ചും പരാമർശിക്കുന്ന രംഗമാണ് ഇതിന് ഉദാഹരണം.
പതിവ് കൊറിയന്‍ ഡ്രാമകളുടെ ചേരുവകളും താരങ്ങളുടെ അതിപ്രസരവുമുള്ള സീരീസ് പുതിയതായി ഒന്നും നല്‍കുന്നില്ല എന്ന വാദം നിലനില്‍ക്കുമ്പോഴും ഈ ചോരക്കളിയെ കുറിച്ചുള്ള തിയറികള്‍ ലോകമെമ്പാടും പുതിയ ചർച്ചകള്‍ക്ക് തിരികൊടുത്തു കഴിഞ്ഞിട്ടുണ്ട്.