Top

'നമ്പി നാരായണൻ രാജ്യത്തിൻ്റെ സ്വത്താണ്'; 'റോക്കട്രി' മനസ്സിനെ പിടിച്ചുലച്ച ചിത്രമെന്ന് കെ ടി ജലീൽ

യുഡിഎഫ് രാഷ്ട്രീയത്തിലെ കുടിപ്പക തീർത്ത കെ കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് തെറിപ്പിച്ച് എ കെ ആൻ്റെണിയെ വാഴിക്കാൻ പാർട്ടിയിലെ എതിർ ഗ്രൂപ്പുകാർ 'ബാഹ്യ പ്രേരണയാൽ' കെട്ടിച്ചമച്ച ചാരക്കഥയുടെ ബലിയാടാണ് നമ്പി നാരായണൻ. അദ്ദേഹം രാജ്യദ്രോഹിയായി മുദ്രകുത്തപ്പെട്ടത് ചരിത്രം

6 July 2022 10:18 AM GMT
ഫിൽമി റിപ്പോർട്ടർ

നമ്പി നാരായണൻ രാജ്യത്തിൻ്റെ സ്വത്താണ്; റോക്കട്രി മനസ്സിനെ പിടിച്ചുലച്ച ചിത്രമെന്ന് കെ ടി ജലീൽ
X

ആർ മാധവൻ നായകനായി എത്തിയ'റോക്കട്രി'യെ പ്രശംസിച്ച് കെ ടി ജലീൽ. രാജ്യത്തിന് വേണ്ടി ജീവിച്ച കച്ചവട താൽപര്യങ്ങളില്ലാത്ത നിഷ്കളങ്കർക്ക് സംഭവിച്ചേക്കാവുന്ന ദുരന്തങ്ങളുടെ പ്രതീകമാണ് നമ്പി നാരായണൻ എന്നും ചിത്രം മനസ്സിനെ പിടിച്ചുലച്ചു എന്നും കെ ടി ജലീൽ ഫേസ്ബുക്കിലൂടെ കുറിച്ചു. 'റോക്കട്രി' എന്ന ചിത്രം പ്രേക്ഷകർക്ക് സമ്മാനിച്ച ആർ മാധവനെയും അദ്ദേഹത്തിന്റെ അഭിനയത്തേയും കെ ടി ജലീൽ പ്രത്യേകം അഭിനന്ദിച്ചു.

യുഡിഎഫ് രാഷ്ട്രീയത്തിലെ കുടിപ്പക തീർത്ത കെ കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് തെറിപ്പിച്ച് എ കെ ആൻ്റെണിയെ വാഴിക്കാൻ പാർട്ടിയിലെ എതിർ ഗ്രൂപ്പുകാർ 'ബാഹ്യ പ്രേരണയാൽ' കെട്ടിച്ചമച്ച ചാരക്കഥയുടെ ബലിയാടാണ് നമ്പി നാരായണൻ. അദ്ദേഹം രാജ്യദ്രോഹിയായി മുദ്രകുത്തപ്പെട്ടത് ചരിത്രം. തുടർന്ന് ഒന്നുമറിയാത്ത അദ്ദേഹത്തിൻ്റെ കുടുംബം സമൂലമായി ബഹിഷ്കരിക്കപ്പെട്ടു. മക്കൾ തെരുവിൽ കല്ലെറിയപ്പെട്ടു. 'റോക്കട്രി' കെട്ടിക്കൂട്ട് കഥയല്ല. ഒരു വിളിപ്പാടകലെ മാത്രമുള്ള കാലയളവിൽ നിസ്വാർത്ഥനായ ഏകാന്തപഥികൻ നേരിട്ട നഗ്നമായ അനീതിയുടെ പച്ചയായ അനുഭവങ്ങളുടെ ചലചിത്ര രൂപമാണ് സിനിമയെന്നും കെ ടി ജലീൽ അഭിപ്രായപ്പെട്ടു.

കെ ടി ജലീലിന്റെ ഫേസ്ബുക് കുറിപ്പ്

'റോക്കട്രി" എന്ന സിനിമ കണ്ടു. മനസ്സിനെ പിടിച്ചുലച്ച ഒരുപാട് മുഹൂർത്തങ്ങൾ കോർത്തിണക്കിയാണ് നമ്പി നാരായണനെന്ന ശാസ്ത്രജ്ഞൻ്റെ ജീവിതത്തെ മുൻനിർത്തി ചലചിത്രം ആവിഷ്കരിച്ചിരിക്കുന്നത്. എൺപതിൽ എത്തിനിൽക്കുന്ന നമ്പി നാരായണൻ രാജ്യത്തിൻ്റെ സ്വത്താണ്. നാസയിൽ നിന്നുള്ള അമൂല്യമായ വാഗ്ദാനം പിച്ചളപ്പിന്ന് പോലെ വലിച്ചെറിഞ്ഞ്, മൂന്നാം ലോക രാജ്യങ്ങളുടെ നെറുകയിൽ നിൽക്കുന്ന പിറന്ന ദേശത്തെ, ആകാശ ജ്ഞാനത്തിൻ്റെ ഉച്ചിയിലെത്തിക്കാൻ മുന്നിട്ടിറങ്ങിയ ഒരു യുവ ശാസ്ത്രജ്ഞൻ ഐഎസ്ആർഒയിൽ ജീവിതം ഹോമിച്ചതിൻ്റെ കണ്ണീർക്കഥയാണ് "റോക്കട്രി". ഒൻപത് ഭാഷകളിലാണ് ഒരേ സമയം സിനിമ നിർമ്മിക്കപ്പെട്ടിരിക്കുന്നത്.

രാജ്യത്തിന് വേണ്ടി ജീവിച്ച കച്ചവട താൽപര്യങ്ങളില്ലാത്ത നിഷ്കളങ്കർക്ക് സംഭവിച്ചേക്കാവുന്ന ദുരന്തങ്ങളുടെ പ്രതീകമാണ് നമ്പി നാരായണൻ. നമ്മുടെ നാടും സമൂഹവും മാധ്യമങ്ങളും വൈകിയെങ്കിലും ആ നിഷ്കാമ കർമ്മിയുടെ കാലിൽ വീണ് മാപ്പിരക്കണം. പ്രജേഷ് സെൻ തയ്യാറാക്കിയ നമ്പി നാരായണൻ്റെ 'ഓർമ്മകളുടെ ഭ്രമണപഥമെന്ന' ജീവചരിത്രത്തെ ആസ്പദിച്ച് തമിഴ് സിനിമാ നടൻ ആർ മാധവൻ എഴുതി സംവിധാനം ചെയ്ത മികവുറ്റ സിനിമയാണ് 'റോക്കട്രി'. ഇതിവൃത്തം ജീവൽ സ്പർശിയാകുമ്പോൾ ചലചിത്രം മനോഹരമാവുക സ്വാഭാവികം. പ്രേക്ഷക മനസ്സുകളെ പിടിച്ചുലക്കാനും അവരുടെ കണ്ണുകളെ ഈറനണിയിക്കാനും പര്യാപ്തമായ കലാ സൃഷ്ടിയാണ് മാധവൻ്റെ സിനിമ. സംവിധായകൻ തന്നെയാണ് അഭ്രപാളിയിൽ നമ്പി നാരായണനെ ജീവസ്സുറ്റതാക്കിയിരിക്കുന്നത്.

യൂഡിഎഫ് രാഷ്ട്രീയത്തിലെ കുടിപ്പക തീർത്ത് കെ കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് തെറിപ്പിച്ച് എ കെ ആൻ്റെണിയെ വാഴിക്കാൻ പാർട്ടിയിലെ എതിർ ഗ്രൂപ്പുകാർ 'ബാഹ്യ പ്രേരണയാൽ' കെട്ടിച്ചമച്ച ചാരക്കഥയുടെ ബലിയാടാണ് നമ്പി നാരായണൻ. അദ്ദേഹം രാജ്യദ്രോഹിയായി മുദ്രകുത്തപ്പെട്ടത് ചരിത്രം. തുടർന്ന് ഒന്നുമറിയാത്ത അദ്ദേഹത്തിൻ്റെ കുടുംബം സമൂലമായി ബഹിഷ്കരിക്കപ്പെട്ടു. മക്കൾ തെരുവിൽ കല്ലെറിയപ്പെട്ടു. ക്ഷേത്രത്തിലെ കർപ്പൂരത്തട്ടിലെ പ്രകാശ നാളം പോലും നമ്പി നാരായണനു മുന്നിൽ ക്രൂരമായി അണക്കപ്പെട്ടു. ജയിലഴിക്കുള്ളിൽ അസത്യം സത്യമാണെന്ന് സമ്മതിക്കാൻ എണ്ണമറ്റ ഭേദ്യങ്ങൾ.

അന്വേഷണോദ്യോഗസ്ഥരായ സാത്താൻമാർക്കിടയിൽ മാലാഖയുടെ മുഖമുള്ളവർ പകലിനെ പകലായി തിരിച്ചറിഞ്ഞപ്പോൾ, ചീട്ടുകൊട്ടാരം പോലെ മാധ്യമപ്പടയും കപട രാജ്യസ്നേഹികളും കെട്ടിപ്പൊക്കിയ ചാരക്കഥ ഒരു പിടി ചാമ്പലായി മാറി. ഒറ്റപ്പെടൽ തീർത്ത വ്യഥ സഹിക്കാവുന്നതിലും അപ്പുറമെന്ന നമ്പി നാരായണൻ്റെ നേർ സാക്ഷ്യം. എന്തിനെക്കാളും വലുതാണ് അഭിമാനമെന്ന് തിരിച്ചറിഞ്ഞ നമ്പി, നിയമ പോരാട്ടത്തിന് രണ്ടും കൽപ്പിച്ചിറങ്ങി. വർഷങ്ങൾ നീണ്ട നിയമ യുദ്ധം. അവസാനം സുപ്രീം കോടതിയുടെ ക്ലീൻ ചിട്ട്. വിധി വരുന്ന ദിവസത്തിൻ്റെ ആദ്യപാതിയിൽ പോലും അദ്ദേഹം സഹിച്ച അവഹേളനം. ദുരിത പർവ്വങ്ങൾക്കൊടുവിൽ നീതിയുടെ സുര്യോദയം.

കുടുക്കാൻ ശ്രമിച്ച പോലീസ് മേധാവികളും ഐ.ബിയിലെ ഉദ്യോഗസ്ഥരും കാലം തമസ്കരിച്ച് മറവിയുടെ കയത്തിൽ വിശ്രമിക്കുമ്പോൾ കാവ്യനീതിയുടെ പുലർച്ച പോലെ തന്നെത്തേടിയെത്തിയ രാജ്യത്തെ മൂന്നാമത്തെ ബഹുമതിയായ പത്മ വിഭൂഷൺ, ഇന്ത്യൻ പ്രസിഡണ്ടിൻ്റെ കയ്യിൽ നിന്ന് ഏറ്റു വാങ്ങുന്നതോടെ സിനിമക്ക് തിരശ്ശീല വീഴുന്നു. അപമാനിച്ച് അവഹേളിച്ചവർ ഒടുവിൽ സത്യമെന്ന നമ്പി നാരായണനു മുന്നിൽ തൊഴുകയ്യോടെ നിൽക്കുന്നത് കണ്ടപ്പോൾ സിരകളിൽ ആവേശം കത്തിപ്പടർന്നു. 'റോക്കട്രി' കെട്ടിക്കൂട്ട് കഥയല്ല. ഒരു വിളിപ്പാടകലെ മാത്രമുള്ള കാലയളവിൽ നിസ്വാർത്ഥനായ ഏകാന്തപഥികൻ നേരിട്ട നഗ്നമായ അനീതിയുടെ പച്ചയായ അനുഭവങ്ങളുടെ ചലചിത്ര രൂപമാണ്.

യാഥാർത്ഥ്യത്തിൻ്റെ തരിമ്പ് പോലുമില്ലാത്ത അവാസ്തവങ്ങൾ എഴുന്നള്ളിപ്പിച്ച് ഉദ്യോഗ രംഗത്തും ഭരണ നിർവ്വഹണ മേഖലയിലും എതിരാളികളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവർക്കുള്ള കനത്ത താക്കീതു കൂടിയാണ് നമ്പി നാരായണൻ്റെ ജീവിതം. മുഖം പോലെ തെളിഞ്ഞ് നിൽക്കുന്ന മനസ്സിൻ്റെ ഉടമസ്ഥാ, അങ്ങയെ ചെളി വാരിയെറിഞ്ഞ് നിഷ്കാസിതമാക്കാൻ ശ്രമിച്ചവരോട് പൊറുക്കുക. ഒരു അഭിമുഖത്തിനിടയിലെ ഫ്ലാഷ് ബാക്കിലൂടെയാണ് ആവിയായിപ്പോയ പ്രമാദ ഐഎസ്ആർഒ ചാരക്കേസിൻ്റെ ഓരോ ചുരുളും സംവിധായകൻ അഴിക്കുന്നത്. സിനിമയുടെ പിറവിക്കായ് അഹോരാത്രം പ്രയത്നിച്ച എല്ലാ കലാകാരൻമാരെയും സാങ്കേതിക വിദഗ്ധരേയും പിന്നണി പ്രവർത്തകരെയും അഭിനന്ദികുന്നു.

Story highlights: 'Nambi Narayanan is the Asset of the nation'; KT Jaleel says that 'Rocketry' is a film that captured the mind

Next Story