Top

സുനിത വില്യംസിനെ സന്ദർശിച്ച് മാധവനും നമ്പി നാരായണനും

ടെക്സാസിലെ സ്റ്റാഫോര്‍ഡ് മേയര്‍ സെസിൽ വില്ലിസ് ജൂൺ മൂന്ന് നമ്പി ദേശീയ ദിനമായി പ്രഖ്യാപിച്ചിരുന്നു.

9 Jun 2022 3:19 PM GMT
ജോയേല്‍ സ്റ്റാലിന്‍

സുനിത വില്യംസിനെ സന്ദർശിച്ച് മാധവനും നമ്പി നാരായണനും
X

ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിതം പറയുന്ന 'റോക്കട്രി ദി നമ്പി എഫക്റ്റ്' റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസിനെ സന്ദര്‍ശിച്ച് ആര്‍ മാധവനും നമ്പി നാരായണനും. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി യുഎസിൽ എത്തിയപ്പോൾ ആണ് ഇരുവരും സുനിത വില്യംസിനെ സന്ദർശിച്ചത്. സുനിത വില്യംസും നമ്പി നാരായണനും മാധവനും ഒന്നിച്ച് നിൽക്കുന്ന ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്.

കഴിഞ്ഞ ദിവസം ടെക്സാസിലെ സ്റ്റാഫോര്‍ഡ് മേയര്‍ സെസിൽ വില്ലിസ് ജൂൺ മൂന്ന് നമ്പി ദേശീയ ദിനമായി പ്രഖ്യാപിച്ചിരുന്നു. മാധവന്റെ ആദ്യ സംവിധാനം സംരംഭം കൂടിയാണിത്. 00 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ ചെലവെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ നിര്‍ണായക വേഷത്തില്‍ ഷാരൂഖ് ഖാനും സൂര്യയുമെത്തുമെന്ന പ്രത്യേകത കൂടിയുണ്ട്. ഹിന്ദിയില്‍ ഷാരുഖ് ഖാന്‍ ചെയ്യുന്ന റോള്‍ തമിഴില്‍ സൂര്യ ആണ് അവതരിപ്പിക്കുന്നത്. വിവിധ പ്രായത്തിലുള്ള നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി മാധവന്‍ നടത്തിയ മേക്ക് ഓവറുകള്‍ വൈറലായിരുന്നു.

നമ്പി നാരായണന്റെ ജീവിതത്തിലെ ഏറ്റവും സംഭവാത്മകമായ 27 വയസ്സു മുതല്‍ 70 വയസ്സു വരെയുള്ള കാലഘട്ടമാണ് സിനിമയുടെ പ്രമേയം. വിവിധ കാലങ്ങട്ടങ്ങളിലെ നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി ശാരീരികമായും മാധവന്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിരുന്നു. തലയിലെ നര മാത്രമാണ് ആര്‍ട്ടിഫിഷ്യലായി ഉപയോഗിച്ചിട്ടുള്ളത്. സിമ്രാന്‍ ആണ് ചിത്രത്തില്‍ മാധവന്റെ നായികയായി എത്തുന്നത്. ഇരുവരും പതിനഞ്ച് വര്‍ഷത്തിന് ശേഷമാണ് സിനിമയില്‍ ഒന്നിക്കുന്നത്. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള നയതന്ത്ര സഹകരണം 75 വർഷം പിന്നിടുന്ന അവസരത്തിൽ ഫിലിം ഫെസ്റ്റിൽ ഇന്ത്യയ്ക്ക് കൺട്രി ഓഫ് ഓണർ ബഹുമതി നൽകിയിട്ടുണ്ട്. ആദ്യമായാണ് ഒരു രാജ്യത്തിന് ഇത്തരമൊരു ആദരവ് നൽകുന്നത്.

നിരവധി ഹോളിവുഡ് താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 'വെള്ളം' സിനിമയുടെ സംവിധായകന്‍ പ്രജേഷ് സെന്‍ ചിത്രത്തിന്റെ കോ ഡയറക്ടറാണ്. ആര്‍ മാധവന്റെ ട്രൈ കളര്‍ ഫിലീസും ഡോക്ടര്‍ വര്‍ഗീസ് മൂലന്റെ വര്‍ഗീസ് മൂലന്‍ പിക്ചര്‍സിന്റെയും ബാനറിലാണ് 'റോക്കട്രി ദി നമ്പി എഫക്റ്റ്' നിർമ്മിച്ചിരിക്കുന്നത്. ചിത്രം ജൂലൈ ഒന്നിന് റിലീസിനെത്തും. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, അറബിക്, ഫ്രഞ്ച്, സ്പാനീഷ്, ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പാനീസ് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക.

story highlights: nambi narayanan and r madhavan pics visits sunitha williams

Next Story