Top

'ചില അപ്സ് ആൻഡ് ഡൗൺസൊക്കെ ഉണ്ടാവണ്ടേ? അപ്പോഴല്ലേ സ്വയം പരിശോധിക്കാനാവൂ'; മോഹൻലാലിന്റെ വാക്കുകൾ വൈറലാകുന്നു

'എല്ലാം നല്ലതായി മാത്രം വന്നാൽ എന്താണൊരു രസം. മടുത്തുപോവില്ലേ? ഇടയ്ക്കൊക്കെ നമ്മുടെ സിനിമകൾ മോശമാവണം'

27 Oct 2022 2:41 PM GMT
ഫിൽമി റിപ്പോർട്ടർ

ചില അപ്സ് ആൻഡ് ഡൗൺസൊക്കെ ഉണ്ടാവണ്ടേ? അപ്പോഴല്ലേ സ്വയം പരിശോധിക്കാനാവൂ; മോഹൻലാലിന്റെ വാക്കുകൾ വൈറലാകുന്നു
X

മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രവുമായി ബന്ധപ്പെട്ട ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. തുടർച്ചയായുള്ള പരാജയങ്ങൾക്കൊടുവിൽ നടന്റെ ചുവടുമാറ്റമായാണ് ഈ ചിത്രത്തെ സിനിമാപ്രേമികൾ കാണുന്നത്. പുതിയ സിനിമയുടെ സാഹചര്യത്തിൽ മോഹൻലാൽ പണ്ട് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്.

'ഒരേകാര്യം ചെയ്തു കൊണ്ടിരിക്കുന്നതിനിടയ്ക്ക് ചില അപ്സ് ആൻഡ് ഡൗൺസൊക്കെ ഉണ്ടാവണ്ടേ? അപ്പോഴല്ലേ ലൈഫിന് ഒരു രസം. അല്ലാതെ എല്ലാം നല്ലതായി മാത്രം വന്നാൽ എന്താണൊരു രസം. മടുത്തുപോവില്ലേ? ഇടയ്ക്കൊക്കെ നമ്മുടെ സിനിമകൾ മോശമാവണം, ആൾക്കാർ കൂവണം, കുറ്റം പറയണം, ഒക്കെ വേണം. അപ്പോഴല്ലേ ഒരു ആക്ടർക്ക്, ഒരു പെർഫോർമർ എന്ന നിലയ്ക്കു സ്വയം പരിശോധിക്കാനാവുകയുള്ളൂ', എന്നാണ് മോഹൻലാൽ മുൻപ് പറഞ്ഞത്.


ഈ വാക്കുകൾ ശരിവെക്കുന്നതാണ് നടന്റെ പുതിയ സിനിമ പ്രഖ്യാപനം എന്ന് സോഷ്യൽ മീഡിയയിൽ പലരും അഭിപ്രായപ്പെടുന്നു. സ്വന്തം വാക്കുകൾ പോലെ പരാജയങ്ങൾ നൽകിയ പാഠത്തിലൂടെ മോഹൻലാൽ തിരിച്ചുവരുമെന്നും പലരും സോഷ്യൽ മീഡിയയിൽ കുറിച്ചിട്ടുണ്ട്. ലിജോ പടത്തിന് ശേഷം മധു സി നാരായണൻ, അനൂപ് സത്യൻ, രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തുടങ്ങിയ സംവിധായകർക്കൊപ്പവും മോഹൻലാൽ സിനിമകൾ ചെയ്യാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്.

അതേസമയം ജോൺ ആൻഡ് മേരി ക്രിയേറ്റീവിൻ്റെ ബാനറിൽ ഒരുങ്ങുന്ന പെല്ലിശ്ശേരി - മോഹൻലാൽ ചിത്രം 2023 ജനുവരി 10ന് ആരംഭിക്കും. രാജസ്ഥാനിലാണ് ഷൂട്ട് തുടങ്ങുക. ഒറ്റ ഷെഡ്യൂളിൽ എഴുപത്തിയഞ്ചു ദിവസത്തോളം നീണ്ടു നിൽക്കുന്ന ചിത്രീകരണമാണ് പ്ലാൻ ചെയ്തിരിക്കുന്നത്. 'മലക്കോട്ട വാലിബന്‍' എന്നാണ് സിനിമയ്ക്ക് പേര് നല്‍കിയിരിക്കുന്നതെന്ന ചര്‍ച്ചകള്‍ സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നു.

ഒരു മിത്ത് പ്രമേയമാക്കി ഒരുങ്ങുന്ന പീരിയഡ് ഡ്രാമയാണ് ചിത്രമെന്നും മോഹന്‍ലാല്‍ ഒരു ഗുസ്തിക്കാരനായാണ് എത്തുകയെന്നും സൂചനയുണ്ട്. സെഞ്ച്വറി കൊച്ചുമോനും കെസി ബാബുവിൻ്റെ ഉടമസ്ഥതയിലുള്ള (ബേബി മറൈൻ ഗ്രൂപ്പ്) മാക്സ് ലാബും ഈ ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളാണ്. ചിത്രത്തിന്റെ പേരുൾപ്പടെ മറ്റു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

story highlights: mohanlal old words gone viral

Next Story