Top

'സിജു വിൽസൺ ഞെട്ടിക്കുന്ന കാസ്റ്റിംഗ്'; സിനിമ തന്റെ രീതിയിൽ പറയുമെന്ന ധാർഷ്ട്യം അത്ഭുതപ്പെടുത്തിയെന്ന് മാല പാർവതി

'നാളെ അതിന്റെ പ്രത്യാഘാതങ്ങൾ എനിക്ക് ഉണ്ടാകും. എന്നാലും എനിക്ക് പറയാനുള്ളത് ഞാൻ പറഞ്ഞു'

11 Sep 2022 5:05 PM GMT
ഫിൽമി റിപ്പോർട്ടർ

സിജു വിൽസൺ ഞെട്ടിക്കുന്ന കാസ്റ്റിംഗ്; സിനിമ തന്റെ രീതിയിൽ പറയുമെന്ന ധാർഷ്ട്യം അത്ഭുതപ്പെടുത്തിയെന്ന് മാല പാർവതി
X

'പത്തൊമ്പതാം നൂറ്റാണ്ടിലെ' സിജു വിൽ‌സൻ്റെ കാസ്റ്റിംഗ് ഞെട്ടിക്കുന്നതെന്ന് നടി മാല പാർവതി. വിജയ പരാജയങ്ങളെ ഭയപ്പെടാതെ സിനിമയൊരുക്കിയ സംവിധായകൻ വിനയന്റെ തീരുമാനം തന്നെ അത്ഭുതപ്പെടുത്തിയെന്നും നടി പറഞ്ഞു. റിപ്പോർട്ടർ ടിവിയുടെ എഡിറ്റേഴ്സ് അവറിൽ സംസാരിക്കുകയായിരുന്നു മാല പാർവതി.

"സിജു വിൽ‌സൺ എന്ന ചെറിയ വേഷങ്ങളിലും കൂട്ടുകാരൻ റോളുകളിലും വന്ന ഒരാളെ ഒരു വീര നായകന്റെ കഥ പറയാൻ ഏൽപ്പിക്കുക. ഇത്ര പ്രാഗത്ഭ്യമുള്ള ശ്രദ്ധിക്കാതെ പോകുമായിരുന്ന നടനെ ആ കഥാപാത്രത്തെ ഏല്പിക്കുക എന്നത് ഞെട്ടിക്കുന്ന കാസ്റ്റിംഗ് ആണ്. ഈ സിനിമ വിജയിക്കുമെങ്കിൽ വിജയിക്കട്ടെ, എന്റെ രീതിയിൽ പറയുമെന്ന ധാർഷ്ട്യം, തീരുമാനം നമുക്ക് ആ സിനിമയിൽ കാണാൻ സാധിക്കും. അത് അത്ഭുതപ്പെടുത്തുകയും സന്തോഷപ്പെടുത്തുകയും ചെയ്യുന്നു."

ചിത്രത്തിൻ്റെ കലാ സംവിധാനം, മേക്കപ്പ് തുടങ്ങിയ സാങ്കേതിക മേഖലകളെ നടി അഭിനന്ദിച്ചു. "ഞാൻ ആ സിനിമ കണ്ടു, റിവ്യൂ ചെയ്തിരുന്നു. ടെക്ക്നിക്കലി ഓരോ സംഭവത്തിലും ഏറെ പെർഫക്ഷൻ കൊണ്ട് വന്നിട്ടുണ്ട്. എടുത്തു പറയേണ്ടത് അതിന്റെ ആർട്ട് ആണ്. അജയൻ ചാലിശ്ശേരി ഗംഭീരമായി തന്നെ അത് ചെയ്തു. പഴയകാല തിരുവിതാംകൂറിൽ കോൺക്രീറ്റ് സ്ട്രക്ച്ചർ ഒന്നുമില്ല. കമ്പി ഒന്നുമില്ലാതെ തടിയിലാണ് ഒരുക്കിയത്. അതേപോലെ പഴയ തിരുവതാംകൂർ ഒരുക്കുന്നതിൽ അവർ വലിയ ശ്രദ്ധ ചെലിത്തി എന്ന് തന്നെ പറയാം. വലിച്ചുകെട്ടലുകളില്ല, വിഗ് ഇല്ല, വളരെ സാധാരണമായി ആ കാലഘട്ടത്തെ സൃഷ്ടിച്ചു. മേക്കപ്പ്, വസ്ത്രാലങ്കാരം അങ്ങനെ എല്ലാ മേഖലകളും മികച്ചു നിന്നു," മാല പാർവ്വതി പറഞ്ഞു.

വിനയൻ എന്ന പേര് അങ്ങനെ പറയാൻ പാടില്ലെന്ന ഒരു അൺ ഒഫീഷ്യൽ ബാനിന് താൻ എതിരാണെന്നും, പറയാനുള്ളത് പറയുമെന്നും അവർ കൂട്ടിച്ചേർത്തു. "ഞാൻ ഒരു പോസ്റ്റ് ഇട്ടു. 265 ഷെയർ പോയി. നാളെ അതിന്റെ പ്രത്യാഘാതങ്ങൾ എനിക്ക് ഉണ്ടാകും. എന്നാലും എനിക്ക് പറയാനുള്ളത് ഞാൻ പറഞ്ഞു. വിനയൻ എന്ന പേര് അങ്ങനെ പറയാൻ പാടില്ല എന്നൊരു നിയമമുണ്ട്. ഈ ഗ്രൂപ്പ് വഴക്കുകൾ എന്ത് തന്നെയായാലും ജോലി എടുക്കാൻ ഒരാളെ അനുവദിക്കില്ല, ഇദ്ദേഹത്തിന്റെ കൂടെ വർക്ക് ചെയ്യാൻ പാടില്ല എന്നൊരു അൺ ഒഫീഷ്യൽ ബാൻ വരുന്നതിന് ഞാൻ എതിരാണ്. സംസാരിച്ചു കഴിഞ്ഞാൽ പിന്നൊരു ബാൻ, ഒരു വിഷയത്തിൽ ഇടപ്പെട്ടു കഴിഞ്ഞാൽ നമ്മൾ തൊട്ടുകൂടാത്തവരാകും. തൊട്ടുകൂടാത്തവർ, തീണ്ടൽ ഉള്ളവർ എന്നിങ്ങനെ 1800കളിൽ ഉണ്ടെങ്കിൽ പുതിയ കാലഘട്ടത്തിൽ പുതിയ തരത്തിൽ അതുണ്ട്. ചില വ്യവസ്ഥകളെ നമ്മൾ എതിർക്കുമ്പോൾ, അത് രാഷ്ട്രീയ പാർട്ടികളാകാം, സിനിമയിൽ മേലധികാരികളാകാം. അങ്ങനെ സംസാരിക്കുന്നവർക്ക് തൊട്ടുകൂടാത്തവർ എന്നൊരു കല്പിക്കൽ ഉണ്ടെന്ന് എനിക്ക് തോന്നി. ഇങ്ങനെയാണ് ഞാൻ പറയാൻ ശ്രമിച്ചത്," മാല പാർവ്വതി പറഞ്ഞു.

story highlights: maala parvathi comments about the making of pathonpatham noottandu

Next Story