Top

'അത് അദ്ദേഹത്തിന്റെ മാജിക്കാണ്'; ക്യാമറയ്ക്ക് മുന്നിൽ എത്തിയാൽ ഫഹദ് 'അമർ' ആയിമാറുമെന്ന് ലോകേഷ്

'എങ്ങനെയാണ് സാർ കണ്ണുകൊണ്ട് ഇങ്ങനെ അഭിനയിക്കുന്നത് എന്ന് ഞാൻ ഇടക്ക് ചോദിക്കും'

14 Jun 2022 7:46 AM GMT
ഫിൽമി റിപ്പോർട്ടർ

അത് അദ്ദേഹത്തിന്റെ മാജിക്കാണ്; ക്യാമറയ്ക്ക് മുന്നിൽ എത്തിയാൽ ഫഹദ് അമർ ആയിമാറുമെന്ന് ലോകേഷ്
X

ഫഹദ് ഫാസിൽ എന്ന നടന്റെ അഭിനയമികവ് ഒരു അത്ഭുതമെന്ന് സംവിധായകൻ ലോകേഷ് കനകരാജ്. അദ്ദേഹം എങ്ങനെയാണ് കഥാപാത്രമായി മാറുന്നത് എന്ന് തനിക്ക് അറിയില്ല. അത് അദ്ദേഹത്തിന്റെ മാത്രം മായാജാലമാണ്. ക്യാമറയ്ക്ക് മുന്നിൽ എത്തിയാൽ ഫഹദ് ആ കഥാപാത്രമായി മാറും. അദ്ദേഹത്തിന്റെ കണ്ണുകൾ കൊണ്ടുള്ള പ്രകടനം തന്നെ ആശ്ചര്യപ്പെടുത്തി എന്നും ലോകേഷ് പറയുന്നു. വിക്രമി'ന്റെ വിജയവുമായി ബന്ധപ്പെട്ട് കൊച്ചിയിൽ നടന്ന പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'അദ്ദേഹം എങ്ങനെയാണ് അഭിനയിക്കുന്നത് എന്ന് എനിക്കും അറിയില്ല. അത് അദ്ദേഹത്തിന്റെ മാജിക്കാണ്. ഞാനും അത്രത്തോളം പ്രതീക്ഷിച്ചിരുന്നില്ല. കാരവാനിൽ പോയി സീൻ അദ്ദേഹത്തോട് സംസാരിക്കും. എങ്ങനെ വേണം എന്നൊക്കെ ഞാൻ അദ്ദേഹത്തോട് പറയും. ആ സമയം ഞാൻ മാത്രമായിരിക്കും സംസാരിക്കുക. ക്യാമറയ്ക്ക് മുന്നിൽ എത്തുമ്പോൾ അദ്ദേഹം അമർ ആയി മാറും. കണ്ണുകൾ കൊണ്ട് ഇത്രയേറെ അഭിനയിക്കുക എന്നത് ആശ്ചര്യം തന്നെയാണ്. എങ്ങനെയാണ് സാർ കണ്ണുകൊണ്ട് ഇങ്ങനെ അഭിനയിക്കുന്നത് എന്ന് ഞാൻ ഇടക്ക് ചോദിക്കും' ലോകേഷ് പറഞ്ഞു.

'വിക്രമി'ൽ അമർ എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിച്ചത്. നടന്റെ വേഷപ്പകർച്ചയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഒരു മലയാളി അഭിനേതാവിന് ഈ അടുത്ത കാലത്ത് മറ്റു ഭാഷകളിൽ ലഭിച്ച ഏറ്റവും മികച്ച വേഷമാണ് അമർ എന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. സിനിമയുടെ ആദ്യപകുതിയിലെ നായകൻ എന്ന് കഥാപാത്രത്തെ പലരും വിശേഷിപ്പിക്കുന്നുണ്ട്.

അതേസമയം 'വിക്രം' തിയേറ്ററിൽ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. സിനിമ ഇതുവരെ 300 കോടിയ്ക്ക് മുകളിൽ കളക്ഷൻ നേടി കഴിഞ്ഞു. കേരളത്തിൽ നിന്ന് ഏറ്റവും അധികം കളക്ഷൻ നേടിയ തമിഴ് ചിത്രം എന്ന റെക്കോർഡും 'വിക്രം' സ്വന്തമാക്കിയിരുന്നു. അഞ്ച് ദിവസങ്ങൾ കൊണ്ടാണ് ചിത്രം റെക്കോർഡ് നേടിയത്. വിജയ് നായകനായ 'ബിഗിൽ' ആയിരുന്നു കേരളത്തിൽ നിന്ന് ഏറ്റവും അധികം കളക്ഷൻ സ്വന്തമാക്കിയ തമിഴ് ചിത്രം.

story highlights: lokesh kanagaraj talks about the perfomance of fahad faasil

Next Story