Top

കുറുപ്പിന്റെ ഓഡിയോ റൈറ്റ്സ് സരിഗമയ്ക്ക്; ആദ്യഗാനം നാളെയെത്തും

31 Oct 2021 11:53 AM GMT
ഫിൽമി റിപ്പോർട്ടർ

കുറുപ്പിന്റെ ഓഡിയോ റൈറ്റ്സ് സരിഗമയ്ക്ക്; ആദ്യഗാനം നാളെയെത്തും
X

ദുൽഖർ സൽമാൻ നായകനാകുന്ന പുതിയ ചിത്രം കുറിപ്പിലെ ആദ്യഗാനം നാളെയെത്തുന്നു. ദുൽഖർ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് സരിഗമയാണ് സ്വന്തമാക്കിയിരിക്കുന്നത്.

കുറുപ്പ് റെക്കോർഡ് സ്‌ക്രീനുകളുമായാണ് നവംബർ 12ന് റിലീസ് ചെയ്യുന്നത്. കേരളത്തില്‍ മാത്രം നാനൂറിലേറെ തിയറ്ററുകളിലാണ് റിലീസ്. കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയ കുറുപ്പിന്റെ ബജറ്റ് 35 കോടിയാണ്.

ജിതിന്‍ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ്. സെക്കന്‍ഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രന്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേ ഫാറര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്സും ചേര്‍ന്നാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്. കേരളം, അഹമ്മദാബാദ്, മുംബൈ, ദുബായ്, മാംഗളൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലായി ആറു മാസമെടുത്താണ് കുറുപ്പ് ചിത്രീകരിച്ചത്.

നിമിഷ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. മറ്റൊരു ദേശീയ അവാര്‍ഡ് ജേതാവായ വിവേക് ഹര്‍ഷനാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.

Next Story