Top

ഭീഷ്മപർവ്വവും ആർആർആറും കെജിഎഫും; ഇനി തിയേറ്റർ ഉത്സവങ്ങളുടെ കാലം

മലയാള സിനിമ ബോക്സോഫീസ് ആഘോഷത്തിലേക്ക് തിരികെ എത്തുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രവർത്തകരും പ്രേക്ഷകരും.

28 Feb 2022 9:19 AM GMT
ജോയേല്‍ സ്റ്റാലിന്‍

ഭീഷ്മപർവ്വവും ആർആർആറും കെജിഎഫും; ഇനി തിയേറ്റർ ഉത്സവങ്ങളുടെ കാലം
X

കൊവിഡ് പ്രതിസന്ധികൾ മറ്റെല്ലാ മേഖലകൾ എന്നപോലെ സിനിമാമേഖലയെയും വല്ലാതെ ബാധിച്ചു എന്നത് സത്യം തന്നെ. കഴിഞ്ഞ വർഷം മലയാള സിനിമകൾ തിയേറ്ററുകളിൽ ആഘോഷിക്കപ്പെടുന്ന കാഴ്ച്ച അധികം കാണാൻ കഴിഞ്ഞില്ല എന്നതാണ് സത്യം. 'ദൃശ്യം 2', 'മാലിക്' പോലുള്ള സിനിമകൾ ഒടിടി റിലീസിലേക്ക് പോവുന്നതും നമ്മൾ കണ്ടു. 'കുറുപ്പ്' പോലുള്ള ബിഗ് ബജറ്റ് ചിത്രങ്ങളും 'ജാൻ എ മൻ' പോലുള്ള യുവനിര സിനിമകളും തിയേറ്ററുകളിലേക്ക് പ്രേക്ഷകരെ തിരികെ കൊണ്ടുവന്നു എങ്കിലും പൂർണ്ണപ്രവേശനാനുമതി ഇല്ലാത്തത് പല സിനിമകളുടെയും കളക്ഷനെ വല്ലാതെ ബാധിച്ചു.

ഈ വർഷത്തെ ആദ്യ രണ്ട് മാസങ്ങൾ കടന്നു പോകുമ്പോൾ പ്രണവ് മോഹൻലാൽ നായകനായ 'ഹൃദയം' മികച്ച വിജയം കരസ്ഥമാക്കി കഴിഞ്ഞു. മോഹൻലാലിന്റെ 'ആറാട്ട്' തിയേറ്ററിൽ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. ഇപ്പോഴിതാ മലയാള സിനിമയ്ക്ക് പുത്തൻ പ്രതീക്ഷകൾ നൽകികൊണ്ട് സർക്കാർ പൂർണ്ണ പ്രവേശനാനുമതി നൽകിയിരിക്കുകയാണ്.

അടുത്ത മാസങ്ങളിലായി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി 50ലധികം സിനിമകളാണ് റിലീസിന് ഒരുങ്ങുന്നത്. ഇതിൽ അധികവും ബ്രഹ്മാണ്ഡ റിലീസുകളാണ്. മാർച്ച് മൂന്നാം തീയതി മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രം 'ഭീഷ്മപർവ്വം' റിലീസിന് ഒരുങ്ങുകയാണ്. ബിഗ് ബിയ്ക്ക് ശേഷം അമൽ നീരദും മമ്മൂട്ടിയും ഒന്നിക്കുന്നു എന്നതിനാൽ തന്നെ ഭീഷ്മപർവ്വത്തിന് വലിയ ഹൈപ്പുണ്ട്. അഡ്വാൻസ് ബുക്കിങ്ങ് ആരംഭിച്ച് മണിക്കൂറുകൾക്കുളളിൽ തന്നെ പല തിയേറ്ററുകളിലും ടിക്കറ്റുകൾ ഫുൾ ബുക്ക് ആവുന്ന കാഴ്ചയാണ് കാണാനാവുന്നത്.


ഭീഷ്‌മയ്‌ക്കൊപ്പം രണ്ട് വമ്പൻ റിലീസുകൾ കൂടെ മാർച്ച് മൂന്നിനുണ്ട്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന ടൊവിനോ തോമസ് ചിത്രം 'നാരദനും' ദുൽഖർ സൽമാന്റെ തമിഴ് ചിത്രം 'ഹേയ് സിനാമിക'യുമാണ് മൂന്നിന് റിലീസ് ചെയ്യുന്ന മറ്റ് ചിത്രങ്ങൾ. മായാനദിയ്ക്ക് ശേഷം ആഷിഖ് അബുവും ടോവിനോടെയും ഒന്നിക്കുന്നതിനാൽ തന്നെ നാരദനായി പ്രേക്ഷകർ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. കുറുപ്പിന് ശേഷമുള്ള ദുൽഖർ ചിത്രമെന്നതിനാൽ ഹേയ് സിനാമികയ്ക്കും വലിയ ഹൈപ്പുണ്ട്.

സൂര്യ നായകനാകുന്ന തമിഴ് ചിത്രം 'എതർക്കും തുനിന്തവൻ' മാർച്ച് 10ന് റിലീസിന് ഒരുങ്ങുന്നുണ്ട്. പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന സിനിമ തമിഴിന് പുറമെ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. തൊട്ടടുതെ ദിവസം അതായത് മാർച്ച് 11ന് പ്രഭാസ് നായകനാകുന്ന തെലുങ്ക് ചിത്രം 'രാധേ ശ്യാമും' റിലീസ് ചെയ്യുകയാണ്. പൂജ ഹെഗ്‌ഡെ നായികയാകുന്ന ചിത്രം ഒരു റൊമാന്റിക്ക് ത്രില്ലറാണ്.


ബാഹുബലിയ്ക്ക് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം 'ആർആർആറും' മാർച്ചിൽ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. മാർച്ച് 25ന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന സിനിമയിൽ ജൂനിയർ എൻടിആറും രാം ചരണുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മമ്മൂട്ടി നായകനാകുന്ന 'പുഴു'വും മോഹൻലാൽ നായകനാകുന്ന 'മോൺസ്റ്ററും' മാർച്ചിൽ റിലീസ് ചെയ്തേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. എന്നാൽ ഇരു ചിത്രങ്ങളുടെയും റിലീസ് വിഷയത്തിൽ അണിയറപ്രവർത്തകരിൽ നിന്നും അറിയിപ്പ് ഒന്നും ഉണ്ടായിട്ടില്ല.


ഏപ്രിൽ മാസത്തിൽ കാത്തിരിക്കുന്ന പ്രധാന റിലീസ് എന്നത് 'കെജിഎഫ് പാർട്ട് 2'വാണ്. യാഷ് നായകനാകുന്ന സിനിമ ഏപ്രിൽ 14നാണ് റിലീസ് ചെയ്യുന്നത്. ആദ്യഭാഗമുണ്ടാക്കിയ ഓളം കൊണ്ട് തന്നെ കെജിഎഫ് രണ്ടാം ഭാഗവും തിയേറ്ററുകളിൽ ആഘോഷിക്കപ്പെടും എന്നതിൽ സംശയമില്ല. വിജയ് എന്ന നടന് മലയാളി പ്രേക്ഷകരുടെ ഇടയിലുളള സ്വീകാര്യതയെക്കുറിച്ച് പറയേണ്ടത് ഇല്ലല്ലോ. വിജയ്‌യുടെ 'ബീസ്റ്റ്' ഏപ്രിലിൽ റിലീസ് ചെയ്യുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. സിനിമ ആദ്യം ഏപ്രിൽ 14നായിരുന്നു റിലീസ് പ്രഖ്യാപിച്ചിരുന്നത്. പിന്നീട് റിലീസ് മാറ്റുകയായിരുന്നു. എന്നാൽ സിനിമയുടെ ഓരോ അപ്ഡേറ്റിനും സോഷ്യൽ മീഡിയയിൽ നിന്നും വമ്പൻ പ്രതികരണം തന്നെയാണ് ലഭിക്കുന്നത്.

മെയ് മാസത്തിൽ മലയാളം സിനിമ കാത്തിരിക്കുന്ന പ്രധാന റിലീസ് എന്നത് പൃഥ്വിരാജ് നായകനാകുന്ന 'കടുവ'യാണ്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു പക്കാ മാസ് എന്റർടെയ്നർ ആയാണ് ഒരുക്കിയിരിക്കുന്നത്. സുരേഷ് ഗോപിയുടെ ജോഷി ചിത്രം 'പാപ്പൻ' ഉൾപ്പടെ നിരവധി സിനിമകൾ അണിയറയിലും ഒരുങ്ങുന്നുണ്ട്. ഈ സിനിമകളുടെ വരവോടെ മലയാള സിനിമ ബോക്സോഫീസ് ആഘോഷത്തിലേക്ക് തിരികെ എത്തുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രവർത്തകരും പ്രേക്ഷകരും.

story highlights: kerala theatres to have a festival season after new releases

Next Story