Top

കങ്കണയുടെ 'ധാക്കഡ് ' വൻ തോൽവി; എട്ടാം ദിവസം വിറ്റത് 20 ടിക്കറ്റുകൾ, നേടിയത് 4,420 രൂപ

തുടർച്ചയായി പരാജയപ്പെടുന്ന കങ്കണയുടെ എട്ടാമത്തെ ചിത്രമാണ് 'ധാക്കഡ്'

28 May 2022 7:38 AM GMT
ഫിൽമി റിപ്പോർട്ടർ

കങ്കണയുടെ ധാക്കഡ്  വൻ തോൽവി; എട്ടാം ദിവസം വിറ്റത് 20 ടിക്കറ്റുകൾ, നേടിയത് 4,420 രൂപ
X

കങ്കണ റണാവത്ത് നായികയായെത്തിയ ചിത്രം 'ധാക്കഡ്' ബോളിവുഡിൽ വലിയ പരാജയമായി മാറുകയാണ്. റിലീസ് തീയതി മുതൽ കടുത്ത നിരാശ നൽകിയ ചിത്രം എട്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ ആകെ വിറ്റിരിക്കുന്നത് 20 ടിക്കറ്റുകൾ മാത്രമാണ്. 4,420 രൂപ മാത്രമാണ് ചിത്രത്തിന്റെ എട്ടാം ദിവസത്തെ കളക്ഷൻ.

ഇതോടെ കങ്കണയുടെ ഈ അടുത്ത കാലത്തെ ചിത്രങ്ങളിൽ വച്ച് ഏറ്റവും മോശം പ്രതികരണവും കളക്ഷനും നേടുന്ന ചിത്രമായി 'ധാക്കഡ്' മാറുകയാണ്. 80 കോടി മുതൽ 90 കോടി രൂപ വരെ ചിലവാക്കി നിർമ്മിച്ച ചിത്രത്തിന് ഇതുവരെ 3 കോടി രൂപയാണ് നേടാനായത്. തിയേറ്ററിൽ നിന്ന് വൻ നിരാശമാത്രം നേടാനായതോടെ ചിത്രം ഇപ്പോൾ സ്ട്രീമിംഗ് വിതരണം കണ്ടെത്താൻ പാടുപെടുകയാണ്.

രസ്‌നീഷ് ഘായ് സംവിധാനം ചെയ്ത ചിത്രത്തിൽ അർജുൻ രാംപാൽ, ദിവ്യ ദത്ത, ശാശ്വത ചാറ്റർജി എന്നിവരും അഭിനയിക്കുന്നു. ചിത്രത്തിന് തുടക്കത്തിൽ സമ്മിശ്ര പ്രതികരണങ്ങൾ എത്തിയിരുന്നു എങ്കിലും പിന്നീട് നേരെ മോശം പ്രതികരണങ്ങളാണ് ലഭിച്ചത്. അതേസമയം ധാക്കഡിനൊപ്പം റിലീസ് ചെയ്ത കോമഡി ചിത്രമായ 'ഭൂൽ ഭുലയ്യ 2'വിന് ഭേദപ്പെട്ട അഭിപ്രായങ്ങളും 'ധാക്കഡ്' ചിത്രത്തിനേക്കാൾ കളക്ഷനും ലഭിച്ചിരുന്നു. ചിത്രം ഒമ്പത് കോടിക്ക് മേൽ കളക്ഷൻ നേടുകയും ചെയ്തു. ഇതും കങ്കണ ചിത്രത്തിന്റെ തകർച്ചയ്ക്ക് കാരണമായിട്ടുണ്ട്.

തുടർച്ചയായി പരാജയപ്പെടുന്ന കങ്കണയുടെ എട്ടാമത്തെ ചിത്രമാണ് 'ധാക്കഡ്'. 'കാട്ടി ബാട്ടി', 'രൻഗൂൺ', 'മണികർണിക', 'ജഡ്ജ്മെന്റൽ ഹേ ക്യാ', 'പങ്ക', 'തലൈവി' എന്നീ സിനിമകൾക്കും ബോക്സോഫീസിൽ പ്രതീക്ഷിച്ച വിജയം നേടാൻ കഴിഞ്ഞിരുന്നില്ല. ധാക്കഡിന്റെ പരാജയം കങ്കണയുടെ അടുത്ത ചിത്രങ്ങളെയും കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. കങ്കണയെ കേന്ദ്ര കഥാപാത്രമാക്കി സിനിമയെടുക്കാനിരുന്ന പലരും ഇതോടെ പിന്മാറുന്നുവെന്നും റിപ്പോര്‍ട്ടുകൾ ഉണ്ട്.

Story highlights: Kangana Ranaut 'Dhaakad' was a disaster; On the eighth day, 20 tickets were sold for Rs 4,420

Next Story