'തമ്പി'നൊപ്പം ജലജയും കാൻ ചലച്ചിത്രമേളയിലേക്ക്
മെയ് 21നാണ് തമ്പ് മേളയിൽ പ്രദർശിപ്പിക്കപ്പെടുന്നത്.
13 May 2022 4:15 PM GMT
ഫിൽമി റിപ്പോർട്ടർ

ജി അരവിന്ദൻ സംവിധാനം ചെയ്ത ചിത്രം 'തമ്പ്' കാൻ ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുമെന്ന വാർത്ത ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ സിനിമയുടെ ഭാഗമായി നടി ജലജ കാൻ ചലച്ചിത്രമേളയിൽ പങ്കെടുക്കുന്നു.
തനിക്ക് ഇത് അഭിമാന നിമിഷമാണ് എന്നാണ് ജലജ പറയുന്നത്. കാൻ ചലച്ചിത്രമേളയിലേക്ക് തനിക്ക് ക്ഷണം ലഭിക്കുമെന്ന് സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല. തങ്ങൾക്കുള്ള വിസയും ടിക്കറ്റും ലഭിക്കും വരെ ഈ വാർത്ത ആരോടും പങ്കുവെച്ചില്ലെന്നും ഇപ്പോൾ അതിയായ ആവേശത്തിലാണെന്നും ജലജ പറയുന്നു.
ചിത്രം പുനഃസ്ഥാപിച്ച ചലച്ചിത്ര നിർമ്മാതാവും ആർക്കൈവിസ്റ്റുമായ ശിവേന്ദ്ര സിംഗ് ഉൾപ്പടുന്ന സംഘത്തിനൊപ്പമാണ് ജലജ കാൻ മേളയിൽ പങ്കെടുക്കുന്നത്. സംഘം മെയ് 19ന് മേളയിലെത്തും. മെയ് 21നാണ് തമ്പ് പ്രദർശിപ്പിക്കപ്പെടുന്നത്.
1978ൽ പുറത്തിറങ്ങിയ ചിത്രമാണ് 'തമ്പ്'. ബ്ലാക്ക് ആൻഡ് വൈറ്റിൽ ചിത്രീകരിച്ച ഒരു ഗ്രാമത്തിലേക്ക് ഒരു സർക്കസ് സംഘം വരുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. ജലജയ്ക്കൊപ്പം നെടുമുടി വേണു, ഭരത് ഗോപി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
story highlights: jalaja going to cannes film festival for thampu movie premiere