Top

'ചെയ്യേണ്ട എല്ലാ കാര്യങ്ങളും ചെയ്തു'; ഗണേഷ് കുമാറിന്റെ ആരോപണത്തിൽ മറുപടിയുമായി ഇടവേള ബാബു

വിഷയത്തിൽ സംഘടന ചെയ്യേണ്ട കാര്യങ്ങൾ എല്ലാ തന്നെ ചെയ്തു എന്ന അദ്ദേഹം റിപ്പോർട്ടർ ടിവിയോട് പറഞ്ഞത്.

4 Nov 2021 1:16 PM GMT
ഫിൽമി റിപ്പോർട്ടർ

ചെയ്യേണ്ട എല്ലാ കാര്യങ്ങളും ചെയ്തു; ഗണേഷ് കുമാറിന്റെ ആരോപണത്തിൽ മറുപടിയുമായി ഇടവേള ബാബു
X

ജോജു വിഷയത്തിൽ ഗണേഷ് കുമാർ എംഎല്‍എ നടത്തിയ ആരോപണത്തിൽ മറുപടിയുമായി എഎംഎംഎ ജനറൽ സെക്രട്ടറി ഇടവേള ബാബു. വിഷയത്തിൽ സംഘടന ചെയ്യേണ്ട കാര്യങ്ങൾ എല്ലാ തന്നെ ചെയ്തു എന്ന അദ്ദേഹം റിപ്പോർട്ടർ ടിവിയോട് പറഞ്ഞത്.

'ആ സമയത്ത് ചെയ്യേണ്ടതായ എല്ലാ കാര്യങ്ങളും ചെയ്തു. നമ്മൾ ആരും പിന്മാറിയില്ല. ബാബുരാജ്, ടിനി ടോം തുടങ്ങിയവർ വിളിച്ചിരുന്നു. പിന്നെ ഗണേഷ് കുമാർ വൈസ് പ്രസിഡന്റാണ്, പുള്ളിക്കും അതിൽ ഇടപെടാം' ഇടവേള ബാബു പറഞ്ഞു.

ജോജു ജോർജ് എന്ന നടന് നേരെ ആക്രമണം ഉണ്ടായപ്പോൾ താര സംഘടന ഇടപെട്ടില്ല എന്നാണ് ഗണേഷ് കുമാര്‍ എംഎല്‍എ പറഞ്ഞത്. മോഹന്‍ലാല്‍ തിരക്കുള്ള വ്യക്തിയാണ്. വിഷയത്തില്‍ ബാബു മറുപടി പറയണം. ആരെ പേടിച്ചാണ് സെക്രട്ടറി ഒളിച്ചിരിക്കുന്നത് എന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

ഗണേഷ് കുമാറിന്റെ വാക്കുകൾ:

ജോജു മദ്യപിച്ചെന്ന കോണ്‍ഗ്രസ് ആരോപണം പൊളിഞ്ഞതോടെ, സ്ത്രീകളെ ആക്രമിച്ചെന്ന് പറഞ്ഞു. ജോജു സ്ത്രീകളെ ആക്രമിച്ചിരുന്നെങ്കില്‍ മാധ്യമങ്ങള്‍ അത് പകര്‍ത്തുമായിരുന്നു. എന്നാല്‍ കൗണ്ടര്‍ പരാതി കൊടുക്കാന്‍ സ്ത്രീകളെ മറയാക്കുന്നത് ശരിയായ നടപടിയല്ല. ഇത് ലജ്ജാകരമായ നടപടിയാണെന്ന് കോണ്‍ഗ്രസ് മനസിലാക്കണം. സ്ത്രീകള്‍ അവരുടെ മാന്യതയോടെ സമരത്തിന് വരുന്നു. പണ്ട് നടന്ന സമരങ്ങളില്‍ ഗാന്ധിയും നെഹ്‌റുവും ഇന്ദിരാഗാന്ധിയും സോണിയാ ഗാന്ധിയും സ്ത്രീകളെ ഒന്നിനും മറയാക്കിയിട്ടില്ല. ജോജുവിന്റെ നിലപാടിന് സ്വീകാര്യത വന്നപ്പോള്‍ സ്ത്രീകളെ ആക്രമിച്ചെന്ന കള്ളക്കേസുണ്ടാക്കാനാണ് ശ്രമിക്കുന്നത്.

ഇതൊരു പതിവ് പരിപാടിയാണ്. തെരഞ്ഞെടുപ്പിന് മുന്‍പ് ചവറയില്‍ എന്നെ ആക്രമിക്കുമ്പോഴും യൂത്ത് കോണ്‍ഗ്രസ് തന്നെ ഷൂട്ട് ചെയ്ത വീഡിയോയില്‍ രണ്ടു സ്ത്രീകളുടെ ശബ്ദം കേള്‍ക്കാം. എന്താണ് ലക്ഷ്യം. കാറില്‍ നിന്ന് ഞാന്‍ പുറത്തിറങ്ങിയാല്‍ അവരെ ഞാന്‍ കടന്നു പിടിച്ചെന്ന് വരുത്തി തീര്‍ത്തി കള്ളക്കേസുണ്ടാക്കാന്‍ അവരെ കൊണ്ടുവന്നിരിക്കുകയാണ്. പ്രത്യേകിച്ച് ഇത്രയും അക്രമസംഭവങ്ങള്‍ക്ക് പോകുന്നവര്‍ സ്ത്രീകളെ വിളിച്ചുകൊണ്ട് പോകരുത്.'' നടന്‍ ജോജുവിനെതിരായ കോണ്‍ഗ്രസ് ആക്രമണത്തില്‍ മൗനം പാലിച്ച താരസംഘടനയായ എഎംഎംഎയ്‌ക്കെതിരെയും ഗണേഷ് കുമാര്‍ രംഗത്തെത്തി.

വിഷയത്തില്‍ സംഘടന നേതൃത്വം എന്തുകൊണ്ട് മൗനം പാലിച്ചെന്ന് മനസിലാകുന്നില്ല. കോണ്‍ഗ്രസ് നേതാക്കള്‍ പോലും ആക്രമണത്തെ അപലപിച്ചപ്പോള്‍ സെക്രട്ടറി ഇടവേള ബാബു മൗനം പാലിച്ചു. മോഹന്‍ലാല്‍ തിരക്കുള്ള വ്യക്തിയാണ്. വിഷയത്തില്‍ ബാബു മറുപടി പറയണം. ആരെ പേടിച്ചാണ് സെക്രട്ടറി ഒളിച്ചിരിക്കുന്നത്. സംഘടനയുടെ സമീപനം മാറ്റണമെന്നും സംഘടന യോഗത്തില്‍ ഇക്കാര്യത്തിലെ പ്രതിഷേധം അറിയിക്കുമെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി.

അധ്വാനിച്ച പണം കൊണ്ട് ജോജു വാങ്ങിയ കാര്‍ തല്ലിത്തകര്‍ത്തത് തെറ്റായ നടപടിയാണെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. ഇതിനിടെ ജോജു ജോര്‍ജ്-കോണ്‍ഗ്രസ് തര്‍ക്കം ഒത്തുതീര്‍പ്പാക്കാന്‍ നീക്കവും നടക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, എറണാകുളം എംപി ഹൈബി ഈഡന്‍ എന്നിവരുടെ നേത്യത്വത്തിലാണ് സമവായ ചര്‍ച്ചകള്‍ നടക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. പ്രശ്‌നം പരിഹരിക്കാന്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ ജോജുവുമായി ചര്‍ച്ച നടത്തിയതായി എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പ്രതികരിച്ചു.

ഇരു വിഭാഗത്ത് നിന്നുള്ളവരും തെറ്റുകള്‍ മനസിലാക്കിയെന്ന് വ്യക്തമാക്കിയാണ് ഡിസിസി പ്രസിഡന്റ് ഒത്ത് തീര്‍പ്പ് സംബന്ധിച്ച നടപടികള്‍ പുരോഗമിക്കുന്നതായി അറിയിച്ചത്. പ്രശ്‌നം പരിഹരിക്കാന്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ ജോജുവുമായി ചര്‍ച്ച നടത്തിയതായി ഡിസിസി പ്രസിഡന്റ് വ്യക്തമാക്കി.

പരസ്പരം ക്ഷമിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണ്. ഇരുഭാഗത്ത് നിന്നും പെട്ടെന്നുണ്ടായ പ്രകോപനമാണ് അനിഷ്ട സംഭവങ്ങള്‍ കാരണം. തര്‍ക്കവുമായി ബന്ധപ്പെട്ടുള്ള രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ നിയമവഴിയില്‍ നടക്കുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.

ഇന്ധന വിലക്കയറ്റത്തിന് എതിരെ കോണ്‍ഗ്രസ് തിങ്കളാഴ്ച എറണാകുളത്ത് ഇടപ്പള്ളി മുതല്‍ വൈറ്റില വരെ റോഡ് ഉപരോധിച്ചുള്ള സമരത്തിനിടെയായിരുന്നു വിവാദങ്ങള്‍ക്ക് ആസ്പദമായ സംഭവം അരങ്ങേറിയത്. സമരത്തെ തുടര്‍ന്ന് വന്‍ ഗതാഗതക്കുരുക്കുണ്ടായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് നടന്‍ ജോജു ജോര്‍ജ് രംഗത്തെത്തിയതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി വാക്കേറ്റമുണ്ടാവുകയായിരുന്നു. പ്രകോപിതരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടന്റെ വാഹനത്തിന്റെ ചില്ല് അടിച്ച് തകര്‍ക്കുകയും ചെയ്തു.

പിന്നാലെ ജോജു മദ്യപിച്ചിട്ടുണ്ടെന്നും വനിതാ പ്രവര്‍ത്തകരെ അപമാനിക്കാന്‍ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നും ആരോപണം ഉയര്‍ന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കാണിച്ച് ജോജുവിനെതിരെ പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പരിശോധനയില്‍ ജോജു മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമാവുകയും ചെയ്തു. അക്രമ സംഭവങ്ങളില്‍ ജോജുവിന്റെ പരാതിയില്‍ കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മിണി ഉള്‍പ്പെടെയുള്ള 15 കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേയും 50 പ്രവര്‍ത്തകര്‍ക്കെതിരേയും പോലീസ് കേസെടുക്കുകയും ചെയ്തു. കൊടിക്കുന്നില്‍ സുരേഷ് എംപി ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

Next Story