'അഭിമാനത്തോടെ പറയും, ഇത് മഹാനടൻ മാത്രമല്ല മഹാ മനുഷ്യത്വവുമാണ്, ഒരെയൊരു മോഹൻലാൽ'; ഹരീഷ് പേരടി
'അയാൾക്ക് പകരം മറ്റൊരാൾ ആയിരുന്നെങ്കിൽ ഒരു നോ മതി. ഞാനൊന്നും ഈ സിനിമയിലെ ഉണ്ടാകില്ല. പക്ഷെ ആ മനുഷ്യൻ എന്നോടെന്നല്ല ആരോടും അങ്ങിനെ പറയില്ല'
18 March 2023 12:35 AM GMT
ഫിൽമി റിപ്പോർട്ടർ

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രം 'മലൈക്കോട്ടൈ വാലിബൻ' ചിത്രീകരണം രാജസ്ഥാനിൽ പുരോഗമിക്കുകയാണ്. എൽജെപി ക്രാഫ്റ്റിൽ മോഹൻലാലിന് പെർഫോം ചെയ്യാൻ ഏറെയുള്ള സിനിമയാണ് വാലിബൻ. അതുകൊണ്ടുതന്നെ സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് മലയാളി പ്രേക്ഷകരും. ലിജോയുടെ 'നൻപകൽ നേരത്ത് മയക്കം' സിനിമയുടെ വിജയത്തിന് ശേഷം ഒരുക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വലിബൻ. ചിത്രത്തിൽ മറ്റൊരു പ്രാധാന വേഷം ചെയ്യുന്ന ഹരീഷ് പേരടി മോഹൻലാലിനെ കുറിച്ച് പങ്കുവെച്ച കുറിപ്പാണ് സമൂഹ മാധ്യമത്തിന്റെ ശ്രദ്ധ ആകർഷിക്കുന്നത്.
വാലിബനിൽ ലിജോ അവതരിപ്പിക്കുന്ന പുതുമുഖ നടൻ മനോജിന്റെ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിക്കുന്ന ചിത്രമാണ് പോസ്റ്റിനൊപ്പം ഷെയർ ചെയ്തത്. എല്ലാവരോടുമൊപ്പം താര ജാഡയില്ലാതെ പുറകിൽ ഒതിങ്ങി മാറി നിൽക്കുന്ന മോഹൻലാലിനെ കുറിച്ചാണ് ഹരീഷ് പേരടിയുടെ കുറിപ്പ്.
'മുന്നിൽ നിൽക്കുന്ന തങ്ങളല്ല താരങ്ങൾ, വലിപ്പ ചെറുപ്പുമില്ലാതെ പകയും വിദ്വേഷവുമില്ലാതെ എല്ലാവരെയും കൂടെ നിർത്തുന്ന എല്ലാവരെയും മുന്നിലേക്ക് തള്ളി നിർത്തുന്ന ആ പിന്നിൽ നിൽക്കുന്ന ആ മഞ്ഞ കുപ്പായക്കാരനാണ് യഥാർത്ഥ താരം. ഇത് മഹാനടൻ മാത്രമല്ല മഹാ മനുഷ്യത്വവുമാണ്, ഒരെയൊരു മോഹൻലാൽ എന്ന് അഭിമാനത്തോടെ പറയും', എന്നാണ് ഹരീഷ് പറഞ്ഞത.
ഹരീഷ് പേരടിയുടെ പോസ്റ്റ്
ലിജോ അവതരിപ്പിക്കുന്ന പുതുമുഖ നടൻ മനോജിന്റെ പിറന്നാളാണ് ...മുന്നിൽ നിൽക്കുന്ന ഞങ്ങളല്ല താരങ്ങൾ...വലിപ്പ ചെറുപ്പുമില്ലാതെ പകയും വിദ്വേഷവുമില്ലാതെ എല്ലാവരെയും കൂടെ നിർത്തുന്ന..എല്ലാവരെയും മുന്നിലേക്ക് തള്ളി നിർത്തുന്ന..ആ പിന്നിൽ നിൽക്കുന്ന ആ മഞ്ഞ കുപ്പായക്കാരനാണ് യഥാർത്ഥ താരം..നമ്മുടെ ലാലേട്ടൻ..അയാൾക്ക് പകരം മറ്റൊരാൾ ആയിരുന്നെങ്കിൽ ഒരു നോ മതി...ഞാനൊന്നും ഈ സിനിമയിലെ ഉണ്ടാകില്ല..പക്ഷെ ആ മനുഷ്യൻ എന്നോടെന്നല്ല ആരോടും അങ്ങിനെ പറയില്ല...അഭിമാനത്തോടെ ഞാൻ പറയും..ഇത് മഹാനടൻ മാത്രമല്ല...മഹാ മനുഷ്യത്വവുമാണ്..ഒരെയൊരു മോഹൻലാൽ.
ഈ വർഷം ജനുവരി പതിനെട്ടിന് രാജസ്ഥാനിലെ ജയ് സാൽമീറിലാണ് വാലിബന്റെ ചിത്രീകരണം ആരംഭിച്ചത്. നിലവിൽ രാജസ്ഥാനിലെ പൊഖ്‌റാൻ കോട്ടയിൽ ആണ് ചിത്രത്തിന്റെ ഷെഡ്യൂൾ പുരോഗമിക്കുന്നത്. പൊഖ്‌റാനിലെ 20 ദിവസത്തെ ചിത്രീകരണം കഴിഞ്ഞ് വീണ്ടും ജയ് സാൽമീരിലേക്കു ഷൂട്ടിംഗ് സംഘം തിരിച്ചു വരും. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന വാലിബൻ്റെ കഥ ലിജോ ജോസ് പെല്ലിശ്ശേരിയുടേത് തന്നെയാണ്, തിരക്കഥ പി എഫ് റഫീക്ക്.
Story Highlights: Hareesh Peradi Peradi Facebook post about Mohanlal