Top

'സാഹസിക യാത്രയ്ക്ക് തയ്യാറാകൂ, ചോളന്മാർ വരുന്നു'; 'പൊന്നിയൻ സെൽവൻ' മോഷൻ പോസ്റ്റർ

പൊന്നിയൻ സെൽവൻ- പാർട്ട് 1 സെപ്റ്റംബർ 30തിന് തിയേറ്ററുകളിൽ എത്തും

2 July 2022 6:59 AM GMT
ഫിൽമി റിപ്പോർട്ടർ

സാഹസിക യാത്രയ്ക്ക് തയ്യാറാകൂ, ചോളന്മാർ വരുന്നു; പൊന്നിയൻ സെൽവൻ മോഷൻ പോസ്റ്റർ
X

മണിരത്നം സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം 'പൊന്നിയൻ സെൽവന്റെ' മോഷൻ പോസ്റ്റർ റിലീസ് ചെയ്തു. ലൈക്ക പ്രൊഡക്ഷൻസ് ആണ് സോഷ്യൽ മീഡിയയിൽ പോസ്റ്റർ പങ്കുവച്ചത്. 'ശ്രദ്ധിക്കുക, ധൈര്യമായി ഇരിക്കൂ, ഒരു സാഹസിക യാത്രയ്ക്ക് തയ്യാറാകൂ, ചോളന്മാർ വരുന്നു' എന്ന ടാഗ് ലൈനോടെയാണ് പുതിയ പോസ്റ്റർ. പൊന്നിയൻ സെൽവൻ- പാർട്ട് 1 സെപ്റ്റംബർ 30തിന് തിയേറ്ററുകളിൽ എത്തും.

കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ നോവലിന്റെ അടിസ്ഥാനത്തിലാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചരിത്ര പ്രാധാന്യമുള്ള ചിത്രത്തില്‍ വലിയ താരനിര തന്നെയുണ്ട്. ആദിത്യ കരികാലന്‍ എന്നാണ് വിക്രം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. പ്രകാശ് രാജ് അവതരിപ്പിക്കുന്ന സുന്ദര ചോഴര്‍ എന്ന കഥാപാത്രം ആദ്യം അമിതാബ് ബച്ചനായിരുന്നു ചെയ്യാനിരുന്നത്. കുന്ധവി എന്നാണ് തൃഷ ചെയ്യുന്ന കഥാപാത്രത്തിന്റെ പേര്. ചോഴ രാജകുമാരിയാണ് കുന്ധവി.

എ ആര്‍ റഹ്‌മാന്‍ സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ രവി വര്‍മ്മനാണ്. മഡ്രാസ് ടാക്കീസും, ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് 'പൊന്നിയിന്‍ സെല്‍വന്‍' നിര്‍മ്മിക്കുന്നത്. രാമുജി ഫിലിം സിറ്റിയിലാണ് പൊന്നിയിന്‍ സെല്‍വന്റെ മിക്ക ഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്.

'പൊന്നിയിന്‍ സെല്‍വന്‍' ഇതുവരെ കണ്ട മണിരത്‌നം ചിത്രത്തില്‍ വെച്ച് വലിയ കാന്‍വാസാണ് എന്നും അതിനാല്‍ സിനിമ തിയേറ്ററിൽ തന്നെയായിരിക്കും റിലീസ് ചെയ്യുക എന്നും മണിരത്‌നം മുൻപ് വ്യക്തമാക്കിയിരുന്നു. അതേസമയം 'പൊന്നിയിൻ സെൽവൻ' ആദ്യ ഭാഗത്തിന്റെ സ്ട്രീമിങ്ങ് അവകാശം ആമസോൺ പ്രൈമിന്.125 കോടിക്കാണ് സ്ട്രീമിങ്ങ് അവകാശം വിറ്റുപോയത്. തിയേറ്റർ റിലീസിന് ശേഷമായിരിക്കും ആമസോണിലൂടെ സ്ട്രീമിങ്ങ് ആരംഭിക്കുക.

Story highlights: 'Get ready for an adventure, The Cholas are coming'; Ponniyan Selvan Motion Poster

Next Story