Top

'ബേബി മോളില്‍' നിന്ന് ഏറെ വളര്‍ന്ന് അന്ന ബെന്‍

ഏതാനും ചിത്രങ്ങള്‍ കൊണ്ടു തന്നെ മലയാള സിനിമയിലെ ഭാഗ്യ നായിക എന്ന വിളിപ്പേര് നേടിയ നടിയാണ് അന്ന. മധു .സി നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സില്‍ അന്ന ചെയ്ത ബേബി മോള്‍ എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്തത് തന്‍മയത്വത്തോടെയുള്ള അവതരണം കാരണമാണ്.

16 Oct 2021 11:19 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബേബി മോളില്‍ നിന്ന് ഏറെ വളര്‍ന്ന് അന്ന ബെന്‍
X

കുമ്പളങ്ങി നൈറ്റ്‌സിലെ ബേബി മോള്‍ എന്ന ഒരൊറ്റ കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് അന്ന ബെന്‍. കുമ്പളങ്ങി നൈറ്റ്‌സ് ഹിറ്റായതോടെ അന്നയും താരമായി മാറി. പിന്നീട് ചെയ്ത ചിത്രങ്ങള്‍ എല്ലാം ഒന്നിനൊന്നു വ്യത്യസ്തമാക്കി മാറ്റിയ അന്നയെ തേടി ഇപ്പോള്‍ സംസ്ഥാന ചലിചിത്ര അവാര്‍ഡും എത്തിയിരിക്കുകയാണ്.

പ്രശസ്ത തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലത്തിന്റെ മകളായ അന്ന 'വീട്ടില്‍ അറിയാതെ'യാണ് സിനിമയിലേക്ക് എത്തുന്നത്. സംവിധായകനും നിര്‍മാതാവുമായ ആഷിക് അബു സ്വന്തം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത കുമ്പളങ്ങി നൈറ്റ്‌സിന്റെ കാസ്റ്റിങ് കോള്‍ കണ്ടാണ് അന്ന അപേക്ഷിക്കുന്നത്. ചിത്രത്തിന്റെ ഓഡിഷനായി എത്തിയപ്പേള്‍ താന്‍ ബെന്നി പി. നായരമ്പലത്തിന്റെ മകളാണെന്ന കാര്യം അന്ന ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെ അറിയിച്ചിരുന്നില്ല. പിന്നീട് നാല് ഓഡിഷനുകള്‍ക്കുശേഷം ചിത്രത്തിലേക്ക് സെലക്ട് ചെയ്തപ്പോഴാണ് വീട്ടില്‍ പറയുന്നത്.

നടനും മിമിക്രി താരവുമായ അബിയുടെ മകന്‍ ഷെയിന്‍ നിഗത്തിനൊപ്പമായിരുന്നു അന്നയുടെ അരങ്ങേറ്റം. ഇരുവരും ഒരുമിച്ചുള്ള പ്രണയഗാനത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. കുമ്പളങ്ങി നൈറ്റ്‌സ് പ്രേക്ഷകര്‍ ഏറ്റെടുത്തപ്പോള്‍ തന്നെ അന്നയും ആരാധകരുടെ പ്രിയപ്പെട്ടവളായി. തുടര്‍ന്ന് അഭിനയിച്ച രണ്ടാം ചിത്രമായ ഹെലനിലും വ്യത്യസ്തമായ അഭിനയത്തിലൂടെ അന്ന ശ്രദ്ധ നേടിയിരുന്നു. ഹെലനിലെ പ്രകടനത്തിന് കഴിഞ്ഞ തവണ സംസ്ഥാന ചലചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ ജൂറിയുടെ പ്രത്യേക പുരസ്‌കാരം നേടിയ അന്ന ഇക്കുറി മികച്ച നടിക്കുള്ള അവാര്‍ഡ് തന്നെ കരസ്ഥമാക്കുകയായിരുന്നു. കപ്പേള എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ഇക്കുറി പുരസ്‌കാരം അന്നയെ തേടിയെത്തിയത്. കപ്പേളയ്ക്കു പുറമേ സാറാസ് എന്ന ചിത്രത്തിലും അന്ന ഈ വര്‍ഷം മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ആഷിക് അബു സംവിധാനം ചെയ്യുന്ന നാരദനാണ് പുറത്തിറങ്ങാനിരിക്കുന്ന അന്നയുടെ അടുത്ത ചിത്രം.

ഏതാനും ചിത്രങ്ങള്‍ കൊണ്ടു തന്നെ മലയാള സിനിമയിലെ ഭാഗ്യ നായിക എന്ന വിളിപ്പേര് നേടിയ നടിയാണ് അന്ന. മധു .സി നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സില്‍ അന്ന ചെയ്ത ബേബി മോള്‍ എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്തത് തന്‍മയത്വത്തോടെയുള്ള അവതരണം കാരണമാണ്.തീയറ്ററുകളെ പൂരപറമ്പാക്കിയ ചിത്രമായിരുന്നു കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രം. 2019 ല്‍ പുറത്തിറങ്ങിയ ഹെലന്‍ എന്ന ചിത്രമായിരുന്നു അന്നയുടെ രണ്ടാമത്തെത്. മാത്തുകുട്ടി സേവ്യര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഹെലന്‍ പോള്‍ എന്ന കഥാപാത്രമായാണ് അന്ന തിരശീലയില്‍ നിറഞ്ഞാടിയത്. ചിത്രം തിയ്യറ്ററുകളില്‍ ഗംഭീര വിജയമായിരുന്നു.

പിന്നീടാണ് കപ്പേള എന്ന ചിത്രത്തിലൂടെ അന്നബെന്‍ തന്റെ ഹാട്രിക്ക് വിജയം സ്വന്തമാക്കുിയത്. മുഹമദ്ദ് മുസ്തഫ എന്ന യുവ സം വിധായകന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ശ്രീനാഥ് ഭാസിയായിരുന്നു അന്നയ്‌ക്കൊപ്പം നായക വേഷത്തില്‍ അണിനിരന്നത്. ചിത്രത്തില്‍ ജെസി എന്ന അന്നയുടെ കഥാപാത്രവും ഏറെ പ്രേക്ഷക പ്രീതി നേടി.

വടുതല ചിന്മയ വിദ്യാലയത്തില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അന്ന ഫാഷന്‍ ഡിസൈനിങ്ങില്‍ ബിരുദധാരി കൂടിയാണ്. നിരവധി സംഗീത ആല്‍ബങ്ങളിലും 26-കാരിയായ അന്ന വേഷമിട്ടിട്ടുണ്ട്. സൈബര്‍ ഇടങ്ങളില്‍ സജീവമായ താരം തന്റെ വിശേഷങ്ങള്‍ എല്ലാം തന്നെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. കപ്പേളയിലെയും ഹെലനിലെയും അന്നയുടെ പ്രകടനത്തെ പ്രകീര്‍ത്തിച്ച് മുതിര്‍ന്ന് സംവിധായകരായ സത്യന്‍ അന്തിക്കാടും ജോഷിയും ഉള്‍പ്പടെയുള്ളവര്‍ രംഗത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോഴത്തെ അവാര്‍ഡ് നേട്ടം.

Next Story

Popular Stories