Top

ദി ബോയ്സ് മുതൽ ജനഗണമന വരെ: ജൂൺ ആദ്യവാരത്തിലെ ഒടിടി റിലീസുകൾ

ജൂൺ ആദ്യവാരത്തിലെ ഒടിടി റിലീസുകൾ

1 Jun 2022 9:31 AM GMT
ഫിൽമി റിപ്പോർട്ടർ

ദി ബോയ്സ് മുതൽ ജനഗണമന വരെ: ജൂൺ ആദ്യവാരത്തിലെ ഒടിടി റിലീസുകൾ
X

ഏറെ പ്രേക്ഷക-നിരൂപക പ്രശംസ നേടിയ ഡിജോ ജോസ് ആൻ്റണി-പൃഥ്വിരാജ് ചിത്രം ജന ഗണ മന തിയേറ്റർ പ്രദർശനത്തിനു ശേഷം ഈ ആഴ്ചയിൽ ഒടിടി റിലീസിനെത്തുകയാണ്. കെജിഎഫ്2, കോൾ മി ബൈ യുവർ നെയിം, ഒപ്പം ജനപ്രിയ ആമസോൺ- നെറ്റ്ഫ്ലിക്സ് സീരിസുകളുടെ പുതിയ സീസണുകളുടെ റിലീസും ഈ വാരത്തിൽ ഉണ്ട്. ജനപ്രിയ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ ജൂൺ ആദ്യ വാരം റിലീസ് ചെയ്യുന്ന ഷോകളും സിനിമകളും ഏതൊക്കെയെന്ന് അറിയാം.

കോൾ മി ബൈ യുവർ നെയിം(2017) / ജൂൺ 1 / ആമസോൺ പ്രൈം

തിമോത്തി ചാലമെറ്റ്(Timothée Chalamet) നായകനായി എത്തിയ 2017-ലെ കോൾ മീ ബൈ യുവർ നെയിം നീണ്ട കാത്തിരുപ്പുകൾക്കൊടുവിൽ ഒടിടി റിലീസായി എത്തുകയാണ്. സൺഡാൻസ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ചിത്രം നിറഞ്ഞ കൈയടിയും നിരൂപക പ്രശംസയും നേടിയിരുന്നു. ലൂക്കാ ഗ്വാഡഗ്‌നിനോ(Luca Guadagnino) സംവിധാനം ചെയ്ത ചിത്രത്തിൻ്റെ ഇന്ത്യയിലെ റിലീസ് ആമസോൺ പ്രൈമിലൂടെ ജൂൺ ഒന്നിനാണ്.

ജന ഗണ മന / ജൂൺ 2 / നെറ്റ്ഫ്ലിക്സ്

ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത് പൃഥ്വിരാജ് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന കഥാപാത്രങ്ങളായ ജനഗണമന ഈ ആഴ്‌ചയിലെ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന OTT റിലീസുകളിലൊന്നാണ്. ബോക്‌സ് ഓഫീസിൽ വമ്പിച്ച വിജയം നേടിയ ചിത്രം ഒരു പൊളിറ്റിക്കൽ ത്രില്ലറാണ്. മംമ്ത മോഹൻദാസ്, ശ്രീ ദിവ്യ, ധ്രുവൻ, ശാരി, ഷമ്മി തിലകൻ, രാജാ കൃഷ്ണമൂർത്തി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. ജൂൺ 2ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം എത്തുക.

ബോർഗൻ സീസൺ 4 / ജൂൺ 2 / നെറ്റ്ഫ്ലിക്സ്

പൊളിറ്റിക്കൽ ഡ്രാമ സീരീസ് ബോർഗൻ്റെ ആരാധകർക്ക് ഈ ആഴ്ച് ഏറെ സന്തോഷം നൽകുന്നതാകും. നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്ന ചിത്രത്തിൻ്റെ പുതിയ സീസൺ ഈ ആഴ്ച എത്തുകയാണ്. ജൂൺ 2നാണ് സീസൺ 4ൻ്റെ റിലീസ്.

9 അവേഴ്സ് / ജൂൺ 2/ ഡിസ്നി+ ഹോട്ട്സ്റ്റാർ

നിരഞ്ജൻ കൗശിക്, ജേക്കബ് വർഗീസ് എന്നിവർ സംവിധാനം ചെയ്ത '9 അവേഴ്‌സ്' ജൂൺ 2 ന് റിലീസ് ചെയ്യും. ഡിസ്നി+ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം എത്തുക. ഒരു ജയിലിനുള്ളിലെ 3 തടവു പുള്ളികളെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. ഒരു ബാങ്ക് കൊള്ള നടത്താൻ സെല്ല് തകർത്ത് അവർ പുറത്തിറങ്ങുന്നതോടെയാണ് ചിത്രം വഴിത്തിരിവിലേയ്ക്ക് കടക്കുന്നത്.

ദി ബോയ്സ് സീസൺ 3 / ജൂൺ 3/ ആമസോൺ പ്രൈം

എമി അവാർഡിന് നാമനിർദേശം ചെയ്യപ്പെട്ടിട്ടുള്ള ജനപ്രിയ വെബ് സീരീസാണ് ദി ബോയ്സ്. 2020 ഒക്ടോബറിൽ സീസൺ 2 പുറത്തിറങ്ങിയതിന് ശേഷം മൂന്നാം സീസണിനായി 20 മാസത്തെ കാത്തിരിപ്പിലായിരുന്നു ആരാധകർ. കാത്തിരുപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് പുതിയ സീസൺ ജൂൺ 3ന് റിലീസ് ചെയ്യുകയാണ്. മൂന്നാം സീസണിൽ 8 എപ്പിസോഡുകളാണ് ഉണ്ടാകുക. എന്നാൽ എല്ലാ എപ്പിസോഡുകളും ഒരുമിച്ച് റിലീസ് ചെയ്യില്ല. ആദ്യ മൂന്ന് എപ്പിസോഡുകൾ ജൂൺ 3-ന് റിലീസ് ചെയ്യും, തുടർന്ന് ജൂലൈ 8 വരെ ആഴ്ചതോറും ഓരോ പുതിയ എപ്പിസോഡുകളായാകും റിലീസ്. ഗാർത്ത് എന്നിസിന്റെയും(Garth Ennis) ഡാരിക്ക് റോബർട്ട്‌സണിന്റെയും(Darick Robertson) അതേ പേരിലുള്ള കോമിക് പുസ്തകത്തെ അടിസ്ഥാനമാക്കി നിർമ്മിക്കപ്പെട്ടിട്ടുള്ളതാണ് സീരീസ്.

കെജിഎഫ് ചാപ്റ്റര്‍ 2 / ജൂൺ 3 / ആമസോൺ പ്രൈം

പ്രശാന്ത് നീലിന്റെ സംവിധാനത്തിൽ യഷ് നായകനായെത്തിയ 'കെജിഎഫ് : ചാപ്റ്റര്‍ 2' ന്റെ നിറഞ്ഞ സദസ്സിലാണ് തിയേറ്ററിൽ ഓടിയത്. ചിത്രത്തിൻ്റെ ഒടിടി റിലീസ് ഈ വാരത്തിലാണ്. റിലീസിന് മുൻപേ തന്നെ 199 രൂപയ്ക്ക് ചിത്രം വാടക അടിസ്ഥാനത്തിൽ ആമസോണ്‍ പ്രൈം വീഡിയോ ലഭ്യമാക്കിയിരുന്നു. പ്രൈം വരിക്കാര്‍ക്കും പ്രൈം വരിക്കാരല്ലാത്തവര്‍ക്കും ചിത്രം ലഭ്യമായിരുന്നു. എന്നാൽ ജൂൺ 3 മുതൽ ചിത്രം ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീമിങ് തുടങ്ങുകയാണ്.

ആങ്കർമാൻ 2: ദി ലെജെൻ്റ് കണ്ടിന്യൂസ് / ജൂൺ 5 / ആമസോൺ പ്രൈം വീഡിയോ

ആങ്കർമാൻ 2: ദി ലെജെൻ്റ് കണ്ടിന്യൂസ് ഈ ആഴ്ച എത്തും. ജൂൺ 5നാണ് ആമസോൺ പ്രൈമിൽ സീരീസിൻ്റെ രണ്ടാം സീസൺ എത്തുക. 2003ൽ റിലീസ് ചെയ്ത ജനപ്രിയ സീരീസിൻ്റെ രണ്ടാം ഭാഗം എത്തിയത് 2013ൽ ആയിരുന്നു.

തന്റെ മുൻ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന് ശേഷം ന്യൂയോർക്കിലെ ആദ്യത്തെ 24 മണിക്കൂർ വാർത്താ ചാനലിൽ ജോലിക്ക് കയറുന്ന സാൻ ഡിയാഗോയിൽ നിന്നുള്ള ഒരു പ്രശസ്ത വാർത്താ അവതാരകന്റെ കഥയാണ് സീരീസ് പറയുന്നത്.

Story Highlights: check fresh ott releases to stream online in first week of june

Next Story