Top

'പ്രതാപത്തിലേക്ക് ഉണരുന്നു'; 'കടുവ'യ്‌ക്കൊപ്പം തിയ്യേറ്ററുകള്‍ ഗര്‍ജിക്കുന്നുവെന്ന് ആന്റോ ജോസഫ്

'കുറച്ച് നാളുകളായി കേരളത്തിലെ തിയ്യേറ്ററുകളില്‍ ആളനക്കമില്ലായിരുന്നു'

8 July 2022 12:09 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രതാപത്തിലേക്ക് ഉണരുന്നു; കടുവയ്‌ക്കൊപ്പം തിയ്യേറ്ററുകള്‍ ഗര്‍ജിക്കുന്നുവെന്ന് ആന്റോ ജോസഫ്
X

കൊവിഡിന് ശേഷം മലയാളികള്‍ വീണ്ടും തിയ്യേറ്ററുകളിലേക്ക് എത്തുന്നുവെന്ന് നിര്‍മ്മാതാവ് ആന്റോ ജോസഫ്. കഴിഞ്ഞ ദിവസം റിലീസായ ഷാജി കൈലാസ്- പൃഥ്വിരാജ് ചിത്രം 'കടുവ'യ്ക്ക് ലഭിച്ച സ്വീകാര്യത ചൂണ്ടിക്കാട്ടിയാണ് ഹിറ്റ് സിനിമകളുടെ നിര്‍മ്മാതാവിന്റെ അവകാശവാദം. തിയ്യേറ്ററുകള്‍ വീണ്ടും പ്രതാപത്തിലേക്ക് ഉണരുകയാണെന്നും 'കടുവ' എന്ന സിനിമയ്‌ക്കൊപ്പം ഗര്‍ജിച്ചു തുടങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.

'മലയാളികളുടെ ആഘോഷത്തിന്റേയും ആഹ്ലാദത്തിന്റേയും ഏറ്റവും വലിയ അടയാളങ്ങളിലൊന്നാണ് സിനിമ തിയ്യേറ്ററുകള്‍. എന്നാല്‍, കുറച്ച് നാളുകളായി കേരളത്തിലെ തിയ്യേറ്ററുകളില്‍ ആളനക്കമില്ലായിരുന്നു. 'ഹൗസ് ഫുള്‍' എന്ന ബോര്‍ഡ് തൂങ്ങിയിരുന്നിടത്ത് 'നോ ഷോ ' എന്ന ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. എന്തായിരുന്നു അതിന് കാരണമെന്ന് ആര്‍ക്കും കണ്ടെത്താനാകുന്നില്ല. കൊവിഡ് കീഴ്‌മേല്‍ മറിച്ചവയുടെ കൂടെ തീയറ്ററുകളും എന്ന് ലളിതമായി പറയാമെങ്കില്‍ക്കൂടി', ആന്റോ ജോസഫ് പറയുന്നു.

കടുവ കാണാനായി മഴയെ തോല്‍പ്പിച്ചും കാണികള്‍ ഇടിച്ചു കുത്തിയെത്തുന്നുവെന്ന് പറഞ്ഞ ആന്റോ ജോസഫ്, സംവിധായകന്‍ ഷാജി കൈലാസിനും നായകന്‍ പൃഥ്വിരാജിനും നിര്‍മ്മാതാക്കളായ സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ജിനു എബ്രഹാമിനും മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞു. ഒരു വ്യവസായത്തിന്റെ ഏറ്റവും ഊര്‍ജ്ജസ്വലമായ മുഹൂര്‍ത്തങ്ങളെയാണ് തിരികെ തന്നതെന്നും ഈ ആവേശം ഇനിയെന്നും തിയ്യേറ്ററുകളില്‍ നിറയട്ടെയെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

ഇന്നലെ റിലീസായ ചിത്രത്തിന് മികച്ച പ്രതികരണമാണ് ആദ്യ ദിവസം ലഭിച്ചത്. മാസ് എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രം നല്‍കുന്നത് എന്നാണ് പൊതു അഭിപ്രായം. ആക്ഷന് പ്രാധാന്യം കൊടുക്കുന്ന ചിത്രത്തിന്റെ ബാക്ക്ഗ്രൗണ്ട് സ്‌കോറും ആവേശം പകരുന്നതാണ്. ലാഗില്ലാതെ വളരെ വേഗത്തിലാണ് കഥ സഞ്ചരിക്കുന്നത്. ചിത്രത്തില്‍ അലന്‍സിയര്‍, സന്തോഷ്, കലാഭവന്‍ ഷാജോണ്‍, സീമ എന്നിവര്‍, മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നു. വില്ലന്‍ വേഷത്തില്‍ വിവേക് ഒബ്‌റോയുടെ പ്രകടനവും എടുത്തു പറയേണ്ടതാണ്. കേരളത്തില്‍ ഇന്നലെ റിലീസ് ചെയ്ത ചിത്രം മറ്റു ഭാഷകളില്‍ ഇന്നാണ് പൃത്തിറങ്ങുക.

STORY HIGHLIGHTS: Film Producer Anto Joseph says Kerala Theaters are back as Prithviraj starrer Kaduva releases

Next Story