
ഫഹദ് ഫാസില്‍, ഇഷ തെല്‍വാര്‍, മൈഥിലി, ലാല്‍ എന്നിവര്‍ ഒന്നിച്ച സിനിമയായിരുന്നു ഓണ്‍ കണ്‍ട്രി. വാസുദേവ് സനല്‍ ആണ് ചിത്രം സംവിധാനം ചെയ്തിരുന്നത്. ഫഹദ് ഫാസിൽ സ്റ്റാര്‍ഡത്തിലേക്ക് കടക്കുന്ന സമയത്താണ് ഈ സിനിമ ചെയ്യുന്നതെന്നും പുതിയ ജനറേഷൻ സിനിമയിൽ തിരുത്തലുകൾ കൊണ്ടുവരുന്ന കാലഘട്ടത്തിൽ രൂപം ഒരു വിഷയമല്ലെന്ന് തെളിയിച്ച നടനാണ് ഫഹദ് എന്ന പറയുകയാണ് വാസുദേവ് സനല്‍. എന്നാൽ ഫഹദിന് മുന്നേ മേക്കപ്പിലോ ഫിസിക്കിലോ ഒരു വ്യതിയാനവും വരുത്താതെ അഭിനയിച്ച നടൻ ഭാരത് ഗോപിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാസ്റ്റര്‍ ബിന്നിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.
‘ഫഹദ് ഒരു സ്റ്റാര്‍ഡത്തിലേക്ക് നീങ്ങുന്ന സമയത്താണ് ഗോഡ്‌സ് ഓണ്‍ കണ്‍ട്രി എന്ന സിനിമ ചെയ്യുന്നത്. അന്നത്തെ പുതിയ ജനറേഷനിലെ അഭിനേതാക്കളെല്ലാം മികച്ചവരാണെന്ന് പ്രൂവ് ചെയ്ത സമയമായിരുന്നു അത്. ഫഹദ് ആണെങ്കില്‍ ഏത് കഥാപാത്രവും ഗംഭീരമായി ചെയ്യാന്‍ സാധിക്കുന്ന അഭിനേതാവായിരുന്നു. വേറെ തന്നെയൊരു ബോഡി ലൈനും വേറെയൊരു റെന്ററിങ്ങുമായിരുന്നു അന്ന് ഫഹദിന് ഉണ്ടായിരുന്നത്.
സിനിമ മാറാന്‍ തുടങ്ങിയ സമയമായിരുന്നു അതെന്നും പറയാം. പുതിയ ജനറേഷന്‍ വന്ന സമയമല്ലേ. ആക്ടിങ് രീതിയും ശബ്ദവും ബോഡി ഫിഗറുമൊക്കെ വേറെയൊരു തിരുത്തലിന്റെ തലത്തിലേക്ക് സഞ്ചരിക്കാന്‍ തുടങ്ങിയിരുന്നു. കാരണം കഷണ്ടിയുള്ള നടനാണ് ഫഹദ് ഫാസില്‍. അയാള്‍ അതൊന്നും ശ്രദ്ധിച്ചിരുന്നില്ല. സിനിമയില്‍ പിന്നെ പതിയെ അതൊന്നും ഒരു പ്രശ്‌നമല്ലാതെയായി. രൂപം ഒരു പ്രശ്‌നമല്ലെന്ന രീതിയായി.
പക്ഷെ രൂപം ഒരു പ്രശ്‌നമല്ലെന്ന് സിനിമയില്‍ മുമ്പേ തന്നെ തെളിയിച്ചതാണ്. എനിക്ക് എപ്പോഴും ആ ആക്ടറുമായാണ് കമ്പാരിസണ്‍. അത് ഭരത് ഗോപിയാണ്. മേക്കപ്പിലോ ഫിസിക്കിലോ ഒരു വ്യതിയാനവും വരുത്താതെയാണ് അദ്ദേഹം അഭിനയിച്ചത്. അഡീഷണല്‍ മേക്കപ്പ് കൊണ്ടോ കോസ്റ്റിയൂം കൊണ്ടോ അദ്ദേഹം സ്വയം മാറിയില്ല. ഏത് രീതിയിലാണോ അദ്ദേഹം കഴിഞ്ഞ സിനിമയില്‍ വന്നത്, അതേപോലെ തന്നെയാകും അടുത്ത സിനിമയിലും വരുന്നത്. പക്ഷെ കഥാപാത്രങ്ങള്‍ രണ്ടും തമ്മില്‍ വലിയ വ്യത്യാസമാകും,’ വാസുദേവ് സനല്‍ പറഞ്ഞു.
Content Highlights: Vasudev Sanal says Bharat Gopi is the actor who brought change in cinema before Fahadh Faasil