
നടൻ പൃഥ്വിരാജ് തന്നെ സിനിമയിൽ നിന്ന് മാറ്റാൻ ഇടപെട്ടുവെന്ന് ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി മുമ്പ് പറഞ്ഞത് സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. ഇപ്പോഴിതാ നടനെതിരെ വീണ്ടും തുറന്നടിച്ചിരിക്കുകയാണ് കൈതപ്രം. പൃഥ്വിരാജ് തന്നെ സംബന്ധിച്ചിടത്തോളം ആരുമല്ല. മലയാള സിനിമ പൃഥ്വിരാജിന്റെ കുത്തകയായാൽ പോലും തനിക്ക് ഭയപ്പെടേണ്ട ആവശ്യമില്ലെന്ന് കൈതപ്രം പറഞ്ഞു. ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് സംസാരിക്കുകയായിരുന്നു കൈതപ്രം ദാമോദരൻ നമ്പൂതിരി.
ഒരിക്കൽ ദേവരാജൻ മാസ്റ്റർ തന്നോട് പറഞ്ഞിട്ടുണ്ട്, യേശുദാസിന്റെ ഒരേയൊരു തെറ്റ് അദ്ദേഹമാണ് ലോകത്തിലെ ഏറ്റവും മികച്ച ഗായകനെന്ന് അദ്ദേഹത്തിനും അറിയാമായിരുന്നു എന്നതാണെന്ന്. അതുപോലെ തന്റെ കഴിവും തനിക്കറിയാം. താൻ എന്തെങ്കിലും നേടിയിട്ടുണ്ടെങ്കിൽ അത് തപസ്സും സമർപ്പണവും വഴിയാണ് എന്ന് കൈതപ്രം പറഞ്ഞു. മലയാള സിനിമയിലെ പുതിയ തലമുറയ്ക്ക് നല്ല ഗാനങ്ങൾ തിരിച്ചറിയാൻ പോലും കഴിയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
മുമ്പ് ദീപക് ദേവ് സംഗീത സംവിധാനം ചെയ്ത സിനിമയില് പാട്ടെഴുതാനായി വിളിച്ചുവരുത്തിയ ശേഷം പൃഥ്വിരാജ് ഇടപെട്ട് ഒഴിവാക്കി എന്നായിരുന്നു കൈതപ്രം ആരോപിച്ചത്. '72 വയസായ ഞാന് മുടന്തി മുടന്തിയാണ് ദീപക് ദേവിന്റെ സ്റ്റുഡിയോയില് പോയത്. പാട്ട് എഴുതിയിട്ട് എന്നെ പറഞ്ഞയക്കുമ്പോഴുള്ള വേദന എത്രയാണെന്ന് ആലോചിച്ചു നോക്കൂ. എന്റെ വേദന പൃഥ്വിരാജ് ഇത്രയും മണ്ടനായിപ്പോയല്ലോയെന്ന് ആലോചിച്ചാണ്,' എന്നായിരുന്നു കൈതപ്രം അന്ന് പറഞ്ഞത്.