Top

'ഇത്തിക്കരപ്പക്കി അല്‍പം ഫാൻറ്സി കഥാപാത്രമാണ്, മാലിക്ക് ചെയ്യുമ്പോള്‍ മുന്നിലൊരു കാലഘട്ടമുണ്ടായിരുന്നു'; കോസ്റ്റ്യൂം ഡിസൈനർ ധന്യ ബാലകൃഷ്ണൻ അഭിമുഖം

കൊച്ചുണ്ണി എന്നത് അൽപം ഫാന്റസി നിറഞ്ഞ സിനിമയായിരുന്നു. റിയലിസ്റ്റിക്ക് ആയി ഒരുക്കിയ സിനിമയായിരുന്നില്ല. അതുകൊണ്ട് തന്നെ ക്രീയേറ്റീവ് ഫ്രീഡം ഉണ്ടായിരുന്നു.

30 Oct 2021 12:59 PM GMT
ജോയേല്‍ സ്റ്റാലിന്‍

ഇത്തിക്കരപ്പക്കി അല്‍പം ഫാൻറ്സി കഥാപാത്രമാണ്, മാലിക്ക് ചെയ്യുമ്പോള്‍ മുന്നിലൊരു കാലഘട്ടമുണ്ടായിരുന്നു; കോസ്റ്റ്യൂം ഡിസൈനർ ധന്യ ബാലകൃഷ്ണൻ അഭിമുഖം
X

സഖാവ്, കായംകുളം കൊച്ചുണ്ണി, മാലിക്. ഈ സിനിമകൾക്ക് പൂർണ്ണത ഒരു ഘടകം തന്നെയായിരുന്നു ആ ചിത്രങ്ങളിലെ കഥാപാത്രങ്ങളുടെ വസ്ത്രങ്ങൾ. ഓരോ കാലഘട്ടങ്ങളുടെ കഥ പറയുന്ന ഈ ചിത്രങ്ങളുടെ വസ്ത്രാലങ്കാരം നിർവഹിച്ചത് ഒരേയാളാണ്, ധന്യ ബാലകൃഷ്ണൻ. മാലിക്കിലൂടെ ഈ വർഷത്തെ മികച്ച വസ്ത്രാലങ്കാരത്തിനുള്ള സംസ്ഥാന പുരസ്കാരവും സ്വന്തമാക്കിയ ധന്യ തന്റെ വിശേഷങ്ങൾ റിപ്പോർട്ടർ ലൈവിനോട് പങ്കുവെക്കുന്നു.

വസ്ത്രാലങ്കാരം മേഖലയിലേക്ക് തിരിയാനുള്ള കാരണം?

പ്ലസ് ടു കഴിഞ്ഞ സമയം മുതൽ കോസ്റ്റ്യൂം ഡിസൈനിങ് മേഖലയോട് ഒരു താൽപര്യം ഉണ്ടായിരുന്നു. എന്നാൽ വീട്ടുകാർ സമ്മതിച്ചില്ല. പിന്നീട് ബിരുദത്തിന് ശേഷം ഈ മേഖലയിലേക്ക് തിരിഞ്ഞു. പിന്നെ വസ്ത്രാലങ്കാരത്തോട് എന്താണ് ഇത്ര താൽപര്യം എന്ന് ചോദിച്ചാൽ കുട്ടിക്കാലം മുതൽ ഷോപ്പിങ്ങ് ക്രെയ്സ് ഉള്ള ആളാണ് ഞാൻ. നിറങ്ങളുടെ ലോകമാണ്. അതുപോലെ ഒരേ ജോലി ചെയ്തു ബോർ അടിക്കേണ്ടി വരില്ലല്ലോ. എല്ലാ ദിവസവും പുതിയ കാര്യങ്ങളാണ് കാണാൻ കിട്ടുക.

കായംകുളം കൊച്ചുണ്ണി, മാലിക്. രണ്ടു സിനിമകളും ഒരു കാലഘട്ടത്തെ വരച്ചു കാട്ടുന്ന സിനിമകൾ. എന്തൊക്കെ മുന്നൊരുക്കങ്ങളാണ് സ്വീകരിച്ചത്?

പീരീഡ് മൂവീസിന് എല്ലാം തന്നെ രണ്ട്- മൂന്ന് മാസത്തെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ഉണ്ടായിരുന്നു. ആ സമയത്ത് ഏറെ റിസർച്ചുകൾ ആവശ്യമാണ്. കൊച്ചുണ്ണിയുടെ കാര്യം എടുത്തു നോക്കിയാൽ ആ കാലഘട്ടം കാണിക്കുന്ന ഫോട്ടോഗ്രാഫ്സ് ഒന്നും തന്നെ ലഭ്യമല്ലായിരുന്നു. രവി വർമയുടെ ചില ചിത്രങ്ങൾ മാത്രമാണ് കിട്ടിയത്. അതുപോലെ ഞങ്ങൾ ചില കൊട്ടാരങ്ങളിൽ പോയിരുന്നു. അവിടെ ഉണ്ടായിരുന്ന ചില പെയിന്റിങ്ങ്സ്, പുസ്തകങ്ങൾ ഇവയിൽ നിന്നും കിട്ടിയ വിവരങ്ങളാണ് നമ്മൾ ഉപയോഗിച്ചത്. കൊച്ചുണ്ണി എന്നത് അൽപം ഫാന്റസി നിറഞ്ഞ സിനിമയായിരുന്നു. റിയലിസ്റ്റിക്ക് ആയി ഒരുക്കിയ സിനിമയായിരുന്നില്ല. അതുകൊണ്ട് തന്നെ ക്രീയേറ്റീവ് ഫ്രീഡം ഉണ്ടായിരുന്നു. റോഷൻ സാർ അതിന്റെ എലമെന്റ്സ് എടുത്ത് നമ്മുടേതായ രീതിയിൽ ചെയ്യാം എന്നാണ് പറഞ്ഞത്. ബാക്കിയൊക്കെ ലോജിക്കാണ് ഉപയോഗിച്ചത്. അന്ന് അധികം ഡൈസസ്‌ ഇല്ലല്ലോ. കെമിക്കൽ ഡൈസില്ല. അതിനാൽ തന്നെ ഒരുപാട് കളറുകൾ നമുക്ക് കിട്ടാൻ സാധ്യതയില്ല. ലഭിക്കാൻ സാധ്യത നാച്ചുറൽ ഡൈസാണ്. അപ്പോൾ ഒരുപാട് പ്രകാശമാർന്ന നിറങ്ങൾ ലഭിക്കില്ല. അത്തരം ലോജിക്കാണ് ഉപയോഗിച്ചത്. മാലിക്കിലേക്ക് വന്നാൽ നമുക്ക് മുന്നിൽ ഒരു കാലഘട്ടമുണ്ട്. കണ്ടുമറന്ന ആളുകളുണ്ട്. എന്നാൽ അവിടെ യും പ്രശ്നമുണ്ട്. ഭീമാപള്ളി പോലെയുള്ള സ്ഥലത്തെ കളർ പാറ്റേൺ ആയിരിക്കില്ല കൊച്ചിയിലും പാലക്കാടും, വ്യത്യാസങ്ങളുണ്ട്. അപ്പോൾ അവിടെ പോയി ഫോട്ടോസ് ശേഖരിച്ചു. പിന്നെ കുറച്ച് മെറ്റീരിയൽസ് മഹേഷ് സാർ തന്നു. ചില സിനിമകൾ കണ്ടു. എന്നാൽ സിനിമകളുടെ പ്രശ്നം എന്തെന്നാൽ അതിശയോക്തി നിറഞ്ഞതായിരിക്കും. നമുക്ക് ഉറപ്പിക്കാൻ കഴിയില്ല. എന്നാലും കുറച്ച് സിനിമകൾ കണ്ടു. പിന്നെ ചില സുഹൃത്തുക്കളും സഹായിച്ചു.

ചെയ്തതിൽ കൂടുതലും പിരിയോഡിക്ക് ചിത്രങ്ങൾ. എന്താണ് അതിനുള്ള കാരണം?

സത്യത്തിൽ അത് അങ്ങനെ സംഭവിച്ചു പോയതാണ്. ആദ്യം സഖാവാണ് ചെയ്തത്. സഖാവ് ചെയ്തപ്പോൾ ആണ് അതിലെ ആവേശം മനസ്സിലാക്കിയത്. ഈ കാലഘട്ടം കാണിക്കാൻ കുറച്ചു കൂടെ എളുപ്പമാണ്. എന്നാൽ പിരിയോഡിക്ക് ചിത്രങ്ങൾ ചെയ്യാൻ കുറച്ചുകൂടെ ബുദ്ധിമുട്ടേണ്ടി വരും. നമ്മൾ കുറച്ച് വർക്ക് ചെയ്യുന്നു എന്ന തോന്നലും ഉണ്ടാക്കും. സഖാവിന് ശേഷം വന്ന സിനിമകൾ എല്ലാം തന്നെ പിരിയോഡിക്ക് ചിത്രങ്ങൾ ആയിരുന്നു. സഖാവ് കണ്ടാണ് ടേക്ക് ഓഫും കൊച്ചുണ്ണിയും എല്ലാം വന്നത്.

കായംകുളം കൊച്ചുണ്ണിയിൽ മോഹൻലാൽ ചെയ്ത ഇത്തിക്കര പാക്കി എന്ന കഥാപാത്രത്തിനായി അൽപ്പം ഹോളിവുഡ് സ്റ്റൈൽ വസ്ത്രങ്ങൾ ആയിരുന്നല്ലോ. അതിനു പിന്നിലെ കാരണങ്ങൾ?

പക്കിയെക്കുറിച്ച് പറയുമ്പോൾ അത് അൽപ്പം ഫാന്റസി കഥാപാത്രമായിരുന്നു. വിദേശത്തു നിന്നുള്ള വരവ് ഉള്ള സമയമാണ്. അദ്ദേഹത്തിന്റെ ബൂട്ട്സ് ആയാലും മറ്റു വസ്ത്രങ്ങൾ ആയാലും ആരെങ്കിലും സമ്മാനിച്ചതായിരിക്കാം. പക്കി ഒരു കള്ളൻ ആയതുകൊണ്ട് തന്നെ മോഷ്ടിക്കാൻ പോയ സ്ഥലത്ത് നിന്നും എടുത്തതുമാകാം. വസ്ത്രങ്ങൾ ഇൻഡോ- വെസ്റ്റേൺ മിക്സ് ആയിട്ടാണ് ഒരുക്കിയത്. പക്കി വിദേശികളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ആയിരിക്കാം ആ വസ്ത്രങ്ങൾ ധരിച്ചത്. പക്കി ഒരു ഫാന്റസിയാണ്. ചരിത്രത്തിൽ എവിടെയും കൊച്ചുണ്ണിയും പക്കിയും തമ്മിൽ പരിചയം ഉള്ളതായി പറയുന്നില്ല. സിനിമ ക്രിയേറ്റഡ്‌ വേർഷൻ ആയിരുന്നു. അതിനാൽ തന്നെ പക്കിയുടെ വസ്ത്രങ്ങളും ക്രിയേറ്റഡ്‌ വേർഷൻ ആണ്.

ഇന്ത്യയിൽ ആദ്യമായി ഒരു ഓസ്കാർ ലഭിച്ചത് വസ്ത്രാലങ്കാരത്തിന് ആയിരുന്നല്ലോ. എന്നിട്ടും വസ്ത്രാലങ്കാരം എന്ന വിഭാഗത്തിന് പ്രേക്ഷകർക്കിടയിൽ ലഭിക്കേണ്ട പ്രാധാന്യം ലഭിക്കുന്നില്ല എന്ന് തോന്നിയിട്ടുണ്ടോ?

വസ്ത്രാലങ്കാരം എന്നത് മാത്രമല്ല ടെക്നിക്കൽ സൈഡിനെ നമ്മൾ ശ്രദ്ധിക്കാൻ തുടങ്ങിയിട്ട് അധികം നാളുകൾ ആയിട്ടില്ല. എഡിറ്റേഴ്സ്, ഛായാഗ്രഹകർ എല്ലാവരെയും ഇപ്പോൾ പ്രേക്ഷകർ ശ്രദ്ധിക്കാൻ തുടങ്ങി, അതേപോലെ ഞങ്ങളെയും. എല്ലാവരും ശ്രദ്ധിക്കുന്നു എന്ന് പറയാൻ സാധിക്കില്ല. എന്നാൽ ചെറിയ ഒരു ശതമാനം ശ്രദ്ധിക്കാൻ തുടങ്ങി.

സംസ്ഥാന പുരസ്കാരത്തെക്കുറിച്ച് എന്ത് പറയുന്നു?

'ഹാപ്പിനെസ്സ്'. അതിയായ സന്തോഷം തന്നെയാണ് തോന്നുന്നത്.

Next Story