Top

ബിച്ചു തിരുമലയുടെ മരണത്തില്‍ അനുശോചനം അറിയിച്ച് പ്രമുഖര്‍

സംഗീത ലോകത്തിന് മാത്രമല്ല ആരാധകര്‍ക്കും തീരാ നഷ്ടമാണ് അദ്ദേഹത്തിന്റെ മരണം തീര്‍ത്തത്

26 Nov 2021 3:27 AM GMT
ഫിൽമി റിപ്പോർട്ടർ

ബിച്ചു തിരുമലയുടെ മരണത്തില്‍ അനുശോചനം അറിയിച്ച് പ്രമുഖര്‍
X

പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമലയുടെ അപ്രതീക്ഷിതവിയോഗത്തില്‍ ആദരാഞ്ജലികളര്‍പ്പിച്ച് പ്രമുഖര്‍. സംഗീത ലോകത്തിന് മാത്രമല്ല ആരാധകര്‍ക്കും തീരാ നഷ്ടമാണ് അദ്ദേഹത്തിന്റെ മരണം തീര്‍ത്തത്. മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, സജി ചെറിയാന്‍, വി ശിവന്‍കുട്ടി, സ്പീക്കര്‍ എം ബി രാജേഷ്, നടന്‍ ടിനി ടോം, ഗാനരചയിതാവ് വിനായക് ശശികുമാര്‍തുടങ്ങിയ നിരവധി പേരാണ് താരത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്.

'പ്രശസ്ത ഗാനരചയിതാവും കവിയുമായ ബിച്ചു തിരുമലയുടെ നിര്യാണത്തില്‍ അനുശോചനം അറിയിക്കുന്നു. മലയാളികളുടെ മനസ്സില്‍ മായാതെ പതിഞ്ഞ നിരവധി ഗാനങ്ങളുടെ ശില്പിയാണ് അദ്ദേഹം. എഴുപതുകള്‍ മുതല്‍ മരിക്കുന്നതുവരെ അദ്ദേഹം സജീവമായി ഗാനരചന നടത്തി. നിരവധി സിനിമാഗാനങ്ങളും ലളിതഗാനങ്ങളും എഴുതി. ബിച്ചു തിരുമല എഴുതി എ ടി ഉമ്മര്‍ സംഗീതം നല്‍കി എസ് ജാനകി പാടിയ 'രാകേന്ദുകിരണങ്ങള്‍ ഒളിവീശിയില്ല' എന്ന ഗാനം എനിക്ക് വളരെ ഇഷ്ടമുള്ള മലയാള സിനിമാഗാനമാണ്. അദ്ദേഹം എഴുതി ജയവിജയന്മാര്‍ സംഗീതം നല്‍കി യേശുദാസ് പാടിയ 'നക്ഷത്രദീപങ്ങള്‍ തിളങ്ങീ' എന്ന ഗാനം മലയാളത്തിലുണ്ടായ ജനപ്രിയഗാനങ്ങളിലൊന്നാണ്. ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപ്പൈങ്കിളീ, മിഴിയോരം നനഞ്ഞൊഴുകും, ഏഴു സ്വരങ്ങളും തഴുകിവരുന്നൊരു ഗാനം, ഒറ്റക്കമ്പി നാദം മാത്രം, ശ്രുതിയില്‍ നിന്നുയരും തുടങ്ങി അദ്ദേഹം എഴുതിയ ഹിറ്റ് ഗാനങ്ങളുടെ എണ്ണം അമ്പരപ്പിക്കുന്നതാണ്. സിനിമയുടെ സന്ദര്‍ഭത്തിനപ്പുറം കാവ്യഭംഗിയുള്ള രചനകളാണ് അദ്ദേഹം നടത്തിയിട്ടുള്ളത്. പ്രതിഭാശാലിയായ കവിയെയാണ് മലയാളത്തിനും ചലച്ചിത്ര ലോകത്തിനും നഷ്ടമായത്. ആരാധകരുടെയും ബന്ധുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു' -എംബി രാജേഷ് കുറിച്ചു.

'മലയാളത്തിന്റെ ഗാനരചയിതാവ് ബിച്ചുവിന് ആദരാഞ്ജലികള്‍'- കെ എന്‍ ബാലഗോപാല്‍ .

'ഞങ്ങളുടെ കൂട്ടത്തിലെ ഒരു അതികായന്‍ നമ്മെ വിട്ടുപോയിരിക്കുന്നു'-വിനായക് ശശികുമാര്‍

'ബിച്ചു തിരുമല സാറിന് അനുശോചനം'- ടിനി ടോം

'മലയാളികളുടെ പ്രിയപ്പെട്ട ഗാനരചയിതാവ് ബിച്ചു തിരുമലയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. അരനൂറ്റാണ്ട് നീണ്ട എഴുത്തുജീവിതത്തിനിടെ അയ്യായിരത്തിലേറെ ഗാനങ്ങള്‍ മലയാള സിനിമയ്ക്കായി സമ്മാനിച്ച അതുല്യകലാകാരനാണ് ബിച്ചു തിരുമല. സിനിമാ ഗാനങ്ങളില്‍ വാങ്മയ ചിത്രങ്ങള്‍ കാവ്യഭംഗി തുളുമ്പുന്ന വരികളിലൂടെ സൃഷ്ടിക്കാന്‍ പ്രത്യേക കഴിവ് അദ്ദേഹത്തിന് ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ വേര്‍പാട് മലയാള സിനിമാ മേഖലയ്ക്ക് വലിയ നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ആരാധകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു. ആദരാഞ്ജലികള്‍'-സജി ചെറിയാന്‍

'മിഴിയോരം നനഞ്ഞൊഴുകും...ബിച്ചു തിരുമല ജലശംഖുപുഷ്പം പോലെ ഒഴുകി മാഞ്ഞു. സിനിമാ ഗാനങ്ങളില്‍ നീലാകാശവും മേഘങ്ങളും അദ്ദേഹം മലയാളിക്ക് അനുഭവമായി നല്‍കി. ഒന്ന് നിനയ്ക്കും വേറൊന്ന് ഭവിക്കുമെന്ന് മനുഷ്യ ജീവിതത്തിന്റെ കേവലതയെ അദ്ദേഹം വരികളിലാക്കി. ആരാരോ ആരീരാരോ എന്ന് താരാട്ട് കുറിക്കാന്‍ ബിച്ചു തിരുമല ഇനിയില്ല. ജീവിതമെന്ന തൂക്കുപാലം അദ്ദേഹം പിന്നിട്ടിരിക്കുന്നു. ഏഴു സ്വരങ്ങളായി അദ്ദേഹം മലയാളിയുടെ നെഞ്ചില്‍ ജീവിക്കും. മാനവ ഹൃദയത്തെ ദേവാലയമാക്കി വാഴ്ത്തിയ പ്രിയ കവിക്ക് വിട... ആദരാഞ്ജലികള്‍'-വി ശിവന്‍കുട്ടി

മലയാള ചലച്ചിത്രഗാനാസ്വാദകര്‍ക്ക് വിരലില്‍ എണ്ണാന്‍ കഴിയാത്തത്ര ഗാനങ്ങള്‍ സമ്മാനിച്ച ബിച്ചുതിരുമലയുടെ വേര്‍പ്പാട് അദ്ദേഹത്തിന്റെ ഗാനം ഇഷ്ടപ്പെടുന്നവര്‍ക്ക് തീരാനഷ്ടമാണ് സമ്മാനിച്ചിരിക്കുന്നത്. എക്കാലവും പാടി നടക്കുന്ന അല്ലെങ്കില്‍ ഓര്‍ക്കുന്ന തരത്തിലുളള ഒരുപിടിയോളം ഗാനങ്ങളാണ് അദ്ദേഹം എഴുതി ചേര്‍ത്തിരിക്കുന്നത്.


Next Story

Popular Stories