Top

'എന്ത് അടിസ്ഥാനത്തിലാണ് മണിയന്‍പിള്ള രാജുവിന്റെ പ്രസ്താവന?'; ഐസിസിയെ മറികടന്നാല്‍ 'അമ്മ'യെ വിമര്‍ശിക്കേണ്ടിവരുമെന്ന് ബാബു രാജ്

3 May 2022 8:14 AM GMT
ഫിൽമി റിപ്പോർട്ടർ

എന്ത് അടിസ്ഥാനത്തിലാണ് മണിയന്‍പിള്ള രാജുവിന്റെ പ്രസ്താവന?; ഐസിസിയെ മറികടന്നാല്‍ അമ്മയെ വിമര്‍ശിക്കേണ്ടിവരുമെന്ന് ബാബു രാജ്
X

മാലാ പാര്‍വതിക്ക് പിന്നാലെ ശ്വേത മേനോനും കുക്കു പരമേശ്വരനും 'അമ്മ' ഐസിസിയില്‍ നിന്നും രാജി വെച്ചതില്‍ പ്രതികരിച്ച് നടന്‍ ബാബുരാജ്. ഐസിസി കൊടുത്ത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര എക്‌സിക്യുട്ടീവ് കമ്മിറ്റി കൂടിയത്. എന്നാല്‍ കമ്മിറ്റിയിലെ തീരുമാനം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അല്ലെന്നും ശ്വേതാ മേനോന്‍ അടക്കമുള്ളവര്‍ ഇക്കാര്യത്തില്‍ പരാതിപ്പെട്ടിരുന്നുവെന്നും ബാബുരാജ് പറഞ്ഞു.

ഐസിസി റിപ്പോര്‍ട്ടിന് പുറത്ത് സംഘടന ഒരു തീരുമാനമെടുക്കുമ്പോള്‍ സംഘടനയെ വിമര്‍ശിക്കേണ്ടി വരുമെന്ന് ബാബു രാജ് പറഞ്ഞു. മാലാ പാര്‍വ്വതിയുടെ രാജിയുമായി ബന്ധപ്പെട്ട ഒരാള്‍ പോയാല്‍ വേറെ ആളുകള്‍ വരുമെന്ന മണിയന്‍പിള്ള രാജുവിന്റെ പരാമര്‍ശം കേട്ട് ഞെട്ടിപോയി. എന്തിന്റെ അടിസ്ഥാനത്തിലാണ് അങ്ങനെ പറഞ്ഞതെന്ന് പോലും മനസിലാകുന്നില്ലെന്നും ബാബു രാജ് റിപ്പോര്‍ട്ടര്‍ ടി വിയോട് പ്രതികരിച്ചു.

ബാബുരാജിന്റെ വാക്കുകള്‍

സ്ത്രീകളുടെ വിഷമമാണ് ഇതില്‍ കാണുന്നത്. സ്ത്രീകള്‍ക്ക് ബന്ധപ്പെടാന്‍ മറ്റ് സംഘടനകള്‍ ഉണ്ടെന്ന് മണിയന്‍പിള്ള രാജു പറഞ്ഞത് മനസിലായില്ല. പതിവിലും കൂടുതല്‍ സ്ത്രീകളെ ഉള്‍പ്പെടുത്തയുള്ള എക്‌സിക്യുട്ടീവ് കമ്മിറ്റിയാണ് ഇത്തവണത്തേത്. ഇതുവരെ വളരെ മനോഹരമായി പോയതുമാണ്. ഐസിസി കൊടുത്ത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര എക്‌സിക്യുട്ടീവ് കമ്മിറ്റി കൂടിയത്. കമ്മിറ്റിയിലെ തീരുമാനം, അതില്‍ പുറത്ത് വന്ന റിപ്പോര്‍ട്ട് ശരിയല്ല. അതാണ് ശ്വേത പരാതിപ്പെട്ടത്.

ഐസിസി റിപ്പോര്‍ട്ടിന് പുറത്ത് സംഘടന ഒരു തീരുമാനമെടുക്കുമ്പോള്‍ സംഘടനയെ വിമര്‍ശിക്കേണ്ടി വരും. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മോഹന്‍ലാല്‍ മുന്‍കൈ എടുത്ത് പ്രശ്‌നങ്ങള്‍ പരിഹരിച്ചാണ് പോയ്‌ക്കൊണ്ടിരുന്നത്. പക്ഷേ ഇത് എന്ത് സംഭവിച്ചെന്ന് അറിയില്ല. സ്ത്രീകള്‍ ഒന്നടങ്കം പറയുമ്പോള്‍ അവര്‍ക്ക് വിഷമമുണ്ടാകും. എന്ത് പറയാന്‍ പറ്റും.

മാലാ പാര്‍വ്വതിയുടെ രാജിയുമായി ബന്ധപ്പെട്ട ഒരാള്‍ പോയാല്‍ വേറെ ആളുകള്‍ വരുമെന്ന മണിയന്‍പിള്ള രാജുവിന്റെ പരാമര്‍ശം കേട്ട് ഞെട്ടിപോയി. എന്തിന്റെ അടിസ്ഥാനത്തിലാണ് അങ്ങനെ പറഞ്ഞതെന്ന് പോലും മനസിലാകുന്നില്ല. ഓരോ അംഗങ്ങളും വിട്ട് പോവുക എന്നത് അത് നമ്മളെ തടയുക എന്ന അര്‍ത്ഥത്തിലാണ്. അങ്ങനെ പോയവരെയെല്ലാം തിരിച്ച് കൊണ്ടുവരേണ്ടതാണ്. മലയാള സിനിമയില്‍ ഇപ്പോള്‍ ഉള്ളവരില്‍ ഭൂരിഭാഗം പേരും 'അമ്മ'യില്‍ അംഗമല്ലാത്തവരാണ്. അവരെ എങ്ങനെ സംഘടനയില്‍ കൊണ്ടുവരാം എന്നുള്ളതാണ് മോഹന്‍ലാല്‍ അടക്കമുള്ളവര്‍ ചിന്തിക്കുന്നത്. അതിനിടയിലെ ഓരോ വിട്ടുപോക്കും ദുഃഖമുള്ളതാണ്.സംഘടനയില്‍ നിന്നും രാജി വെക്കേണ്ട കാര്യമില്ല. തെറ്റുകളും കുറ്റങ്ങളും ഉണ്ടാകാം.

Story Highlights; Baburaj reacts to Swetha Menon and Kuku Parameswaran resigning from 'Amma' ICC

Next Story