Top

സ്ത്രീ ശാക്തീകരണം ഇതിവൃത്തമാക്കിയ സിനിമയാണ് 'ഓട്ടോറിക്ഷക്കാരൻറെ ഭാര്യ'; എം മുകുന്ദൻ

വളരെ രസകരമായ ഇരുപത് മിനിട്ടിൽ ചിത്രീകരിക്കാവുന്ന ഒരു കഥയാണ് ഈ സിനിമ

7 Feb 2022 4:36 PM GMT
ഫിൽമി റിപ്പോർട്ടർ

സ്ത്രീ ശാക്തീകരണം ഇതിവൃത്തമാക്കിയ സിനിമയാണ് ഓട്ടോറിക്ഷക്കാരൻറെ ഭാര്യ; എം മുകുന്ദൻ
X

ആൻ അഗസ്റ്റിൻ-സുരാജ് വെഞ്ഞാറമൂട് ഒന്നിക്കുന്ന 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ' പറയുന്നത് സ്ത്രീശാക്തീകരണം പറയുന്ന ചിത്രമെന്ന് മലയാള സാഹിത്യകാരൻ എം മുകുന്ദൻ. സിനിമയുടെ വിശേഷങ്ങൾ എം.മുകുന്ദൻ പങ്കുവെയ്ക്കുന്നതിനിടയിലാണ് ഇക്കാര്യം അറിയിച്ചത്. എം. മുകുന്ദന്റെ കഥയെ ആസ്പദമാക്കിയുള്ള ചിത്രമാണിത്.

''സ്ത്രീ ശാക്തീകരണം ഇതിവൃത്തമാക്കിയ സിനിമയാണ് 'ഓട്ടോറിക്ഷക്കാരൻറെ ഭാര്യ'. 2016 ൽ മാതൃഭൂമി വീക്കിലിയിൽ വന്ന ഒരു ചെറുകഥയാണ് ഇത്. ആ കഥ വികസിപ്പിച്ചെടുത്തതാണ് സിനിമ. ഞാൻ ആദ്യമായി കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയ ചിത്രം കൂടിയാണ് ഇത്. വളരെ രസകരമായ ഇരുപത് മിനിട്ടിൽ ചിത്രീകരിക്കാവുന്ന ഒരു കഥയാണ് ഈ സിനിമ. പക്ഷേ സമീപകാലത്തെ പല വിഷയങ്ങളെയും കോർത്തിണക്കിയാണ് ഒരു സിനിമയുടെ പൂർണ്ണതയിലേക്ക് എത്തിച്ചിരിക്കുന്നത്. എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ഒരു മനോഹരമായ കുടുംബചിത്രമാണ് 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ'.'' എം മുകുന്ദൻ പറഞ്ഞു.

കൈലാഷ്, ജനാർദ്ദനൻ, സ്വാസിക വിജയ്, ദേവി അജിത്, നീനാ കുറുപ്പ്, മനോഹരി ജോയി, ബേബി അലൈന ഫിദൽ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ. ചിത്രത്തിന്റെ ഛായാഗ്രഹണം എൻ. അഴകപ്പൻ നിർവഹിക്കുന്നു. ബെൻസി പ്രൊഡക്ഷൻസിൻറെ ബാനറിൽ കെ.വി.അബ്ദുൾ നാസർ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഹരികുമാർ ആണ്.

Next Story