Top

'രാജ്യത്തെ ഏറ്റവും മികച്ച സിനിമകൾ കേരളത്തിൽ നിന്ന്'; അനുരാഗ് കശ്യപ്

മലയാളത്തിൽ പുറത്തിറങ്ങുന്ന സിനിമകളുടെ കലാമൂല്യം ഹിന്ദി ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

18 March 2022 3:41 PM GMT
ഫിൽമി റിപ്പോർട്ടർ

രാജ്യത്തെ ഏറ്റവും മികച്ച സിനിമകൾ കേരളത്തിൽ നിന്ന്; അനുരാഗ് കശ്യപ്
X

രാജ്യത്തെ ഏറ്റവും കലാമൂല്യമുളള സിനിമകൾ കേരളത്തിൽ നിന്നാണ് പുറത്തിറങ്ങുന്നത് എന്ന് സംവിധായകൻ അനുരാഗ് കശ്യപ്. പരീക്ഷണ സിനിമകൾ മാത്രമല്ല മുൻനിര സിനിമകൾ പോലും വളരെ മികവ് പുലർത്തുന്നുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. മലയാളത്തിൽ പുറത്തിറങ്ങുന്ന സിനിമകളുടെ കലാമൂല്യം തനിക്ക് ഹിന്ദി ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 26-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന വേളയിൽ പ്രസംഗിക്കുകയിരുന്നു അദ്ദേഹം.

'ഇത്രയധികം സ്നേഹം ലഭിക്കുക എന്നത് തീർത്തും അതിശയകരമാണ്. ഒരു വേദിയിൽ പ്രസംഗിക്കാൻ വേണ്ടി ഒരുങ്ങിയല്ല ഞാൻ എത്തിയത്. എന്നെ ക്ഷണിച്ചതിന് ബീനയ്ക്ക് നന്ദി. ഐഎഫ്എഫ്കെയുടെ എല്ലാ സംഘാടകർക്കും നന്ദി. കഴിഞ്ഞ മൂന്ന് വർഷത്തോളമായി ഇത് പ്രാവർത്തികമാക്കാൻ അവർ ശ്രമിക്കുകയായിരുന്നു. സമയം ഒത്തുവന്നില്ല എന്നത് മൂലം എനിക്ക് വരുവാൻ സാധിച്ചില്ല. എന്റെ ഏറ്റവും അടുത്ത പങ്കാളികളും സുഹൃത്തുക്കളും എല്ലാം കേരളത്തിൽ നിന്നുമാണ്. ഇന്ത്യന്‍ സിനിമ ചരിത്രത്തെ വളച്ചൊടിക്കുന്ന കാലത്ത് മലയാള സിനിമ നമ്മള്‍ ജീവിക്കുന്ന കാലത്തെ അടയാളപ്പെടുത്തുകയാണ്. എന്റെ അഭിപ്രായത്തിൽ ഇന്ത്യൻ സിനിമയിലെ ഏറ്റവും കലാമൂല്യമുള്ള സിനിമകൾ ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്നാണ് എത്തുന്നത്. അത് തീർത്തും പ്രചോദനം ഉണ്ടാക്കുന്നതാണ്. പരീക്ഷണ ചിത്രങ്ങൾ മാത്രമല്ല മുൻനിര സിനിമകൾ പോലും ആ മികവ് പുലർത്തുന്നു. എന്റെ സ്വന്തം ഭാഷയായ ഹിന്ദിയിൽ ഇത്തരം സിനിമകൾ കാണുവാൻ സാധിക്കില്ല' അനുരാഗ് കശ്യപ് പറഞ്ഞു.

അതേസമയം 26-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തുടക്കമായി. വൈകിട്ട് 6 മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സാംസ്‌കാരിക വകുപ്പു മന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഭാവന ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. കുർദിഷ് സംവിധായിക ലിസ ചലാനെ മുഖ്യമന്ത്രി 'സ്പിരിറ്റ് ഓഫ് സിനിമ' അവാർഡ് നൽകി ആദരിച്ചു.

story highlights: director anurag kashyap praises malayalam movies and says that the best movies in india are from kerala

Next Story