'അദ്ദേഹം ഒരു നടൻ എന്ന നിലയിൽ ഏറെ സന്തോഷിക്കുമായിരുന്നു'; രഘുവരന്റെ ഓർമ്മയിൽ രോഹിണി
'ഇന്നത്തെ സിനിമയുടെ ഫേസ് അദ്ദേഹത്തിന് ഏറെ ഇഷ്ടമാകുമായിരുന്നു'
19 March 2023 12:03 PM GMT
ഫിൽമി റിപ്പോർട്ടർ

സിനിമാപ്രേമികൾക്ക് ഒരിക്കലും മറക്കാനാകാത്ത അഭിനേതാവാണ് രഘുവരൻ. നിരവധി ഗംഭീര കഥാപാത്രങ്ങളെ അവതരിപ്പിച്ച അദ്ദേഹം വിടപറഞ്ഞിട്ട് 15 വർഷം കഴിഞ്ഞിരിക്കുകയാണ്. ഈ ദിനത്തിൽ അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹത്തിന്റെ ഭാര്യ കൂടിയായ നടി രോഹിണി.
'ഒരു സാധാരണ ദിവസമായാണ് 2008 മാർച്ച് 19 ആരംഭിച്ചത്. പിന്നീട് എന്നെയും റിഷിയേയും സംബന്ധിച്ച് എല്ലാം മാറിമറിഞ്ഞു. രഘു ഇന്ന് ജീവനോടെയുണ്ടായിരുന്നെങ്കിൽ ഇന്നത്തെ സിനിമയുടെ ഫേസ് അദ്ദേഹത്തിന് ഏറെ ഇഷ്ടമാകുമായിരുന്നു. ഒരു നടൻ എന്ന നിലയിൽ അദ്ദേഹം ഏറെ സന്തോഷിക്കുകയും ചെയ്തേനെ', രോഹിണി ട്വീറ്റ് ചെയ്തു.
മലയാളം, തമിഴ്, തെലുങ്ക്, കന്നട തുടങ്ങിയ ഭാഷകളിലായി 200-ലധികം സിനിമകളിൽ രഘുവരൻ അഭിനയിച്ചിട്ടുണ്ട്. മുതൽവൻ എന്ന ചിത്രത്തിലൂടെ മികച്ച വില്ലൻ വേഷത്തിനുള്ള തമിഴ്നാട് സർക്കാരിന്റെ പുരസ്‌കാരം ലഭിച്ചിരുന്നു.
2008-ലായിരുന്നു രഘുവരൻ മരണപ്പെട്ടത്. അമിതമായ മദ്യപാനം മൂലം അവയവങ്ങൾ തകരാറിലായതാണ് മരണകാരണം. കന്തസാമി ഉൾപ്പെടെ നിരവധി സിനിമകളുടെ ചിത്രീകരണ ഘട്ടത്തിലാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. ചില ചിത്രങ്ങൾ മറ്റു താരങ്ങളെ വെച്ച് പൂർത്തിയാക്കുകയും ചെയ്തു.
story highlights: actress rohini on the memories of raghuvaran