Top

'ഞാന്‍ വരുന്നത് ഇരട്ടമുഖമുള്ള ഇന്ത്യയില്‍ നിന്ന്'; മുനാവര്‍ ഫാറൂഖിക്ക് പിന്തുണയുമായി പ്രകാശ് രാജ്

പരിപാടിക്ക് ബംഗളൂരു പോലീസ് കഴിഞ്ഞ ദിവസം അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചു കരിയര്‍ അവസാനിപ്പിക്കുകയാണെന്ന മുനാവറിന്‍റെ ട്വീറ്റിന് പിന്നാലെയാണ് പ്രകാശ് രാജ് പിന്തുണയുമായി എത്തിയത്

29 Nov 2021 12:15 PM GMT
ഫിൽമി റിപ്പോർട്ടർ

ഞാന്‍ വരുന്നത് ഇരട്ടമുഖമുള്ള ഇന്ത്യയില്‍ നിന്ന്;  മുനാവര്‍ ഫാറൂഖിക്ക് പിന്തുണയുമായി  പ്രകാശ് രാജ്
X

സംഘപരിവാറിന്റെ കൂട്ട ആക്രമണം നേരിടുന്ന സ്റ്റാന്‍ഡ് അപ്പ് കോമേഡിയന്‍ മുനാവര്‍ ഫാറൂഖിക്ക് പിന്തുണയുമായി നടന്‍ പ്രകാശ് രാജ്. വിദ്വേഷപ്രചാരണം ആരോപിച്ചു തന്റെ പരിപാടിക്ക് ബംഗളൂരു പോലീസ് കഴിഞ്ഞ ദിവസം അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചു കരിയര്‍ അവസാനിപ്പിക്കുകയാണെന്നു മുനാവര്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രകാശ് രാജ് പിന്തുണയുമായി എത്തിയത്.

''ഇരട്ടമുഖമുള്ള ഇന്ത്യയില്‍ നിന്നാണ് ഞാന്‍ വരുന്നത്. ഇവിടെ നട്ടെല്ലുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തി കൊമേഡിയന്മാരും ഒപ്പം ഭയപ്പെടുത്തുന്ന തരത്തില്‍ നട്ടെല്ലില്ലാത്ത കോമാളികളുമുണ്ട്'' - എന്നാണ് പ്രകാശ് രാജ് ട്വീറ്റ് ചെയ്തത്.

മുനാവറിനെതിരെ കഴിഞ്ഞ ഏതാനും നാളുകളായി സംഘപരിവാര്‍ വിദ്വേഷപ്രചാരണം നടത്തിവരികയാണ്. ഇത്തേതുടര്‍ന്നാണ് ക്രമസമാധാന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ബംഗളുരുവിലെ അശോക് നഗറിലെ ഗുഡ് ഷെപ്പേര്‍ഡ് ഓഡിറ്റോറിയത്തില്‍ നടക്കേണ്ടിയിരുന്ന മുനാവറിന്റെ പരിപാടിക്ക് പോലീസ് അനുമതി നിഷേധിച്ചത്.

മുനാവര്‍ തന്റെ പരിപാടികളിലൂടെ അന്യ മതസ്ഥരുടെ മതവികാരം വ്രണപ്പെടുത്തുന്ന പ്രസ്താവനകള്‍ നടത്തുന്നുണ്ടെന്നും അതിന്റെ പേരില്‍ പല സംസ്ഥാനങ്ങളിലും അദ്ദേഹത്തിന്റെ പരിപാടികള്‍ക്കു നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ടെന്നും ബംഗളുരു പോലീസ് വ്യക്തമാക്കി.

ഇതിന് പിന്നാലെയാണ് തന്റെ കരിയര്‍ അവസാപ്പിക്കുകയാണെന്ന് മുനാവര്‍ ട്വീറ്റ് ചെയ്തത്. ''എല്ലാം അവസാനിപ്പിക്കേണ്ട സമയമായെന്ന് ഞാന്‍ കരുതുന്നു. എന്റെ പേര് മുനാവര്‍ ഫറൂഖി. നിങ്ങളെല്ലാവരും മികച്ച് ആസ്വാദകരായിരുന്നു. എനിക്ക് മതിയായി. ഗുഡ് ബൈ''- എന്ന് മുനാവര്‍ ട്വീറ്റ് ചെയ്തു. വിദ്വേഷം ജയിച്ചു കല തോറ്റും എന്നും മുനാവര്‍ ട്വീറ്റ് ചെയ്തു.

Next Story