Top

കണ്ണീരണിഞ്ഞ് ഡെന്‍മാര്‍ക്ക്; വെംബ്ലിയില്‍ ചരിത്രം കുറിച്ച് ഇംഗ്ലണ്ട്

ഇനി ഒരു മത്സരം മാത്രം. യൂറോപ്പിന്റെ ജേതാക്കളെ അറിയാന്‍ ഇറ്റലിയും ഇംഗ്ലണ്ടും ഏറ്റുമുട്ടും. ഇന്നലെ നടന്ന രണ്ടാം സെമി ഫൈനലില്‍ ഹൃദയം കൊണ്ടു പന്തു തട്ടിയ ഡെന്മാര്‍ക്കിനെ എക്‌സ്ട്രാ ടൈം വരെ നീണ്ട പോരാട്ടത്തിനൊടുവില്‍ തോല്‍പ്പിച്ച് ഇംഗ്ലണ്ട് യൂറോ കപ്പിന്റെ ഫൈനലില്‍ കടന്നു. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. വിവാദ പെനാല്‍റ്റി ഗോളിന്റെ ബലത്തില്‍ നായകന്‍ ഹാരി കെയന്‍ നേടിയ ഗോളിലാണ് ഇംഗ്ലണ്ട് ജയം നേടിയത്. ഡെന്‍മാര്‍ക്ക് നായകന്‍ സൈമണ്‍ കെയറിന്റെ സെല്‍ഫ് ഗോളാണ് ഇംഗ്ലണ്ടിന്റെ […]

7 July 2021 9:41 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കണ്ണീരണിഞ്ഞ് ഡെന്‍മാര്‍ക്ക്; വെംബ്ലിയില്‍ ചരിത്രം കുറിച്ച് ഇംഗ്ലണ്ട്
X

ഇനി ഒരു മത്സരം മാത്രം. യൂറോപ്പിന്റെ ജേതാക്കളെ അറിയാന്‍ ഇറ്റലിയും ഇംഗ്ലണ്ടും ഏറ്റുമുട്ടും. ഇന്നലെ നടന്ന രണ്ടാം സെമി ഫൈനലില്‍ ഹൃദയം കൊണ്ടു പന്തു തട്ടിയ ഡെന്മാര്‍ക്കിനെ എക്‌സ്ട്രാ ടൈം വരെ നീണ്ട പോരാട്ടത്തിനൊടുവില്‍ തോല്‍പ്പിച്ച് ഇംഗ്ലണ്ട് യൂറോ കപ്പിന്റെ ഫൈനലില്‍ കടന്നു.

ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. വിവാദ പെനാല്‍റ്റി ഗോളിന്റെ ബലത്തില്‍ നായകന്‍ ഹാരി കെയന്‍ നേടിയ ഗോളിലാണ് ഇംഗ്ലണ്ട് ജയം നേടിയത്. ഡെന്‍മാര്‍ക്ക് നായകന്‍ സൈമണ്‍ കെയറിന്റെ സെല്‍ഫ് ഗോളാണ് ഇംഗ്ലണ്ടിന്റെ സ്‌കോര്‍ പട്ടികയില്‍ ആദ്യം ഇടം നേടിയത്. ഡെന്‍മാര്‍ക്കിനായി ഡംസ്ഗാര്‍ഡാണ് ഗോള്‍ നേടിയത്.

ഇരു ടീമുകളും പതിയെ തുടങ്ങിയ മത്സരത്തില്‍ ഡെന്‍മാര്‍ക്കാണ് ആദ്യം മുന്നിലെത്തിയത്. വിരസമായ കളിയെ ഉണര്‍ത്തിയത് ആ ഗോളായിരുന്നു. ഈ യൂറോ കപ്പിലെ ആദ്യ ഫ്രീകിക്ക് ഗോളായിരുന്നു അത്. ഇംഗ്ലീഷ് താരം ല്യൂക് ഷോയുടെ ഫൗളിന് ലഭിച്ച ഫ്രീകിക്ക് 25 വാരെ അകലെ നിന്ന് ഇംഗ്ലീഷ് പ്രതിരോധമതിലിനു മുകളിലൂടെ ഡംസ്ഗാര്‍ഡ് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

ഈ ടൂര്‍ണമെന്റില്‍ ഇംഗ്ലണ്ട് വഴങ്ങിയ ആദ്യ ഗോളായിരുന്നു ഇത്. മാത്രമല്ല ഈ ടൂര്‍ണമെന്റിലെ ആദ്യ ഫ്രീ കിക്ക് ഗോള്‍ കൂടിയായരുന്നത്. എന്നാല്‍ ആ ആഹ്‌ളാദം അധികനേരം നിലനിറത്താന്‍ ഡെന്‍മാര്‍ക്കിനായില്ല.

കൃത്യം ഒമ്പതു മിനിറ്റ് പിന്നിടവേ നായകന്‍ സൈമണ്‍ കെയര്‍ വഴങ്ങിയ സെല്‍ഫ് ഗോളില്‍ ഡെന്‍മാര്‍ക്ക് മുന്‍തൂക്കം കളഞ്ഞു. ഹാരി കെയ്ന്‍ നല്‍കിയ പാസില്‍ നിന്ന് ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ റഹീം സ്റ്റെര്‍ലിംഗ് തൊടുത്ത ഷോട്ട് ഡെന്‍മാര്‍ക്ക് ഗോള്‍കീപ്പര്‍ കാസ്‌പെര്‍ ഷ്‌മൈഷേല്‍ തടുത്തിട്ടു. എന്നാല്‍ തൊട്ടുടത്ത മിനിറ്റില്‍ കെയ്ന്‍ തന്നെ നല്‍കിയ പാസ് ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ച കെയര്‍ പന്ത് സ്വന്തം വലയില്‍ തന്നെ നിക്ഷേപിക്കുകയായിരുന്നു.

ഇതേ സ്‌കോറില്‍ ഇരു ടീമുകളും ഇടവേളയ്ക്കു പിരിഞ്ഞെങ്കിലും രണ്ടാം പകുതിയില്‍ ഇംഗ്ലണ്ട് കളം നിറയുന്ന കാഴ്ചയാണ് കണ്ടത്. തുടരെ ആക്രമണം നടത്തിയ അവര്‍ നിരവധി തവണ ഡെന്‍മാര്‍ക്ക് ഗോള്‍മുഖം റെയ്ഡ് ചെയ്തു. എന്നാല്‍ ഫിനിഷിങ്ങിലെ പിഴവുകള്‍ അവര്‍ക്കു വിനയായി.

വിജയ ഗോളിനായി ഇംഗ്ലണ്ട് 90 മിനുട്ടും ശ്രമിച്ചെങ്കിലും ഡാനിഷ് ഡിഫന്‍സ് മറികടക്കാനവര്‍ക്കായില്ല. ഇതോടെ കളി എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങി. എക്‌സ്ട്രാ ടൈമിന്റെ് 104-ാം മിനിറ്റില്‍ സ്റ്റെര്‍ലിംഗിനെ വീഴ്ത്തിയതിനു ലഭിച്ച പെനാല്‍റ്റി ഇംഗ്ലണ്ടിന്റെ രക്ഷയ്‌ക്കെത്തുകയായിരുന്നു.

കെയ്ന്‍ എടുത്ത പെനാല്‍റ്റി കാസ്‌പെര്‍ ഇടതു ഭാഗത്തേക്ക് ചാടി സേവ് ചെയ്‌തെങ്കിലും റീബൗണ്ടില്‍ കെയ്ന്‍ പന്ത് വലയിലേക്ക് എത്തിച്ചു. കെയ്‌നിന്റെ ടൂര്‍ണമെന്റിലെ നാലാം ഗോളായിരുന്നു ഇത്. ഇതോടെ മുന്‍തൂക്കം നേടിയ ഇംഗ്ലണ്ട് പിന്നീട് ഡെന്‍മാര്‍ക്കിന് അവസരമൊന്നും നല്‍കിയില്ല.

120-മിനിറ്റ് വരെ പൊരുതി ഇംഗ്ലണ്ട് വിജയവും ഉറപ്പിച്ചു. 1966ന് ശേഷം ഇംഗ്ലണ്ടിന്റെ ആദ്യ മേജര്‍ ഫൈനലാണ് ഇത്. ഫൈനല്‍ കാണാതെ പുറത്തായെങ്കിലും ഈ ടൂര്‍ണമെന്റില്‍ ആരാധക ഹൃദയം കീഴടക്കിയാണ് ഡെന്‍മാര്‍ക്ക് മടങ്ങുന്നത്.

യൂറോ കപ്പില്‍ ആദ്യമായാണ് ഇംഗ്ലണ്ട് ഫൈനലില്‍ പ്രവേശിക്കുന്നത്. 1996-ല്‍ സെമി ഫൈനലിലെത്തിയതായിരുന്നു ഇംഗ്ലണ്ടിന്റെ മികച്ച പ്രകടനം. 1966-ലെ ലോകകപ്പ് നേട്ടത്തിന് ശേഷം ആദ്യമായാണ് മേജര്‍ ടൂര്‍ണമെന്റില്‍ ഇംഗ്ലണ്ട് ഫൈനലില്‍ പ്രവേശിക്കുന്നത്. ഫൈനലില്‍ കരുത്തരായ ഇറ്റലിയാണ് എതിരാളി. ഞായറാഴ്ചയാണ് ഫൈനല്‍ മത്സരം.

Next Story

Popular Stories