INDIA VS ENGLAND

‘വെല്‍ക്കം ടു ഇന്ത്യ’; പര്യടനത്തിന് മുന്നോടിയായി ഇംഗ്ലണ്ടിന് ആരാധകരുടെ ട്രോള്‍ വരവേല്‍പ്പ്

ചെന്നൈ ടെസ്റ്റിനായി ഇന്ത്യയിലെത്തിയ ഇംഗ്ലണ്ടിന് ആരാധകരുടെ ട്രോള്‍ വരവേല്‍പ്പ്. ട്വിറ്ററിലാണ് ഇംഗ്ലീഷ് സംഘത്തിന് നേരെ ട്രോളുകളുയരുന്നത്. ആമിര്‍ ഖാന്‍ പ്രധാന വേഷത്തിലെത്തിയ ‘ലഗാന്‍’ എന്ന സിനിമയിലെ പോസ്റ്ററും ട്രോളുകളില്‍ നിറയുന്നുണ്ട്. സ്വാതന്ത്ര്യ സമര കാലത്ത് ഇംഗ്ലണ്ടുകാരെ ക്രിക്കറ്റ് കളിച്ച് തോല്‍പ്പിക്കുന്ന ഗ്രാമവാസികളുടെ കഥ പറയുന്ന ചിത്രമാണ് ലഗാന്‍.

അതേസമയം കോവിഡ് പ്രോട്ടോക്കോളുകള്‍ പൂര്‍ണമായും പാലിച്ചാണ് ചെന്നൈ ടെസ്റ്റ് നടക്കുന്നത്. കളിക്കാരെല്ലാം നിര്‍ബന്ധമായും ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയിരിക്കണം. ക്വാറന്റീന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കോവിഡ് പരിശോധനയുണ്ടാകും. ഇതിന് ശേഷമായിരിക്കും പരിശീലനം ഉള്‍പ്പെടെ ആരംഭിക്കുകയുള്ളു. ഇന്ത്യന്‍ താരങ്ങളും ചെന്നൈയിലേക്ക് എത്തികൊണ്ടിരിക്കുകയാണ്.

പേസ് ബൗളറായ മുഹമ്മജ് സിറാജ്, ചേതേശ്വര്‍ പൂജാര തുടങ്ങിയവര്‍ ചെന്നൈയില്‍ എത്തിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ഇംഗ്ലണ്ടിന്റെ താരങ്ങളും കോച്ചിംഗ് സ്റ്റാഫും ചെന്നൈയിലെത്തിയിട്ടുണ്ട്. ടീമില്‍ എല്ലാവരും ക്വാറന്റീന്‍ നടപടികള്‍ പൂര്‍ത്തിയാക്കി പരിശോധനയ്ക്ക് വിധേമായാല്‍ മാത്രമെ മത്സരത്തിന് പങ്കെടുക്കാനാവു. ചെന്നൈയില്‍ നടക്കുന്ന ടെസ്റ്റില്‍ കാണികള്‍ ഉണ്ടാവില്ല.

അഹമ്മദാബാദിലെ നവീകരിച്ച മൊട്ടേറ സ്റ്റേഡിയത്തില്‍ നടക്കുന്ന മൂന്നും നാലും ടെസ്റ്റിന് കാണികള്‍ക്ക് പ്രവേശനമുണ്ടാവും. സ്റ്റേഡിയത്തിന്റെ കപ്പാസിറ്റിയുടെ 50 ശതമാനം കാണികള്‍ക്ക് പ്രവേശനം നല്‍കാനാണ് തീരുമാനം. നേരത്തെ ഓസീസില്‍ നടന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി മത്സരങ്ങളില്‍ നിശ്ചിത ശതമാനം കാണികളെ പ്രവേശിപ്പിച്ചിരുന്നു. കൊവിഡിന്റെ സാഹചര്യത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന കായിക മത്സരങ്ങളില്‍ ചെറിയ ശതമാനം കാണികള്‍ക്ക് മാത്രമാണ് പ്രവേശനം നല്‍കി വരുന്നത്.

Latest News