Top

‘യഥാര്‍ത്ഥ കൂട്ടുകെട്ട് സിപിഐഎമ്മും ബിജെപിയും തമ്മില്‍’; ലാവ്‌ലിനില്‍ പിണറായിയെ സഹായിക്കുന്നതിന് പ്രത്യുപകാരമെന്ന് ചെന്നിത്തല

സിപിഐഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യഥാര്‍ത്ഥ കൂട്ടുകെട്ട് സിപിഐഎമ്മും ബിജെപിയും തമ്മിലാണെന്ന് ചെന്നിത്തല പറഞ്ഞു. ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ സഹായിക്കുന്നതിന് ബിജെപിക്കുള്ള പ്രത്യുപകാരമായാണ് ഈ കൂട്ടുകെട്ട്. സിപിഐഎം ആരോപണങ്ങള്‍ തോല്‍വി മുന്നില്‍ കണ്ടുള്ള മുന്‍കൂര്‍ ജാമ്യമാണെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. ഈ തെരഞ്ഞെടുപ്പ് പിണറായി സര്‍ക്കാരിന്റെ അവസാനത്തിന്റെ ആരംഭമാണ്. മുഖ്യമന്ത്രിയുടെ മുഖം കണ്ടാല്‍ ജനങ്ങള്‍ വോട്ട് ചെയ്യില്ലെന്ന് ഭയന്ന് പിണറായി വിജയനെ പ്രത്യക്ഷ പ്രചാരണത്തില്‍ നിന്നും മാറ്റി നിര്‍ത്തിയിരിക്കുകയാണ്. രമേശ് […]

6 Dec 2020 4:51 AM GMT

‘യഥാര്‍ത്ഥ കൂട്ടുകെട്ട് സിപിഐഎമ്മും ബിജെപിയും തമ്മില്‍’; ലാവ്‌ലിനില്‍ പിണറായിയെ സഹായിക്കുന്നതിന് പ്രത്യുപകാരമെന്ന് ചെന്നിത്തല
X

സിപിഐഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യഥാര്‍ത്ഥ കൂട്ടുകെട്ട് സിപിഐഎമ്മും ബിജെപിയും തമ്മിലാണെന്ന് ചെന്നിത്തല പറഞ്ഞു. ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ സഹായിക്കുന്നതിന് ബിജെപിക്കുള്ള പ്രത്യുപകാരമായാണ് ഈ കൂട്ടുകെട്ട്. സിപിഐഎം ആരോപണങ്ങള്‍ തോല്‍വി മുന്നില്‍ കണ്ടുള്ള മുന്‍കൂര്‍ ജാമ്യമാണെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.

ഈ തെരഞ്ഞെടുപ്പ് പിണറായി സര്‍ക്കാരിന്റെ അവസാനത്തിന്റെ ആരംഭമാണ്. മുഖ്യമന്ത്രിയുടെ മുഖം കണ്ടാല്‍ ജനങ്ങള്‍ വോട്ട് ചെയ്യില്ലെന്ന് ഭയന്ന് പിണറായി വിജയനെ പ്രത്യക്ഷ പ്രചാരണത്തില്‍ നിന്നും മാറ്റി നിര്‍ത്തിയിരിക്കുകയാണ്.

രമേശ് ചെന്നിത്തല

സംസ്ഥാന വ്യാപകമായി ബിജെപിയുമായി രഹസ്യകൂട്ടുകച്ചവടം നടത്തുന്നത് സിപിഐഎമ്മാണ്. സ്വന്തം പാര്‍ട്ടിചിഹ്നം പോലും തങ്ങളുടെ സ്ഥാനാര്‍ഥികള്‍ക്ക് കൊടുക്കാന്‍ സിപിഎം ഭയക്കുകയാണ്. ബിജെപിയുമായുള്ള വോട്ട് കച്ചവടം നടത്തുന്നത് സിപിഐമ്മാണ്. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയം നേടുമെന്ന് കണ്ടപ്പോള്‍ സിപിഐഎം കള്ളപ്രചരണങ്ങളും വര്‍ഗീയകാര്‍ഡുകളും ഇറക്കിയിരിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

സ്വന്തം മുഖ്യമന്ത്രിയെ പ്രാചാരണത്തിന് ഇറക്കാന്‍ പോലും പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലാവലിന്‍ കേസില്‍ പിണറായിയെ സഹായിക്കുന്നതിനുള്ള പ്രത്യുപകാരമായാണ് നരേന്ദ്ര മോദിക്കും അമിത് ഷാക്കുമെതിരെ പിണറായി വിജയന്‍ ഒരക്ഷരം മിണ്ടാതിരിക്കുന്നത്. യഥാര്‍ഥത്തില്‍ സിപിഎമ്മും ബിജെപിയും തമ്മിലാണ് സംസ്ഥാനത്ത് രാഷ്ട്രീയ ബാന്ധവുമുള്ളതെന്ന് ചെന്നിത്തല അഭിപ്രായപ്പെട്ടു.

ബിജെപിയുമായും ജമാഅത്തെയുമായും ഒന്നിച്ചു ചേരുന്നത് യുഡിഎഫിലാണെന്നും അകലെ നിന്ന് പ്രസംഗം കേട്ടാല്‍ ചെന്നിത്തലയേത് സുരേന്ദ്രന്‍ ഏതെന്ന് തിരിച്ചറിയാനാവില്ലെന്നും സിപി ഐഎം ജനറല്‍ സെക്രട്ടറി എ വിജയരാഘവന്‍ നേരത്തെ പരിഹസിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ചെന്നിത്തല മറുപടിയുമായി രംഗത്തെത്തിയത്.

അതിവിചിത്രമായ രാഷ്ട്രീയ കൂട്ട് കെട്ട് ഉണ്ടാക്കുകയാണ് യുഡിഎഫെന്നായിരുന്നു വിജയരാഘവന്റെ ആരോപണം. ജമാ അത്തിനെ ഒപ്പം കൂട്ടുന്ന അവസര വാദ രാഷ്ട്രീയമാണ്. സ്വന്തം രാഷ്ട്രീയ നിലപാട് തന്നെ കോണ്‍ഗ്രസിന് മറച്ചു വെക്കേണ്ടി വരുന്നു. വെല്‍ഫെയറുമായുള്ള സഖ്യം കോണ്‍ഗ്രസ് ലീഗിന്റെ സമ്മര്‍ദത്തിന് വഴങ്ങുന്നത് കൊണ്ട് കേരള കോണ്‍ഗ്രസ് മാണി വിഭാഗം വിട്ടു പോയതിലൂടെ കോണ്‍ഗ്രസിന്റെ ഒരു ഭാഗം തളര്‍ന്നത് പോലെയായിയെന്നും വിജയരാഘവന്‍ ആരോപിച്ചിരുന്നു.

പ്രതിപക്ഷ നേതാവിന്റെ കുറിപ്പ്

ബഡായി ബംഗ്ലാവില്‍ മാത്രം ഭരണമൊതുക്കിയ ഇടത് സര്‍ക്കാരിനെതിരെ ജനത്തിന്റെ വിധിയെഴുത്തിന് ഇനി ഒരു ദിവസം കൂടി.ആദ്യഘട്ട വോട്ടെടുപ്പിന്റെ അവസാന ഘട്ട പ്രചരണത്തിലാണിപ്പോള്. ഈ തിരഞ്ഞെടുപ്പ് പിണറായി സര്‍ക്കാരിന്റെ അവസാനത്തിന്റെ ആരംഭമാണ്. കേരളം രൂപം കൊണ്ട ശേഷമുണ്ടായ ഏറ്റവും ഹീനമായ സര്‍ക്കാരാണ് കേരളം ഇപ്പോള്‍ ഭരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസിനെ നിയന്ത്രിച്ചിരുന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇപ്പോള്‍ ജയിലിലാണ്. ഇത്രയും കാലം സിപിഎം സെക്രട്ടറിയായിരുന്നയാളുടെ മകന്‍ ലഹരിക്കേസില്‍ അഴിയെണ്ണുകയാണ്. മുഖ്യമന്ത്രിയുടെ മുഖം കണ്ടാല്‍ ജനങ്ങള്‍ വോട്ട് ചെയ്യില്ല എന്ന് ഭയന്ന് പിണറായി വിജയനെ പ്രത്യക്ഷ പ്രചാരണത്തില്‍ നിന്നും മാറ്റി നിര്‍ത്തിയിരിക്കുകയാണ്. സാധാരണക്കാരുടെ അവകാശങ്ങള്‍ പോലും എന്തോ ഔദാര്യം നല്‍കുന്നു എന്ന നാട്യത്തിലാണ് സര്‍ക്കാര്‍ നല്‍കുന്നത്. പിണറായി വിജയന്‍ സര്‍ക്കാറിന്റെ കൗണ്ട്ഡൗണ്‍ ഇവിടെ ആരംഭിച്ചിരിക്കുന്നു.

Next Story