Impression

ഇനിയും ചുരമിറങ്ങാത്ത ബസ്സുകൾ

“നമ്മുടെ സംഘടന എന്ന് പറയുന്നത്‌ ചുരമിറങ്ങുന്ന ഒരു ബസ്സാണ്”- റഹീം സാഹിബ്‌ ഇടക്കിടെ ഓർമ്മിപ്പിക്കുന്ന ഈ വാചകത്തിലൂടെ ‘ഹലാൽ ലവ്‌ സ്റ്റോറി’ പറഞ്ഞു വെക്കുന്നത്‌ ഹെയർപിൻ വളവുകൾ നിറഞ്ഞ ഈ ചുരത്തിലൂടെ ഓടുന്ന ബസ്സ്‌ വേഗം കൂട്ടിയാൽ നേരെ കൊല്ലിയിൽ മറിയുംഎന്നാണ്. സിനിമ ഹറാമോ ഹലാലോ എന്ന ചർച്ച മത സംഘടനാവൃത്തങ്ങളിൽ ഇപ്പോഴും നടക്കുമ്പോഴും ആ ചർച്ചകൾ ഉപേക്ഷിച്ച്‌ സമുദായം ബഹുദൂരം മുന്നോട്ട്‌ പോയ ഒരു സാഹചര്യത്തിലാണ് താരതമ്യേന ‘പുരോഗമന പക്ഷക്കാരനായ’ റഹീം സാഹിബ്‌ ഈ ചുരം തിയറി അവതരിപ്പിക്കുന്നത്‌.

ഈ സിനിമ അവസാനിക്കുന്ന രംഗത്തിലും ‌, സമുദായത്തിന്റെ പഴയ ധാരണകൾക്ക്‌ പോറലേൽപ്പിക്കാത്ത വിധം (യഥാർത്ഥ ഭാര്യാ ഭർത്താക്കൾ ആയിരുന്നിട്ടും സിനിമക്കകത്തെ സിനിമയിൽ അഭിനയിക്കുന്ന ഇന്ദ്രജിത്തും- ശരീഫ്‌- ഗ്രേസി ആന്റണിയും- സുഹറ- തമ്മിൽ ആശ്ലേഷിക്കുന്ന രംഗം മാന്യതക്ക്‌ നിരക്കുന്നതല്ല എന്നാണു റഹീം സാഹിബും തൗഫീഖും എത്തിച്ചേരുന്നത്‌) ഒത്ത്‌ തീർപ്പിൽ എത്തിച്ചേരുകയാണ്. അതായത്‌ ഉൽബോധനത്തിന് സഹായിക്കുന്ന സിനിമകൾ (സിനിമ എന്ന പദം തെറ്റിദ്ധാരണ ഉണ്ടാക്കും, ഡോക്യുമെന്ററി എന്ന് പറയാം എന്ന് റഹീം സാഹിബ്‌ ഒരിടത്ത്‌ പറയുന്നുണ്ട്‌) നിർമ്മിക്കുന്നതിൽ തെറ്റില്ല എന്നിടത്താണ് ചുരമിറങ്ങിയിട്ടും മത സംഘടനകൾ നിൽക്കുന്നത്‌ എന്നാണു ‘ഹലാൽ ലവ്‌ സ്റ്റോറി’ വിമർശിക്കുന്നത്‌.

സിനിമയ്ക്കകത്തെ സിനിമയിലെ ‘പൊതുധാര’ ഡയറക്റ്ററായ സിറാജിന്റെ (ജോജു) ജീവിതത്തിലേക്ക്‌ ക്യാമറ പിടിക്കുമ്പോഴൊക്കെ അവിടെ മദ്യപാനവും കുടുംബ കലഹവും അടിപിടിയും മറ്റുമാണ് തെളിയുന്നത്‌. അത്‌ നൽകുന്ന സൂചന എന്താണ്?. മുഹ്സിൻ പരാരിയുടെ കെ എൽ പത്തിൽ നിന്ന് വ്യത്യസ്തമായിഈ സിനിമയിൽ ഏതെങ്കിലും വ്യക്തിയുടെയോ കുടുംബത്തിന്റെയോ കഥയില്ല. മറിച്ച്‌ പഴയ ധാരണകളിൽ നിൽകുന്ന അണികളെ പുതിയ കാലത്തേക്ക്‌ നയിക്കാൻ ആഗ്രഹിക്കുന്ന ഒരു സംഘടനയിലെ പുരോഗമന പക്ഷം അനുഭവിക്കുന്ന സംഘർഷങ്ങളാണ്. അതിനാൽ ഈ സിനിമ അതിന്റെ പൂർണ്ണതയോടെ അനുഭവിക്കാനാവുക കേരളത്തിലെ മത സംഘടനകളെ കുറിച്ച്‌ സാമാന്യ ധാരണ ഉള്ളവർക്ക്‌ മാത്രമാകും.

ഏറെ രസകരമായി തോന്നിയ ഒന്ന് തൗഫീഖിന്റെ ഭാഷയാണ്. ആ ഭാഷയെ ‘ഡയറക്റ്റർ സാഹിബ്‌’ ഒരിക്കൽ കളിയാക്കുന്നുമുണ്ട്‌. (ഈ സാഹിബ്‌ വിളിയിലെ കോമഡി സിനിമയിൽ അങ്ങോളമിങ്ങോളമുണ്ട്‌!). ‘പ്രബോധനം’ വാരിക സ്ഥിരമായി വായിക്കുന്നവരുടെ സംസാര ഭാഷ സംസ്കൃതം കലർന്ന വടിവൊത്ത മലയാളമായി മാറിപ്പോകുമെന്ന് മുഹ്സിൻ പരാരി തന്നെ ഒരിക്കൽ പറഞ്ഞത്‌ ഓർമ്മ വരുന്നു!! സകരിയ, പരാരി ടീമിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കുന്നു. അഭിനന്ദനങ്ങൾ!

Latest News