സിഗ്നല്‍ ആപ്പ് ഉപയോഗിക്കൂ എന്ന് ഇലണ്‍ മസ്‌ക്; വാട്‌സ് ആപ്പിന് പണിയായി; പക്ഷെ ലാഭം വന്നത് അപരന്

ടെസ്‌ല സിഇഒ ഇലണ്‍ മസ്‌കിന്റെ ഒരു ട്വീറ്റ് വാട്‌സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ മെസേജിംഗ് ആപ്പുകള്‍ക്ക് നല്‍കിയത് എട്ടിന്റ പണി. സിഗ്നല്‍ ആപ്പ് ഉപയോഗിക്കൂ എന്ന് ഇലൊണ്‍ മസ്‌ക് ട്വീറ്റ് ചെയ്തതിനു പിന്നാലെ ഇന്ത്യ, ഓസ്ട്രിയ, ഫ്രാന്‍സ്, ജര്‍മ്മനി, ഫിന്‍ലാന്റ്, ഹോങ്കോങ് സ്വിറ്റ്്‌സര്‍ലന്റ് എന്നിവിടങ്ങളില്‍ ആപ്പിള്‍ ആപ്പ് സ്റ്റോര്‍ ചാര്‍ട്ടില്‍ ആദ്യ മൂന്ന് സ്ഥാനത്തേക്ക് സിനഗ്നല്‍ കയറി പറ്റി. വ്യക്തി വിവരങ്ങള്‍ ശേഖരിക്കുന്ന വാട്‌സ്ആപ്പിന്റെ പുതിയ നിബന്ധന വിവാദമായ സാഹചര്യത്തില്‍ കൂടിയായിരുന്നു ഇലണ്‍ മസ്‌കിന്റെ ട്വീറ്റ്.

എന്നാല്‍ ഇതിനിടയില്‍ മറ്റൊരബന്ധം സംഭവിച്ചു. ഇലണ്‍ മസ്‌ക് ഉദ്ദേശിച്ച സിഗ്നല്‍ ആപ്പെന്ന് തെറ്റിദ്ധരിച്ച് ഓഹരി മൂല്യം കൂടിയത് സിഗ്നല്‍ അഡ്വാന്‍സ് എന്ന മറ്റൊരു കമ്പനിക്കാണ്. വ്യാഴാഴ്ച മാത്രം 527 ശതമാനം ഓഹരി വര്‍ധനവാണ് സിഗ്നല്‍ അഡ്വാന്‍സിനുണ്ടായിരിക്കുന്നത്. വെള്ളിയാഴ്ച 91 ശതമാനം കൂടി.

എന്നാല്‍ ഇലൊണ്‍ മസ്‌ക് ഉദ്ദേശിച്ച സിഗ്നല്‍ ആപ്പ് സിഗനല്‍ അഡ്വാന്‍സുമായി ഒരു ബന്ധവുമില്ലാത്ത ആപ്പാണ്. തങ്ങള്‍ക്കു ലഭിക്കേണ്ട ഓഹരി മൂല്യ വര്‍ധനവ് മറ്റൊരു കമ്പനിക്കു ലഭിക്കുന്നതു കണ്ടതോടെ സിഗ്നല്‍ ആപ്പ് സംഭവത്തില്‍ വിശദീകരണവുമായി രംഗത്തെത്തി.

സിഗ്നലിലേക്ക് ഓഹരി നിക്ഷേപത്തിന് ആളുകള്‍ മുന്നോട്ട് വരുന്നത് തങ്ങള്‍ മനസ്സിലാക്കുന്നുണ്ടെന്നും എന്നാല്‍ സിഗ്നല്‍ അഡ്വാന്‍സ് എന്ന കമ്പനി വേറെയാണെന്നും കമ്പനി ട്വിറ്ററിലൂടെ വിശദീകരണം നല്‍കി. 2014 മുതല്‍ പ്രവര്‍ത്തിക്കുന്ന ആപ്പാണ് സിഗ്നല്‍. ഐഫോണ്‍, വിന്‍ഡോസ്, മാക് എന്നിവയിലാണ് ഇവ ലഭ്യമാവുക.

Latest News