Top

സി എച്ചിന്റെ മണ്ഡലം തിരിച്ചു പിടിക്കാന്‍ ലീഗ് എന്തും ചെയ്യും ; താനൂരില്‍ പഴയ എംഎല്‍എമാരോ യുവനേതാവോ കളത്തിലിറങ്ങിയേക്കും

2016- ഇടത് സ്വതന്ത്രന്‍ വി അബ്ദു റഹ്മാന്‍ സ്വന്തമാക്കിയ അട്ടിമറി വിജയം നിലനിര്‍ത്താനുതകിയ സാഹചര്യങ്ങളല്ല ഇന്ന് മണ്ഡലത്തിലുള്ളത്

23 Jan 2021 3:57 AM GMT

സി എച്ചിന്റെ മണ്ഡലം തിരിച്ചു പിടിക്കാന്‍ ലീഗ് എന്തും ചെയ്യും ; താനൂരില്‍ പഴയ എംഎല്‍എമാരോ യുവനേതാവോ കളത്തിലിറങ്ങിയേക്കും
X

മണ്ഡത്തിലെ മാറിയ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ ഉറ്റുനോക്കപ്പെടുന്ന മണ്ഡലങ്ങളിലൊന്നാണ് മലപ്പുറം ജില്ലയിലെ താനൂര്‍. മുസ്ലിം ലീഗിന്റെ എക്കാലത്തെയും പ്രമുഖനേതാവായ സി എച്ച് മുഹമ്മദ് കോയയെ ആദ്യമായി നിയമസഭയിലെത്തിച്ച മണ്ഡലമാണ് താനൂര്‍. മണ്ഡലരൂപീകരണത്തിനുശേഷമുള്ള 1957 ലെ ആദ്യ തെരഞ്ഞടുപ്പില്‍ മുസ്ലിം ലീഗിനെ പ്രതിനിധീകരിച്ച് മത്സരിച്ചു ജയിച്ച സി എച്ചാണ് താനൂര്‍ എന്ന ലീഗ് കോട്ടയ്ക്ക് അടിത്തറയിട്ടത്. 1960 – ലെ അടുത്ത തെരഞ്ഞെടുപ്പിലും മണ്ഡലത്തില്‍ നിന്നുതന്നെ മത്സരിച്ച് വിജയിച്ച സി എച്ച് മുഹമ്മദ് കോയ ലോക്‌സഭയിലേക്ക് മത്സരിക്കാനായി 1962 -ല്‍ രാജി വെക്കുകയായിരുന്നു. പിന്നീട് 2011 വരെയുള്ള തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായ വിജയം പിടിച്ച് നിലനിര്‍ത്തിപ്പോരുകയായിരുന്നു മുസ്ലിം ലീഗ്. ഇക്കാലയളവില്‍ യു എ ബീരാന്‍, ഇ അഹമ്മദ് , പി കെ അബ്ദു റബ്ബ് തുടങ്ങിയ ലീഗിലെ പല പ്രമുഖ നേതാക്കളുടെയും മണ്ഡലമായിരുന്നു താനൂര്‍.

കാലാകാലങ്ങളിലായി ഉരുക്കുകോട്ടയായിരുന്ന മണ്ഡലം 2016- ഇടത് സ്വതന്ത്രന്‍ വി അബ്ദു റഹ്മാന്‍ സ്വന്തമാക്കിയത് മണ്ഡലത്തിന്റെ ചരിത്രം കണ്ട ഏറ്റവും വലിയ അട്ടിമറിയായിരുന്നു. എന്നാല്‍ ഇത്തവണ സി എച്ചിന്റെ സീറ്റ് തിരിച്ചുപിടിക്കാനുറപ്പിച്ചാണ് ലീഗ് തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്.

2016 -ലെ അട്ടിമറി വിജയം നിലനിര്‍ത്താനുതകുന്ന സാഹചര്യങ്ങള്‍ മണ്ഡലത്തില്‍ ഇന്ന് എല്‍ഡിഎഫിനില്ല എന്നതാണ് ലീഗിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്ന പ്രധാന ഘടകം. 2016 -ല്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് നേരിട്ടിരുന്ന വിമതവിഭാഗം ഇന്ന് ഇല്ലാതായിരിക്കുന്നു. ഒപ്പം നിലവിലെ എംഎല്‍എ വി അബ്ദുറഹ്മാന്‍ വംശീയ പരാമര്‍ശത്തില്‍ നിയമനടപടികള്‍ നേരിടുന്നതും തെരഞ്ഞെടുപ്പില്‍ ഇടത് പക്ഷത്തിന് പ്രതികൂല സാഹചര്യം സൃഷ്ടിക്കുമെന്നിരിക്കെ, എംഎല്‍എ മണ്ഡലം വിടുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.

ലീഗ്‌ സുരക്ഷിത മണ്ഡലമെന്ന് കണക്കുകൂട്ടിയിരുന്ന താനൂരില്‍ അപ്രതീക്ഷിതമായ തിരിച്ചടിയായിരുന്നു 2016 ലെ പരാജയം. 2006 , 2011 തെരഞ്ഞെടുപ്പുകളില്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച് വിജയിച്ച ലീഗ് നേതാവ് അബ്ദുറഹ്മാന്‍ രണ്ടത്താണിയെ 4918 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അന്ന്‌ പഴയ കോണ്‍ഗ്രസ് നേതാവുകൂടിയായ വി അബ്ദുറഹ്മാന്‍ വിജയിച്ചത്‌.

യുഡിഎഫില്‍ നിന്നുണ്ടായ ഈ വോട്ടുചോര്‍ച്ചയുടെ കൂടെ ഭാഗമായായിരുന്നു 2016 ലെ ഇടതുപക്ഷത്തിന്റെ വിജയം നിരീക്ഷിക്കപ്പെട്ടിരുന്നത്. ലീഗുമായി അഭിപ്രായ വ്യത്യാസമുണ്ടായിരുന്ന പൊന്മുണ്ടം കോണ്‍ഗ്രസ് എന്നറിയപ്പെട്ടിരുന്ന പൊന്മുണ്ടം, ചെറിയമുണ്ടം മേഖലകളിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അന്ന് യുഡിഎഫില്‍ നിന്ന് മാറി നില്‍ക്കുകയും അതിന്റെ പ്രതിഫലനമെന്നോണം ആ മേഖലകളില്‍ എല്‍ഡിഎഫ് സ്വതന്ത്രന് അനുകൂല ചായ്‌വ് പ്രകടമാവുകയും ചെയ്തിരുന്നു.

എന്നാല്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പ് എത്തുമ്പോള്‍ അത്തരമൊരു സാഹചര്യം മണ്ഡത്തിലില്ല.

അതേസമയം അത്ര എളുപ്പമല്ലാത്ത ഈ സാഹചര്യം നേരിടാന്‍ മണ്ഡലത്തില്‍ ഇത്തവണ വി അബ്ദുറഹ്മാന്‍ ഉണ്ടാകുമോ എന്നതാണ് മണ്ഡലത്തിലെ പ്രധാന ചര്‍ച്ച. സ്വന്തം നാടായ തിരൂരിലേക്ക് അദ്ദേഹം സീറ്റുമാറാനുള്ള സാധ്യതകളാണ് പുറത്തുവരുന്നത്. നിലവില്‍ ലീഗിന്റെ സിറ്റിംഗ് സീറ്റായ തിരൂര്‍ പിടിച്ചടക്കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ് അത്തരമൊരു മാറ്റമെന്ന് പറയുമ്പോഴും തദ്ദേശതെരഞ്ഞെടുപ്പിലടക്കം പ്രകടമായ പ്രതികൂല അന്തരീക്ഷം ഇത്തവണ മണ്ഡലത്തിലെ വിജയസാധ്യതയ്ക്ക് മങ്ങലേല്‍പ്പിച്ചിരിക്കുന്നതിനാലാണ് സീറ്റ് മാറ്റമെന്നും നിരീക്ഷിക്കപ്പെടുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം നവംബറില്‍ തിരൂര്‍ എംഎല്‍എ സി മമ്മൂട്ടിക്കെതിരായി അബ്ദുറഹ്മാന്‍ നടത്തിയ വംശീയ പരാമര്‍ശവും അതില്‍ നേരിടുന്ന നിയമനടപടികളും എംഎല്‍എക്ക് രണ്ട് മണ്ഡലത്തിലും തിരിച്ചടിക്ക് കാരണമാകുമോ എന്ന ഘടകവും ചര്‍ച്ചയ്ക്കുണ്ട്. വികസന വിഷയങ്ങള്‍ സംബന്ധിച്ച തര്‍ക്കങ്ങള്‍ക്കിടെ ‘ആദിവാസികള്‍ക്കിടയില്‍ നിന്ന് വന്നവര്‍ ആദിവാസികളെ പഠിപ്പിച്ചാല്‍ മതിയെന്നും തിരൂര്‍ക്കാരെ പഠിപ്പിക്കേണ്ട’ എന്നായിരുന്നു എംഎല്‍എയുടെ പരാമര്‍ശം. ആദിവാസി സംഘടനകളില്‍ നിന്നും സാമൂഹിക പ്രവര്‍ത്തകരില്‍ നിന്നും വലിയ തോതില്‍ വിമര്‍ശനത്തിന് വിധേയമായ പരാമര്‍ശത്തില്‍ സി മമ്മൂട്ടി എംഎല്‍എ സ്പീക്കര്‍ക്കും യൂത്ത് ലീഗ് പട്ടികജാതി കമ്മീഷനും പരാതി നല്‍കിയിരുന്നു. പരാമര്‍ശത്തില്‍ പട്ടികജാതി കമ്മീഷന്‍ ആവശ്യപ്പെട്ട റിപ്പോര്‍ട്ട് വരാനിരിക്കെ വരുന്ന തെരഞ്ഞെടുപ്പില്‍ ഇത് എംഎല്‍എക്ക് എതിരെ ആയുധമാക്കാനാണ് ലീഗ് നീക്കം.

ഈ പശ്ചാത്തലത്തില്‍ അബ്ദുറഹ്മാന്‍ തിരൂരിലേക്ക് മാറുകയാണെങ്കില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തിരൂരില്‍ 66371 വോട്ടുകളുടെ പ്രകടനം കാഴ്ചവെച്ച ഗഫൂര്‍ പി ലില്ലിസിനെ എല്‍ഡിഎഫ് താനൂരില്‍ മത്സരിപ്പിക്കുമെന്നാണ് സൂചന. അഥവാ അദ്ദേഹം താനൂരിലേക്കില്ലെങ്കില്‍ 2011-ല്‍ മത്സരിച്ച ഇ ജയനും സാധ്യത നിരീക്ഷിക്കപ്പെടുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിലേതുപോലെ ഇടത് സ്വതന്ത്രരായിരിക്കും മണ്ഡലത്തില്‍ നിന്ന് എല്‍ഡിഎഫിനെ പ്രതിനിധീകരിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.


അതേസമയം എന്തുവിലകൊടുത്തും കോട്ട തിരിച്ചുപിടിക്കുക എന്നതാണ് ലീഗിന്റെ ലക്ഷ്യം. അതിന് രണ്ട് തവണ മണ്ഡലം പിടിച്ച ചരിത്രമുള്ള മുന്‍ എംഎല്‍എ അബ്ദുറഹ്മാന്‍ രണ്ടത്താണിക്ക് മറ്റൊവസരം നല്‍കിയേക്കും എന്ന സൂചനയ്‌ക്കൊപ്പം മണ്ണാര്‍കാട് എംഎല്‍എ എന്‍ ഷംസുദ്ദീന്റെ പേരും മണ്ഡത്തിലേക്ക് പറയപ്പെടുന്നുണ്ട്. അതേസമയം ഒരു യുവ നേതാവിന്റെ സാന്നിധ്യം മണ്ഡലം തിരിച്ചുപിടിക്കാന്‍ സഹായിക്കുമെന്ന് അവകാശപ്പെടുന്ന യൂത്ത് ലീഗ് പി കെ ഫിറോസിന്റെ പേരാണ് മണ്ഡലത്തിലേക്ക് മുന്നോട്ടുവയ്ക്കുന്നത്.

Next Story