എംകെ രാഘവനെത്തി, മയൂരിയെ കെട്ടിപ്പിടിച്ചു; ഒടുവില്‍ എലത്തൂരിലും പിടിമുറുക്കങ്ങള്‍ ഒഴിയുന്നു
കോഴിക്കോട്: എലത്തൂര്‍ സീറ്റ് എന്‍സികെയ്ക്ക് വിട്ടുകൊടുക്കുന്നതിനെച്ചൊല്ലിയുണ്ടായ പൊട്ടിത്തെറികള്‍ക്ക് ശമനമാവുന്നെന്ന് സൂചന. എന്‍സികെ സ്ഥാനാര്‍ത്ഥി സുല്‍ഫിക്കര്‍ മയൂരിക്ക് പിന്തുണയറിയിച്ച് മണ്ഡലം ഭാരവാഹി യോഗത്തില്‍ എംകെ രാഘവന് എംപി എത്തി. സീറ്റ് ഇത്തവണ എന്‍സികെയ്ക്ക് നല്‍കാനാണ് യുഡിഎഫ് തീരുമാനമെന്ന് കഴിഞ്ഞ ദിവസം മുന്നണി കണ്‍വീനര്‍ എംഎം ഹസന് അറിയിച്ചിരുന്നു. പിന്നാലെയാണ് രാഘവന് അനുനയമെന്നോണം വേദിയിലെത്തിയത്. മണ്ഡലത്തിലെ പ്രശ്നങ്ങളെല്ലാം അടഞ്ഞ അധ്യായമായി കാണണമെന്ന ആഹ്വാനവും എംകെ രാഘവന് നടത്തിയിട്ടുണ്ട്. വികാരപ്രകടനങ്ങളെല്ലാം അവസാനിച്ചു. ഇനി ജയമാണ് വേണ്ടത്. സുല്‍ഫിക്കര്‍ മയൂരിയെ ജയിപ്പിക്കേണ്ടത് നാടിന്റെ […]

കോഴിക്കോട്: എലത്തൂര്‍ സീറ്റ് എന്‍സികെയ്ക്ക് വിട്ടുകൊടുക്കുന്നതിനെച്ചൊല്ലിയുണ്ടായ പൊട്ടിത്തെറികള്‍ക്ക് ശമനമാവുന്നെന്ന് സൂചന. എന്‍സികെ സ്ഥാനാര്‍ത്ഥി സുല്‍ഫിക്കര്‍ മയൂരിക്ക് പിന്തുണയറിയിച്ച് മണ്ഡലം ഭാരവാഹി യോഗത്തില്‍ എംകെ രാഘവന് എംപി എത്തി. സീറ്റ് ഇത്തവണ എന്‍സികെയ്ക്ക് നല്‍കാനാണ് യുഡിഎഫ് തീരുമാനമെന്ന് കഴിഞ്ഞ ദിവസം മുന്നണി കണ്‍വീനര്‍ എംഎം ഹസന് അറിയിച്ചിരുന്നു. പിന്നാലെയാണ് രാഘവന് അനുനയമെന്നോണം വേദിയിലെത്തിയത്.
മണ്ഡലത്തിലെ പ്രശ്നങ്ങളെല്ലാം അടഞ്ഞ അധ്യായമായി കാണണമെന്ന ആഹ്വാനവും എംകെ രാഘവന് നടത്തിയിട്ടുണ്ട്. വികാരപ്രകടനങ്ങളെല്ലാം അവസാനിച്ചു. ഇനി ജയമാണ് വേണ്ടത്. സുല്‍ഫിക്കര്‍ മയൂരിയെ ജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമാണെന്നും രാഘവന് പറഞ്ഞു.
നേരത്തെ, മയൂരിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതിഷേധിച്ച് മണ്ഡലം ഭാരവാഹികള്‍ രാജിവെച്ചിരുന്നു. അവസാനനിമിഷം പ്രാദേശിക വികാരം വിജയം കാണിമെന്നായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതീക്ഷ. എലത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് തിരിച്ചെടുക്കണമെന്ന ആവശ്യമാണ് ഇവര്‍ ആവര്‍ത്തിച്ച് ഉന്നയിച്ചിരുന്നത്.
മാണി സി കാപ്പനും സുല്‍ഫിക്കര്‍ മയൂരിയും വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാവാതായതോടെയാണ് എലത്തൂരിലെ തര്‍ക്കങ്ങള്‍ കൊടുമ്പിരികൊണ്ടത്. തര്‍ക്കം കടുത്തപ്പോള്‍ എന്‍സികെയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാവും കെപിസിസി മുന്‍ അംഗവുമായ ദിനേശ് മണിയും എന്‍ജെഡിയുടെ ഷനില്‍ റാഷിയും മത്സരിക്കാന്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കിയിരുന്നു. ഒടുവില്‍ സീറ്റ് വിട്ടുകൊടുക്കുമെന്ന് തന്നെയാണ് തീരുമാനമെന്ന് യുഡിഎഫ് അറിയിച്ചതോടെ പത്രിക പിന്‍വലിക്കുകയായിരുന്നു.
എലത്തൂര്‍ സീറ്റ് എന്‍സികെക്ക് തന്നെ നല്കാന് തീരുമാനമെന്നും സുല്‍ഫിക്കര്‍ മയൂരി തന്നെ മത്സരിക്കുമെന്നുമായിരുന്നു ഹസ്സന് അറിയിച്ചത്. മാണി സി കാപ്പനെ ഘടകകക്ഷിയാക്കിയപ്പോള് യുഡിഫ് നല്കിയ ഉറപ്പുകളിലൊന്നാണ് എലത്തൂര്‍ സീറ്റ്. ഇത് വിട്ടുനല്‍കാന്‍ എന്‍സികെ തയ്യാറാവാത്ത പശ്ചാത്തലത്തില്‍ മാണി സി കാപ്പന് പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി തന്നെയാവും യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയെന്നും ഹസ്സന് വ്യക്തമാക്കി. അടുത്ത തെരഞ്ഞെടുപ്പില്‍ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന സൂചനയും അദ്ദേഹം നല്കി.
സീറ്റ് വിഭജനത്തില്‍ എടുത്ത തീരുമാനം പുനപരിശോധിക്കാന്‍ യുഡിഎഫിന് കഴിയാത്ത സാഹചര്യത്തില്‍ പ്രവര്‍ത്തകരും നേതാക്കളും സഹകരിക്കണം. നാമനിര്‍ദ്ദേശ പത്രിക നല്കിയ മറ്റ് സ്ഥാനാര്‍ത്ഥികള്‍ പത്രിക പിന്‍വലിക്കണമെന്നും എന്‍സികെയുടെ സ്ഥാനാര്‍ത്ഥിക്കുവേണ്ടി പ്രവര്‍ത്തിക്കണമെന്നും ഹസ്സന് ആവശ്യപ്പെട്ടിരുന്നു.