‘ഒന്നുകില്‍ പിണറായി അല്ലെങ്കില്‍ ഇപി, ആസൂത്രണം നടന്നത് സുധാകരനൊപ്പമിരിക്കുമ്പോള്‍’; ആദ്യ ബോംബ് എറിഞ്ഞത് താനാണെന്നും പ്രശാന്ത് ബാബു

പിണറായി വിജയനെയോ ഇ പി ജയരാജനെയോ വധിക്കാനായിരുന്നു കെ സുധാകരന്റെ നിര്‍ദേശമെന്ന് പ്രശാന്ത് ബാബു. പേരാവൂര്‍ സംഭവത്തിന് ഒരു മറുപടി കൊടുക്കണ്ടേ എന്ന് ചോദിച്ചത് ടിപി ഹരീന്ദ്രനാണ്. അതേ ഗൂഢാലോചനയില്‍ താനും ടിപി ഹരീന്ദ്രനും കെ സുധാകരനും ഒന്നിച്ചിരിക്കുമ്പോഴാണ് സിഐഎമ്മിന്റെ ഏതെങ്കിലും ഒരു ഉന്നതനേതാവിനെ വധിക്കണമെന്ന നിര്‍ദേശമുണ്ടാകുന്നതെന്നും റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റേഴ്‌സ് അവറില്‍ പറഞ്ഞു.

ഇതെല്ലാം എവിടെയും തുറന്നുപറയാനും ആ കുറ്റത്തിന് ജയിലില്‍ പോകാന്‍ തയ്യാറാണെന്നും പ്രശാന്ത് ബാബു കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആ കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ തനിക്ക് പ്രേരണ നല്‍കിയ കെ സുധാകരനും ജയില്‍ പോകണമെന്നും പ്രശാന്ത് ബാബു വ്യക്തമാക്കി.

പ്രശാന്ത് ബാബുവിന്റെ വാക്കുകള്‍:

ഇപി ജയരാജനെ വധിക്കാന്‍ ഗൂഢാലോചന നടന്ന സ്ഥലത്ത് എത്തുമ്പോള്‍ അവിടെ താനും ടിപി ഹരീന്ദ്രനും മാത്രമാണുണ്ടായിരുന്നത്. അന്ന് പേരാവൂര്‍ സംഭവത്തിന് ഒരു മറുപടി കൊടുക്കണ്ടേ എന്ന് തന്നോട് ചോദിച്ചത് ടിപി ഹരീന്ദ്രനാണ്. പിന്നീട് താനും ടിപി ഹരീന്ദ്രനും കെ സുധാകരനും ഒന്നിച്ചിരിക്കുമ്പോഴാണ് സിപിഐഎമ്മിന്റെ ഒരു ഉന്നതനേതാവ്-ഒന്നുകില്‍ പിണറായി വിജയന്‍ അല്ലെങ്കില്‍ ഇപി ജയരാജനെ വധിക്കണമെന്ന നിര്‍ദേശമുണ്ടാകുന്നത്. എന്നെപ്പോലെയുള്ള യുവാക്കളെയാണ് അന്ന് കെ സുധാകരന്‍ സ്വാധീനിച്ചത്. പ്രതികരിച്ചിരിക്കും എന്ന് അന്ന് കെ സുധാകരന്‍ പറഞ്ഞപ്പോള്‍ എനിക്കും ആവേശം വന്നു. ഞാനാണ് അന്ന് ആദ്യത്തെ ബോംബെറിഞ്ഞത്. അന്ന് കെ സുധാകരന്റെ ഒപ്പം പോയി കരിമ്പില്‍ കൃഷ്ണന്‍ പുല്ലില്‍ പൊതിഞ്ഞ ബോംബ് നല്‍കിയത് എന്റെ കൈയ്യിലാണ്. അന്ന് കെ സുധാകരന്‍ ഒരു ജീപ്പേ ഉള്ളൂ. പൊട്ടിപ്പൊളിഞ്ഞ തളിപ്പറമ്പ് ഹൈവേയിലൂടെ ജീപ്പ് ഓടിക്കുമ്പോള്‍ സൂക്ഷിക്കണമെന്ന് പറഞ്ഞ സുധാകരന്റെ വാക്ക് അദ്ദേഹവുമായി ബന്ധമുണ്ടായിരുന്നകാലം വരെ സൂക്ഷിച്ചിരുന്നു.

2012 -ല്‍ തന്നെ ഞാനിതെല്ലാം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ കരിമ്പില്‍ കൃഷ്ണനുനേരെ എന്ത് നടപടിയാണുണ്ടായത്. കോഴിക്കോട് വെച്ച് ടി പി ഹരീന്ദ്രനെ ചോദ്യം ചെയ്‌തെന്ന് പറയുന്നു. എന്നാല്‍ കരിമ്പില്‍ കൃഷ്ണനുനേരെയോ കെ സുധാകരന് നേരെയോ എന്ത് നടപടിയാണെടുത്തത്. രണ്ട് കൊലക്കേസിലും മൂന്ന് വധശ്രമ കേസിലും പ്രതിയാണ് ഞാന്‍. 53 വയസായി. എങ്കിലും വീണ്ടും ജയിലില്‍ കിടക്കാന്‍ തയ്യാറാണ്. ഞാന്‍ തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ അതിന് കാരണം കെ സുധാകരനാണ്. കെ സുധാകരനാണ് ആ കുറ്റകൃത്യത്തിലെല്ലാം എന്നെ പ്രേരിപ്പിച്ചത്. സിപിഐഎമ്മിനെ പ്രതിരോധിക്കാനെന്ന പേരില്‍ ഞാനടക്കമുള്ളവരിലേക്ക് വിഷം കുത്തിവെച്ചത് കെ സുധാകരനാണ്. ആ കേസുകളില്‍ തനിക്കൊപ്പം കെ സുധാകരനും ജയിലില്‍ കിടക്കണമെന്നും പ്രശാന്ത് ബാബു പറഞ്ഞു.

Also Read: ‘എന്റെ അറിവിലും അങ്ങനെയൊരു സംഭവമില്ല’; സുധാകരന്റെ വാദത്തെ തള്ളി മമ്പറം ദിവാകരന്‍

Covid 19 updates

Latest News