Top

എഡിറ്റോറിയല്‍ ബോര്‍ഡില്‍ കസേരയിട്ടിരിക്കുന്ന അന്വേഷണ ഏജന്‍സികള്‍

21 Nov 2020 6:21 AM GMT
എം.പി ബഷീർ

എഡിറ്റോറിയല്‍ ബോര്‍ഡില്‍ കസേരയിട്ടിരിക്കുന്ന അന്വേഷണ ഏജന്‍സികള്‍
X

പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ ഉദ്യോഗസ്ഥരിലും ഉപദേഷ്ടാക്കളിലും അഭിരമിച്ച് നടപ്പാക്കിയ കണ്‍സള്‍ട്ടന്‍സി രാജ്, ആ രാഷ്ട്രീയ സഖ്യത്തിന്റെ നയ നിലപാടുകള്‍ മറന്നുകൊണ്ടായിരുന്നോ എന്ന് നമുക്ക് പലവട്ടം ചര്‍ച്ച ചെയ്യാം. കോടിയേരി ബാലകൃഷ്ണന്റേതുള്‍പ്പെടെ രാഷ്ട്രീയ പ്രവര്‍ത്തകരുടെ മക്കള്‍, അവരുടെ ബന്ധുക്കളും സ്വന്തക്കാരും, അവര്‍ അനുഭവിക്കുന്ന അധികാര സാമീപ്യത്തിന്റെയും പ്രിവിലേജുകളുടേയും പിന്തുണയില്‍ നടത്തുന്ന അത്യാചാരങ്ങള്‍ നമുക്ക് തുറന്നുകാട്ടാം. പക്ഷേ, കേരളത്തിലെ പരമ്പരാഗത മാധ്യമ മുതലാളിമാരുടെ കുപ്രസിദ്ധമായ ഇടതുപക്ഷ വിരുദ്ധതയുടെ തിമിരത്തില്‍, കഴിഞ്ഞ അഞ്ചുമാസമായി മലയാളികള്‍ക്ക് മുന്നില്‍ അരങ്ങേറുന്ന ഒരു രാഷ്ട്രീയ നാടകം നാം കാണാതിരുന്നുകൂടാ. അതിന് പിന്നിലെ ജനവിരുദ്ധ ഗൂഢാലോചനകള്‍ തുറന്നുകാട്ടപ്പെടണം.

ജൂണ്‍ 30നാണ് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് വന്ന യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ ഡിപ്ലോമാറ്റിക് ബാഗേജ് കണ്ടെത്തി തടഞ്ഞുവെച്ചത്. ജൂലൈ അഞ്ചിന് ബാഗേജ് തുറന്നുപരിശോധിച്ചപ്പോള്‍ അതില്‍ 30 കിലോ സ്വര്‍ണമാണെന്ന് കണ്ടെത്തുകയും കേസെടുക്കുകയും ചെയ്തു. ആ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സ്വപ്ന സുരേഷ് എന്ന മുന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥയ്ക്ക് മുഖ്യമന്ത്രിയുടെ പ്രിന്‍സിപല്‍ സെക്രട്ടറി എം ശിവശങ്കറുമായി ബന്ധമുണ്ടെന്നായിരുന്നു ആരോപണം. ആരോപണമുയര്‍ന്ന് ദിവസങ്ങള്‍ക്കകം ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ ഓഫീസ് ചുമതലയില്‍നിന്നും മാറ്റുകയും സര്‍വ്വീസില്‍നിന്നും സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍തന്നെ കേന്ദ്രത്തിന് കത്തെഴുതി ആവശ്യപ്പെട്ടു.

നോക്കൂ, അതിന് ശേഷമുള്ള അഞ്ചുമാസങ്ങള്‍ നമുക്ക് മുന്നില്‍ വിടര്‍ന്നുവന്ന തിരക്കഥ എന്തായിരുന്നു? കേന്ദ്ര സര്‍ക്കാരിന്റെ എട്ട് അന്വേഷണ ഏജന്‍സികളാണ് ഈ അഞ്ചുമാസം കേരളത്തിന്റെ തെക്കുവടക്ക് ഓടിനടന്നത്. നയതന്ത്ര ബാഗേജ് സ്വര്‍ണക്കടത്തിലെ നികുതി വെട്ടിപ്പ് അന്വേഷിക്കാന്‍ കസ്റ്റംസ് ആദ്യം വന്നു. സ്വര്‍ണക്കടത്ത് രാജ്യസുരക്ഷയെയും സാമ്പത്തിക പരമാധികാരത്തെയും വെല്ലുവിളിക്കുന്നു എന്ന വിലയിരുത്തലില്‍, അതിലെ ഭീകര വിധ്വംസക പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ പിന്നാലെ എന്‍ഐഎ വന്നു. വിദേശത്തുനിന്നുള്ള സ്വര്‍ണക്കടത്തിന് ഇവിടെ സഹായം ചെയ്യുന്നവരെക്കുറിച്ച് അന്വേഷിക്കാന്‍ ഇന്റലിജന്‍സ് ബ്യൂറോ വരികയും സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളെ നിരീക്ഷണത്തിലാക്കുകയും ചെയ്തു. ബെംഗളൂരു സിനിമ ലഹരി മരുന്ന് കേസിലെ പ്രതികള്‍ക്ക് സ്വര്‍ണ കടത്തുമായുള്ള ബന്ധം അന്വേഷിക്കാന്‍ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ എത്തി. കസ്റ്റംസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിദേശ നാണയ വിനിമയ ചട്ടത്തിന്റെ ലംഘനങ്ങള്‍ അന്വേഷിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിന്നാലെ എത്തി. സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ നാലേകാല്‍ കോടി കൈക്കൂലി വാങ്ങിയെന്ന ആരോപണമുയര്‍ന്ന ലൈഫ് മിഷന്‍ പദ്ധതിയില്‍, അനുമതിയില്ലാതെ വിദേശ സഹായം നേടിയെന്ന ആരോപണം അന്വേഷിക്കാനാണ് സിബിഐ വന്നത്. സ്വപ്നയുടെയും കൂട്ടുപ്രതികളുടെയും സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കാന്‍ ഇന്‍കം ടാക്‌സും വന്നു. മലയാള മനോരമ നല്‍കുന്ന വിവരമനുസരിച്ച് രഹസ്യാന്വേഷണ ഏജന്‍സിയായ റിസേര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ് അഥവാ റോയും ഇപ്പോള്‍ അന്വേഷണ പ്രക്രിയയിലുണ്ട്. 2019 മെയ് മാസത്തില്‍ തിരുവനന്തപുരത്ത് 25 കിലോ സ്വര്‍ണം പിടിച്ച കേസില്‍ പ്രതിയായ സെറീന, ദുബായില്‍ ഒരു പാകിസ്താനി പൗരനുമായി ചേര്‍ന്ന് ബ്യൂട്ടി പാര്‍ലര്‍ നടത്തിയിരുന്നെന്നും ആ പാക് ബന്ധം അന്വേഷിക്കാന്‍ റോ വന്നു എന്നുമാണ് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്. അവര്‍ പുതിയ കേസുകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇങ്ങനെ, അന്വേഷണ പരമ്പരകളുടെ അഞ്ചുമാസം കടന്നുപോകുമ്പോള്‍ നമുക്ക് മുമ്പില്‍ തെളിഞ്ഞുകിട്ടുന്ന ഉത്തരങ്ങള്‍ എന്തൊക്കെയാണ്? ആരാണ് ഇക്കണ്ട സ്വര്‍ണമത്രയും കൊടുത്തയച്ചത്? ആര്‍ക്കുവേണ്ടിയാണ് ഇത് കടത്തപ്പെട്ടത്? ഇതിന്റെയെല്ലാം സാമ്പത്തിക ലാഭം രാജ്യ താല്‍പര്യത്തിന് എതിരായും നിയമവിരുദ്ധമായും ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് ചെയ്യുന്നതാരാണ്? ഇത്തരം അടിസ്ഥാന ചോദ്യങ്ങള്‍ക്കൊന്നും ഇതുവരെ മറുപടി കിട്ടിയിട്ടില്ല. എളുപ്പം പൊട്ടിപ്പോകുന്ന സംശയത്തിന്റെ കുമിളകള്‍ ആകാശത്തേക്ക് ഊതി വിടാനല്ലാതെ ഈ അന്വേഷണ ഏജന്‍സികള്‍ക്ക് ഇതുവരെ പ്രത്യേകിച്ചൊന്നും സാധിച്ചിട്ടില്ല. ഇത്തരം കുമിളകള്‍ പറത്തിവിടാന്‍ അന്വേഷണ ഏജന്‍സികള്‍ ഉപയോഗപ്പെടുത്തിയത് കേരളത്തിലെ മാധ്യമപ്രവര്‍ത്തകരെയാണ്. അസാധാരണമായ കാര്യശേഷിയോടെ മാധ്യമങ്ങള്‍ ചെയ്ത ഈ വിടുപണിയാണ് ഈ തിരക്കഥയിലെ ഏറ്റവും ലജ്ജാകരമായ അധ്യായം.

ഇത്രയും പറയാന്‍ പിണറായി വിജയന്റെ ആരാധകനാവണമെന്നില്ല. സംഘ്പരിവാറിന്റെ ഫാസിസ്റ്റ് മോഹങ്ങള്‍ക്ക് ഇതുവരെ വഴങ്ങിക്കൊടുക്കാത്ത ഒരു രാഷ്ട്രീയ സംസ്‌കാരത്തെ തച്ചുടയ്ക്കാനുള്ള നീക്കം ഇതിന് പിന്നിലുണ്ടോ എന്ന് സംശയിക്കാന്‍ വലിയ രാഷ്ട്രീയ പാണ്ഡിത്യവും ആവശ്യമില്ല, പ്രത്യേകിച്ചും തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ഈ മാസങ്ങളില്‍. തങ്ങളുടെ കീഴിലുള്ള അന്വേഷണ ഏജന്‍സികള്‍ക്ക് പുതിയ പല്ലും നഖവും നല്‍കി രാഷ്ട്രീയ ശത്രുക്കള്‍ക്കെതിരെ തിരിച്ചുവിടാന്‍ ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ മോദി സര്‍ക്കാര്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ മനസിലാക്കിയാല്‍ മതി. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് നേരെ നടത്തിയ കടന്നാക്രമണങ്ങള്‍ കണ്ടാല്‍ മതി. അന്വേഷണം തുടങ്ങിയതിന്റെ പിറ്റേന്നാള്‍ മുതല്‍ എല്ലാ അന്വേഷണ ഏജന്‍സികളില്‍നിന്നും കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരിലേക്ക് മുറതെറ്റാതെ ചോര്‍ന്നെത്തുന്ന വാര്‍ത്തയുടെ തുണ്ടുകള്‍ സൂക്ഷിച്ചുനോക്കിയാല്‍ മാത്രം മതി.

ഇക്കാര്യത്തില്‍ ഏറ്റവും ഒടുവിലുണ്ടായ രണ്ട് വെളിപ്പെടുത്തലുകള്‍ അന്വേഷണ ഏജന്‍സികളുടെയും അവരുടെ യജമാനന്മാരുടെയും ഗൂഢലക്ഷ്യങ്ങള്‍ വെളിപ്പെടുത്തുന്നു. എന്‍ഫോഴ്‌സ്‌മെന്റിന് ആവശ്യമുള്ള രാഷ്ട്രീയ നേതാക്കളുടെ പേരുപറയാന്‍ വിസമ്മതിച്ചതാണ് തന്നെ പ്രതിപ്പട്ടികയില്‍പെടുത്താന്‍ കാരണമെന്ന് എം ശിവശങ്കര്‍ കോടതിയെ ബോധിപ്പിക്കാന്‍ ശ്രമിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് പറയാന്‍ തന്നെ നിര്‍ബന്ധിക്കുന്നതായുള്ള സ്വപ്ന സുരേഷിന്റെ സംഭാഷണ ശകലം സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു.

വാര്‍ത്താ ചാനലുകളുടേയും പത്രങ്ങളുടേയും എഡിറ്റോറിയല്‍ ബോര്‍ഡില്‍ കേന്ദ്ര ഏജന്‍സികള്‍ കസേരയിട്ടിരിക്കുന്ന കാഴ്ച്ചയാണ് കഴിഞ്ഞ അഞ്ച് മാസമായി നാം കാണുന്നത്. വാര്‍ത്താ ഏജന്‍സികളെ സബസ്‌ക്രൈബ് ചെയ്യുന്നതുപോലെയാണ് കേന്ദ്ര ഏജന്‍സികളെ വലിയൊരു വിഭാഗം മാധ്യമങ്ങള്‍ ആശ്രയിച്ചത്. കേന്ദ്ര സര്‍ക്കാരിന് കീഴില്‍ ഭരണഘടനാ സംവിധാനങ്ങള്‍ ഉപകരണങ്ങള്‍ മാത്രമാകുകയാണെന്നും നീതി ന്യായവ്യവസ്ഥയെ വരെ കീഴ്പ്പെടുത്തിയെന്നുമുള്ള ഗുരുതര വിമര്‍ശനങ്ങളുണ്ട്. ഇതിനിടെയാണ് ഏജന്‍സികള്‍ കുറേശ്ശെയായി എറിഞ്ഞു തരുന്നതെന്തും മാധ്യമങ്ങള്‍ ചാടിയെടുക്കുകയും പൊതുജനമധ്യത്തിലേക്ക് അത് എത്തിക്കുകയും ചെയ്യുന്നത്. കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത വാര്‍ത്താ മേള. രാവിലെ പത്രങ്ങളില്‍ വരേണ്ട എട്ടുകോളം വാര്‍ത്തയും രാത്രിയിലെ പ്രൈം ടൈം ചര്‍ച്ചയുടെ വിഷയങ്ങളും ഏജന്‍സി ഉദ്യോഗസ്ഥര്‍ ഊഴമനുസരിച്ച് തീരുമാനിക്കുന്നതുപോലെ. കേന്ദ്രസംഘങ്ങള്‍ തുടര്‍ച്ചയായി വിവരങ്ങള്‍ ഇട്ടുതരുന്നതിന് പിന്നില്‍ മറ്റ് അജണ്ടകളുണ്ടെന്നും അന്വേഷണത്തിന്റെ ഗതി ഇത്തരത്തില്‍ വെളിപ്പെടുത്തിക്കൊണ്ടേയിരിക്കുന്നത് അസാധാരണമാണെന്നുമുള്ള നിരീക്ഷണങ്ങള്‍ അധികമാരും ഗൗരവത്തിലെടുത്തില്ല. അതീവ ഗുരുതരമായ കണ്ടെത്തലുകള്‍ നടത്തിയെന്ന തരത്തില്‍ വാര്‍ത്ത നല്‍കിയ ഏജന്‍സികളുടെ അവകാശവാദം കോടതികളിലെത്തുമ്പോള്‍ ദുര്‍ബലമാകുന്നത് ഇതിനിടെ പലവട്ടം കണ്ടു. കേസും കോടതി നടപടിക്രമങ്ങളും വിധി നിര്‍ണയവും ഇനിയും നീണ്ടുപോകും. കേസില്‍ പിന്നീടുണ്ടാകുന്ന തീര്‍പ്പുകള്‍ എന്തുതന്നെയായാലും, കുറ്റാരോപിതര്‍ ശിക്ഷിപ്പെട്ടാലും ഇല്ലെങ്കിലും, ഇപ്പോള്‍ സൃഷ്ടിക്കപ്പെടുന്ന പ്രതീതിയാണ് വര്‍ത്തമാനകാല രാഷ്ട്രീയത്തില്‍ നിര്‍ണായകമാകുന്നത്.

തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ഒരു പ്രതിപക്ഷ സംസ്ഥാനത്തിന് മേല്‍ കേന്ദ്രസര്‍ക്കാരിന്റെ ഏജന്‍സികള്‍ നടത്തുന്ന അതിരുവിട്ട കടന്നാക്രമണങ്ങളെ കേവല വാര്‍ത്തകളായി ഇനിയും വിഴുങ്ങാന്‍ നിര്‍ബന്ധിക്കരുത്.

Next Story