മാലിന്യസംസ്‌കരണത്തിന് ബയോഡൈജസ്റ്റര്‍ ടോയ്ലറ്റ് സംവിധാനവുമായി ഫ്രണ്ട്‌സ് ഓഫ് ഭാരതപ്പുഴ

ഭാരതപ്പുഴയും സമീപ പ്രദേശങ്ങളും മാലിന്യ മുക്തമാക്കുക എന്ന പദ്ധതിയുടെ ഭാഗമായി ജൈവ പ്രക്രിയയിലൂടെ മനുഷ്യമാലിന്യം സംസ്‌കരിക്കുന്ന ബയോഡൈജസ്റ്റര്‍ ടോയ്‌ലറ്റ്, പട്ടാമ്പി പടിഞ്ഞാറെ മഠം ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ സ്ഥാപിച്ചു. മെട്രോമാന്‍ ഇ.ശ്രീധരന്‍ നേതൃത്വം നല്‍കുന്ന ഫ്രണ്ട്‌സ് ഓഫ് ഭാരതപ്പുഴയാണ് ബയോടോയ്ലറ്റ് നല്‍കിയത്.

പ്രതിരോധരംഗത്ത് പ്രവര്‍ത്തിക്കുന്ന ഡിഫന്‍സ് റിസര്‍ച്ച് & ഡെവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന്‍ വികസിപ്പിച്ചെടുത്ത എക്കോഫ്രണ്ട്‌ലി വേസ്റ്റ് മാനേജ്‌മെന്റ് ടെക്‌നിക്ക് ആണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ആലപ്പുഴയിലെ സമുദ്ര ഷിപ്പ്‌യാര്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഫ്രണ്ട്‌സ് ഓഫ് ഭാരതപ്പുഴയ്ക്ക് വേണ്ടി ക്ഷേത്രത്തില്‍ ബയോടോയ്‌ലറ്റ് നിര്‍മ്മിക്കുന്നത്.

ബാക്ടീരിയകളെ ഉപയോഗിച്ച് അനറോബിക് ബയോ ഡൈജഷന്‍ ടെക്‌നോളജിയിലൂടെ മാലിന്യത്തെ ഉപയോഗയോഗ്യമായ വെള്ളമായും വാതകമായും മാറ്റിയെടുക്കുന്നു. അതിനാല്‍ ഇത് തീര്‍ത്തും പ്രകൃതിസൗഹൃദമാണെന്നും മാലിന്യം ഒട്ടുംതന്നെ പുറത്ത് വരില്ലെന്നും ടിങ്കിള്‍ ജോസ് (സമുദ്ര ഷിപ്പ് യാര്‍ഡ്) പറഞ്ഞു.

കേരളത്തിലെ ഒരു ക്ഷേത്രത്തില്‍ ആദ്യമായാണ് ഇത്തരം ബയോടോയലറ്റ് സ്ഥാപിക്കുന്നത്. പുഴയോരത്തെ എല്ലാ ആരാധനാലയങ്ങളിലെയും സ്ഥാപനങ്ങളിലെയും ശൗചാലയങ്ങള്‍ ഇതേരീതിയില്‍ നിര്‍മ്മിക്കണമെന്നാണ് ഫ്രണ്ട്‌സ് ഓഫ് ഭാരതപ്പുഴ ആവശ്യപ്പെടുന്നത്. ദേവസ്വം ഓഫീസര്‍ നാരായണന്‍ നമ്പൂതിരി ഫ്രണ്ട്‌സ് ഓഫ് ഭാരതപ്പുഴ ഭാരവാഹികളായ ഡോ.രാജന്‍ ചുങ്കത്ത്, അഡ്വ.രാജേഷ് വെങ്ങാലില്‍, രാജേഷ് കവളപ്പാറ തുടങ്ങിയവര്‍ പങ്കെടുത്ത് സംസാരിച്ചു.

Latest News