‘ഇതൊരു തുടക്കം മാത്രം, ‘ ആഴക്കടലിലെ കൂരിരുട്ട് വിഷയത്തില്‍ എംഎം അക്ബറിന് ഉടന്‍ മറുപടിയെന്ന് ഇഎ ജബ്ബാര്‍

മലപ്പുറത്ത് നടന്ന ഇസ്ലാം-യുക്തി വാദി സംവാദത്തിന് പിന്നാലെ പ്രതികരണവുമായി സംവാദത്തില്‍ പങ്കെടുത്ത യുക്തിവാദി ഇഎ ജബ്ബാര്‍. സംവാദം വളരെ ജനാധിപത്യപരമായും സമാധാനപരമായും നടന്നെന്നും സഹകരിച്ച എല്ലാവര്ക്കും നന്ദി അറിയിക്കുന്നെന്നും ഇഎ ജബ്ബാര്‍ പറഞ്ഞു. ഇസ്ലാം പക്ഷത്ത് നിന്ന സംവാദം നടത്തിയ എംഎം അക്ബറിനോടും ജബ്ബാര്‍ നന്ദി പറഞ്ഞു. കേരളത്തിന്റെ സാംസ്കാരിക മേഖലയില്‍ വലിയൊരു സാധ്യതയാണ് ഇത്തരമൊരു ചര്‍ച്ച വഴി തുറന്നുകിട്ടിയതെന്ന് ഇദ്ദേഹം പറഞ്ഞു. മതവിശ്വാസികളും അവിശ്വാസികളും തമ്മില്‍ മുമ്പ് ചര്‍ച്ച നടന്നിട്ടുണ്ടെങ്കിലും ഈ ചര്‍ച്ച വലിയ ശ്രദ്ധ നേടിയെന്നും ഇദ്ദേഹം പറഞ്ഞു.
ഇഎ ജബ്ബാറിന്റെ വാക്കുകള്‍
‘പ്രതികരണങ്ങളില്‍ ചിലതൊക്കെ ഞാന്‍ ശ്രദ്ധിച്ചു. രണ്ടു തരത്തിലുള്ള പ്രതികരണങ്ങള്‍ വന്നിട്ടുണ്ട്. ഏതായാലും ചര്‍ച്ചകള്‍ തുടരട്ടെ. ഈ സംവാദത്തെ സമൂഹം സമൂഹം വിലയിരുത്തട്ടെ. സംവാദത്തിന്റെ ആത്യന്തിക വിജയി ആര് പരാജിതന് എന്ന് കാലം തെളിയിക്കട്ടെ. ഞാന്‍ എന്തായാലും ഈ സംവാദത്തില്‍ വളരെ സംതൃപ്തനാണ്. കാരണം, ഞാന്‍ എന്റെ യുട്യൂബ് ചാനലില്‍ ഖുര്‍ ആനും ശാസ്ത്രവും ആയി ബന്ധപ്പെട്ട് സീരിയലായി ഏതാനും വീഡിയോകള്‍ ചെയ്യാമെന്നുദ്ദേശിച്ചു കൊണ്ട് തുടക്കം കുറിച്ച ആദ്യത്തെ രണ്ടോ മൂന്നോ വീഡിയോകള്ക്കകത്താണ് ഞാന്‍ സാന്ദര്‍ഭികമായി ഇങ്ങനെ ഒരു വെല്ലുവിളി ഉയര്‍ത്തിയത്.
അങ്ങനെ ഒരു വെല്ലുവിളി ഉയര്‍ത്തുമ്പോള്‍ എന്റെ മനസ്സില്‍ വിശ്വാസികളായ ഒരുപാട് സുഹൃത്തുക്കള്‍ എന്റെ യുട്യൂബ് ചാനലിലൂടെ തുടര്‍ന്നു വരുന്ന ചര്‍ച്ച കാണണം എന്നു മാത്രമേ ഞാനുദ്ദേശിച്ചിരുന്നുള്ളൂ. എന്നാല്‍ കേരളത്തിലെ മുസ്ലിം പണ്ഡിതമാര്‍ ആ വെല്ലുവിളി ഏറ്റെടുക്കുകയും അത് സാമൂഹ്യമാധ്യമങ്ങള്‍ വലിയ ഒരു ചര്ച്ചയാക്കിക്കൊണ്ടുവരികയും ചെയ്തതോടുകൂടിയാണ് അതിനിങ്ങനെയൊരു പരിസമാപ്തി ഉണ്ടായിരിക്കുന്നത്. അതോടു കൂടി എന്റെ ഉദ്ദേശ്യം അതിന്റെ ആയിരം മടങ്ങായി ഫലം നല്‍കിക്കൊണ്ട് ഇവിടംവരെ എത്തിയിരിക്കുകയാണ്. സംവാദം അവസാനിച്ചെന്ന് പറഞ്ഞെങ്കിലും എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു ഉദ്ഘാടനമാണ്, തുടക്കമാണ്. ഒരു ചര്‍ച്ചയ്ക്കുള്ള തുടക്കമാണ്.
ആ ചര്‍ച്ചയില്‍ നമ്മളെ ഇതുവരെ ശ്രദ്ധിച്ചുകൊണ്ടിരുന്നത് സ്വതന്ത്ര ചിന്തകരും കുറച്ചു സുഹൃത്തുക്കളുമാണ് ഉണ്ടായിരുന്നതെങ്കില്‍ ഇനി അതിനപ്പുറം കേരളത്തിലെ ഒരു വലിയ സമൂഹം ഈ ചര്‍ച്ചയില്‍ പങ്കുകൊള്ളാനായി വരികയാണ്. ഞാനുദ്ദേശിച്ചിരുന്നത് ഇത്രയൊന്നുമില്ല, പക്ഷെ ഇന്ന് അതിന്റെ സാധ്യതകള്‍ എത്രയോ പതിന്മടങ്ങായി വര്‍ധിച്ചു എന്നതാണ് സംവാദത്തിന്റെ ഞാന്‍ കാണുന്ന മറ്റൊരു പ്രധാനകാര്യം.
കേരളത്തില്‍ യുക്തിവാദികളും മതവാദികളും, തമ്മില്‍ പ്രത്യേകിച്ച് എക്സ് മുസ്ലിമും ഇസ്ലാമിക പണ്ഡിതരും തമ്മില്‍ ചര്‍ച്ചയ്ക്കും സംവാദത്തിനും ജാനധിപത്യപരമായ ഒരു പ്ലാറ്റ്ഫോം തുറന്നുകിട്ടി. ഇതിനു മുമ്പ് ഒറ്റപ്പെട്ട സംവാദങ്ങളും ചര്‍ച്ചകളുമൊക്കെ നടന്നിരുന്നെങ്കിലും പൊതു സമൂഹത്തില്‍ യുക്തിവാദികളും വിശ്വാസികളും തമ്മില്‍ അഥവാ ഇസ്ലാം മതത്തില്‍ നിന്നു വിട്ടു പോയ ആളുകളും ഇസ്ലാമിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ആളുകളും തമ്മില്‍ വളരെ ജനാധിപത്യപരമായ ഒരു സംവാദം ഇതിനു മുമ്പ് ഉണ്ടായിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്.
അത്തരത്തിലുള്ള ഒരു സംവാദത്തിന് വഴി തുറക്കുക വഴി കേരളത്തിന്റെ സാംസ്കാരിക രംഗത്ത് ജനാധിപത്യവല്‍ക്കരണം എന്ന പക്രിയക്ക് ഇത് വളരെയധികം സഹായകരമായ ഒരു സംഭവവമായി മാറിയിട്ടുണ്ട് എന്നാണ് ഞാന്‍ കരുതുന്നത്. പ്രത്യേകിച്ച് മുസ്ലിം സമുദായങ്ങള്‍ക്കിടയില്‍ ഞങ്ങളെ പ്പോലുള്ള അവിശ്വാസികളെക്കുറിച്ച് ഒരു തെറ്റായധാരണ നിലനില്‍ക്കുന്നുണ്ട്. അത്തരം തെറ്റായ ധാരണകള്ക്കുപ്പുറം ഒരു വൈജ്ഞാനികമായ കൊടുക്കല്‍ വാങ്ങലുകള്‍ക്കുള്ള സാധ്യതകള്‍ ഈ സംവാദം വഴി സമൂഹത്തിന് തുറന്ന കിട്ടിയിട്ടുണ്ടെന്നാണ് ഞാന്‍ കരുതുന്നത്,’ ഇഎ ജബ്ബാര്‍ തന്റെ യുട്യൂബ് ചാനലില്‍ പറഞ്ഞു.
ഒപ്പം തന്റെ യൂട്യൂബ് ചാനലില്‍ അടുത്ത വീഡിയോ ആയി എംഎം അക്ബര്‍ ഖുര്‍ ആനില്‍ നിന്നു പരാമര്‍ശിച്ച ആഴക്കടലിലെ ഇരുട്ട് എന്ന വിഷയത്തില്‍ വീഡിയോ ചെയ്യുമെന്നും ഇഎ ജബ്ബാര്‍ പറഞ്ഞു.
സാമൂഹ്യമാധ്യമങ്ങളില്‍ ഏറെക്കാലമായി നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് എംഎം അക്ബറും ഇഎ ജബ്ബാറും തമ്മില്‍ മലപ്പുറത്ത് ഇസ് ലാം യുക്തി വാദം സംവാദം നടന്നത്.
‘പ്രവാചകരുടെ കാലത്ത് അജ്ഞമായതും പിന്നീട് ശാസ്ത്രം കണ്ടെത്തിയതുമായ എന്തെങ്കിലും ഒരു കാര്യം മതഗ്രന്ഥമായ ഖുര്‍ആനില്‍ ഉള്ളതായി ബോധ്യപ്പെടുത്തിയാല്‍ മുസ്ലിം ആയിത്തീരാം’ എന്ന ഇഎ ജബ്ബാറിന്റെ വെല്ലുവിളിയായിരുന്നു സംവാദത്തിലേക്ക് വഴിതുറന്നത്.
ഖുര്‍ആന്‍ ഇരുപത്തിനാലാം അദ്ധ്യായം സൂറത്തുന്നൂര്‍ നാല്പതാം സൂക്തമാണ് അദ്ദേഹം ജബ്ബാറിന്റെ വെല്ലുവിളിക്ക് മുന്നില്‍ വെച്ചത്.’അല്ലെങ്കില്‍, ആഴക്കടലിലെ ഇരുട്ടുകള്‍ പോലെ, തിരമാലകള്‍ അതിനെ പൊതിയുന്നു;അതിന് മുകളില്‍ വീണ്ടും തിരമാല; അതിനുമീതെ കാര്‍മേഘം;അങ്ങനെ ഒന്നിനുമുകളില്‍ മറ്റൊന്നായി അനേകം ഇരുട്ടുകള്‍, തന്റെ കൈ പുറത്തേക്ക് നീട്ടിയാല്‍ അതുപോലും അയാള്‍ക്ക് കാണാന്‍ കഴിയുകയില്ല, അള്ളാഹു ആര്‍ക്ക് പ്രകാശം നല്കിയില്ലയോ അവന്ന് യാതൊരു പ്രകാശവുമില്ല.’ഈ സൂക്തത്തിലെ ആശയം പ്രവാചകന്റെ കാലത്തെ ആളുകള്‍ക്ക് അജ്ഞമായിരുന്നുവെന്നും പിന്നീട് ശാസ്ത്രം ഇതിനെ കണ്ടെത്തുകയായിരുന്നുവെന്നും അക്ബര്‍ വാദിച്ചു.
തുടര്‍ന്ന് സയന്‍സും ഇസ്ലാമും തമ്മിലുള്ള ബന്ധം വിശദമാക്കിയ അദ്ദേഹം തലച്ചോറും ഹൃദയവും തമ്മില്‍ ചില ചിന്താപരമായ കാര്യങ്ങളില്‍ ബന്ധപ്പെട്ടിരിക്കുന്നു എന്നും ഖുര്‍ആനിലെ ഈ സത്യം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അവകാശപ്പെട്ടു.
ഇരു വിഭാഗങ്ങളുടെയും സോഷ്യല്‍ മീഡിയ പേജുകളില്‍ പരിപാടി തല്‍സമയം സംപ്രേക്ഷണം ചെയ്തിരുന്നു. സംവാദം നടന്ന മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ സുരക്ഷയ്ക്കായി പോലീസിനെയും വിന്യസിച്ചിരുന്നു. സംവാദം അവസാനിച്ചുവെങ്കിലും വിജയം അവകാശപ്പെട്ട് ഇരുവിഭാഗവും രംഗത്തെത്തിയിട്ടുണ്ട്. ട്രോളുകളായും വോട്ടെടുപ്പുകളായും അവകാശവാദങ്ങളും വിമര്‍ശനങ്ങളും നവ മാധ്യമങ്ങളില്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്.