‘ക്ലോസ് ദിസ്, ബീഫ് വിഷയം നിസാരം, സുരേന്ദ്രനെതിരെയുള്ള കേസുകള്‍ വ്യാജം; ലൗ ജിഹാദിനെക്കുറിച്ച് കൂടി ചോദ്യമായപ്പോള്‍ അഭിമുഖം ബഹിഷ്‌കരിച്ച് ശ്രീധരന്‍

പ്രമുഖ ദേശീയ മാധ്യമമായ ന്യൂസ് ലോണ്ടറിയ്ക്ക് അനുവദിച്ച അഭിമുഖത്തിനിടെ ക്ഷുഭിതനായി പാതിവഴിയില്‍ വെച്ച് ഇറങ്ങിപ്പോയി പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ഥി ഇ ശ്രീധരന്‍. ബീഫ് നിരോധനം, ലൗ ജിഹാദ് നിയമം, കെ സുരേന്ദ്രമനെതിരായ ക്രിമിനല്‍ കേസുകള്‍ മുതലായവ ചൂണ്ടിക്കാട്ടി മാധ്യമപ്രവര്‍ത്തക ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോഴാണ് ഇവയെല്ലാം അനാവശ്യ വിഷയങ്ങളാണെന്ന് സൂചിപ്പിച്ച് ഇ ശ്രീധരന്‍ ഇറങ്ങിപ്പോയത്. ഇത്തരം അനാവശ്യമായതും നിസാരമായതുമായ വിഷയങ്ങള്‍ ഉന്നയിച്ച് ഒരു വ്യക്തിയേയും പാര്‍ട്ടിയേയും മാത്രം ലക്ഷ്യമാക്കുന്നത് ശരിയല്ലെന്നും മെട്രോമാന്‍ ഇ ശ്രീധരന്‍ പറഞ്ഞു.

കേരളത്തിലെ ബീഫ് വിവാദവുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് ഇതൊരു നിസാര വിഷയമാണെന്നായിരുന്നു ശ്രീധരന്റെ മറുപടി. എന്തിനാണ് ഇത്തരം അപ്രധാനമായ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതെന്ന് ചോദിച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തക കേരളത്തിലെ ബിജെപി നേതാക്കള്‍ തന്നെ വിഷയത്തില്‍ സ്വീകരിച്ച നിലപാടുകളിലെ വൈരുധ്യം ചൂണ്ടിക്കാട്ടുകയായിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ അഭിപ്രായം പറയാനോ വിലയിരുത്താനോ താന്‍ ആളല്ലെന്ന് പറഞ്ഞ് ശ്രീധരന്‍ ഒഴിഞ്ഞുമാറി.

അഴിമതിയും അക്രമവും നിറഞ്ഞുനില്‍ക്കുന്ന എല്‍ഡിഎഫ്, യുഡിഎഫ് ഭരണത്തിന് ബദലെന്ന രീതിയില്‍ കേരളത്തില്‍ അവതരിക്കപ്പെട്ട ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്റെ പേരിലുള്ള 250 കേസുകള്‍ ചൂണ്ടിയായിരുന്നു മാധ്യമപ്രവര്‍ത്തകയുടെ അടുത്ത ചോദ്യം. കെ സുരേന്ദ്രനെതിരായ എല്ലാ കേസുകളും മനപൂര്‍വ്വം കെട്ടിച്ചമച്ചതാണെന്നായിരുന്നു ശ്രീധരന്റെ മറുപടി. സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ വന്ന കേസുകളേക്കാള്‍ വലുതാണ് സുരേന്ദ്രനെതിരായ കേസുകള്‍ എന്ന് കരുതുന്നുണ്ടോ എന്ന് ശ്രീധരന്‍ തിരിച്ച് ചോദിച്ചു.

നിര്‍ബന്ധിതമതപരിവര്‍ത്തനത്തിനെതിരായ യുപി മോഡല്‍ നിയമം കേരളത്തില്‍ കൊണ്ടുവന്നില്ലെങ്കില്‍ കേരളം മിനി സിറിയ ആയി മാറുമെന്ന കെ സുരേന്ദ്രന്റെ പ്രസ്താവനെയെക്കുറിച്ചും മാധ്യമപ്രവര്‍ത്തക ചോദിച്ചു. ചോദ്യത്തിന് മറുപടി പറയാനില്ലെന്നും നിങ്ങള്‍ വീണ്ടും ഒരോ കാര്യത്തില്‍ തന്നെ കടിച്ചുതൂങ്ങുകയാണെന്നും പറഞ്ഞുകൊണ്ട് ശ്രീധരന്‍ അഭിമുഖം ബഹിഷ്‌കരിക്കുകയായിരുന്നു. ഈ ചോദ്യങ്ങള്‍ അനാവശ്യമാണെന്നും നമ്മുക്ക് ഇതിവിടെ അവസാനിപ്പിക്കാമെന്നുമായിരുന്നു ക്ഷുഭിതനായി ശ്രീധരന്‍ മാധ്യമപ്രവര്‍ത്തകയോട് പറഞ്ഞത്.

Covid 19 updates

Latest News