Covid 19 Kerala

കൊവിഡ് വാക്‌സിനേഷന്‍: സംസ്ഥാനത്ത് എല്ലാ ജില്ലകളിലും നാളെ ഡ്രൈ റണ്‍

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടാംഘട്ട കൊവിഡ് വാക്‌സിന്‍ കുത്തിവെപ്പിനുള്ള നാളത്തെ ഡ്രൈ റണിന്റെ (മോക് ഡ്രില്‍) ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി 46 കേന്ദ്രങ്ങളിലായാണ് ഡ്രൈ റണ്‍ നടക്കുന്നത്. ജില്ലയിലെ മെഡിക്കല്‍ കോളേജ്/ജില്ലാ ആശുപത്രി, സ്വകാര്യ ആശുപത്രി, നഗര/ഗ്രാമീണ ആരോഗ്യ കേന്ദ്രം എന്നിങ്ങനെയാണ് ഡ്രൈ റണ്‍ നടത്തുന്നത്.

രാവിലെ 9 മുതല്‍ 11 മണി വരെയാണ് ഡ്രൈ റണ്‍. ഓരോ കേന്ദ്രങ്ങളിലും 25 ആരോഗ്യ പ്രവര്‍ത്തകര്‍ വീതമാണ് ഡ്രൈ റണ്ണില്‍ പങ്കെടുക്കുക. നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്ന് ഉള്‍പ്പെടെയുള്ള കൊവിഡ് വാക്‌സിനേഷന്‍ നല്‍കുന്ന നടപടിക്രമങ്ങള്‍ എല്ലാം അതുപോലെ പാലിച്ചാണ് ഡ്രൈ റണ്‍ നടത്തുന്നത്. ജനുവരി രണ്ടിന് 4 ജില്ലകളില്‍ 6 ആരോഗ്യ കേന്ദ്രങ്ങളിലായി വിജയകരമായി നടത്തിയ ഡ്രൈ റണ്ണിന് ശേഷമാണ് കേരളം എല്ലാ ജില്ലകളിലുമായി കോവിഡ് ഡ്രൈ റണ്‍ നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.

എപ്പോള്‍ വാക്‌സിന്‍ എത്തിയാലും കേരളം കോവിഡ് വാക്‌സിനേഷന് സജ്ജമാണ്. കോവിഡ് വാക്‌സിനേഷനായി ഇതുവരെ 3,51,457 പേരാണ് രജിസ്റ്റര്‍ ചെയ്തത്. ആരോഗ്യ വകുപ്പിന് ലഭിച്ച 100 ശതമാനം പേരുടേയും രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ മേഖലയിലെ 1,67,084 പേരും സ്വകാര്യ മേഖലയിലെ 1,84,373 പേരുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതുകൂടാതെ സാമൂഹ്യസുരക്ഷാ മിഷന്റെ വയോമിത്രം പദ്ധതിയിലെ 400 ഓളം ജീവനക്കാരുടേയും കനിവ് 108 ആംബുലന്‍സിലെ 1344 ജീവനക്കാരുടേയും രജിസ്‌ട്രേഷന്‍ പുരോഗമിക്കുകയാണ്.

ലാര്‍ജ് ഐ.എല്‍.ആര്‍. 20, വാസ്‌കിന്‍ കാരിയര്‍ 1800, കോള്‍ഡ് ബോക്‌സ് വലുത് 50, കോള്‍ഡ് ബോക്‌സ് ചെറുത് 50, ഐസ് പായ്ക്ക് 12,000, ഒരിക്കല്‍ മാത്രം ഉപയോഗിക്കാന്‍ പറ്റുന്ന 14 ലക്ഷം ഓട്ടോ ഡിസേബിള്‍ ഡിസ്‌പോസബിള്‍ സിറിഞ്ചുകള്‍ എന്നിവ സംസ്ഥാനത്തെത്തിയിട്ടുണ്ട്. ഇവ ജില്ലാടിസ്ഥാനത്തില്‍ വിതരണം ചെയ്തുവരുന്നു.

ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലുള്ള എല്ലാ വിഭാഗം ആരോഗ്യ പ്രവര്‍ത്തകര്‍, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, ആശ വര്‍ക്കര്‍മാര്‍, ഐ.സി.ഡി.എസ്. അങ്കണവാടി ജീവനക്കാര്‍ എന്നിവര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്.

നാളെ ഡ്രൈ റണ്‍ നടക്കുന്ന കേന്ദ്രങ്ങള്‍

ആലപ്പുഴ: ആലപ്പുഴ ജിഎച് , ചെട്ടിക്കാട് സിഎച്ച്സി , സേക്രഡ് ഹാർട്ട് ജനറൽ ഹോസ്‌പിറ്റൽ, പുറക്കാട് പിഎച്ച്സി

എറണാകുളം : അങ്കമാലി ടി എച് , ചെങ്ങമനാട് സിഎച്ച്സി , കിൻഡർ ഹോസ്‌പിറ്റൽ, കളമശ്ശേരി

ഇടുക്കി : ഇടുക്കി ഡിഎച് , പള്ളിവാസൽ ടൗൺഹാൾ , ഹോളി ഫാമിലി, മുതലക്കോടം

കണ്ണൂർ : കണ്ണൂർ ഡിഎച്, തേർത്തല്ലി എഫ്എച്ച്സി, സെൻറ് മാർട്ടിൻ ഡി പോറസ് ഹോസ്‌പിറ്റൽ

കാസർഗോഡ് : കാഞ്ഞങ്ങാട് ഡിഎച്, കയൂർ എഫ്എച്ച്സി, കിംസ് കാസർഗോഡ് , ചിറ്റാരക്കാൽ പി എച്ച്സി

കൊല്ലം : ഗവൺമെൻറ് വിക്ടോറിയ ഹോസ്‌പിറ്റൽ , അഞ്ചൽ സിഎച്ച്സി, ട്രാവൻകൂർ മെഡിസിറ്റി മെഡിക്കൽ കോളേജ്

കോട്ടയം : കോട്ടയം ജിഎച്, എടയിരിക്കപ്പുഴ സിഎച്ച്സി, മാർ സ്ലീവാ മെഡിസിറ്റി

കോഴിക്കോട് : കോഴിക്കോട് ജിഎച്, പെരുമണ്ണ പിഎച്ച്സി, ആസ്റ്റർ മിംസ് ഹോസ്‌പിറ്റൽ, തലകുളത്തൂർ സിഎച്ച്സി, പുതിയാപ്പ പിഎച്ച്സി

മലപ്പുറം : നിലമ്പുർ ഡിഎച് , ചാലിയാർ എഫ്എച്ച്സി, കിംസ് അൽഷിഫ പെരിന്തൽമണ്ണ

പാലക്കാട് : ജില്ലാ ആശുപത്രി , വള്ളുവനാട് ഹോസ്‌പിറ്റൽ, ഒറ്റപ്പാലം , ഗവൺമെൻറ് എൽപി സ്‌കൂൾ കൊപ്പം

പത്തനംതിട്ട : അടൂർ ജിഎച്, ചെന്നീർക്കര പിഎച്ച്സി, ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കൽ കോളേജ്
ഹോസ്‌പിറ്റൽ

തിരുവനന്തപുരം : പാറശ്ശാല ടിഎച്ക്യൂഎച് , ഗവൺമെൻറ് എൽപിഎസ് കളത്തുകൽ (അരുവിക്കര എഫ്എച്ച്സി), നിംസ് മെഡിസിറ്റി

തൃശൂർ : തൃശൂർ എംസിഎച് , അയ്യന്തോൾ പിഎച്ച്സി, ദയ ജനറൽ ഹോസ്‌പിറ്റൽ

വയനാട് : സുൽത്താൻ ബത്തേരി ടിഎച്ക്യൂഎച് , മേപ്പാടി സിഎച്ച്സി, വയനാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്

Latest News