Top

‘ആവശ്യം കഴിഞ്ഞാൽ ‘മാലാഖ’, വിശപ്പും ദാഹവും കടവുമെല്ലാം നഴ്സുമാർക്കുണ്ട്, ഇത്തിരി നന്ദിയെങ്കിലും കാണിക്കണം’; ഡോ. നെൽസൺ ജോസഫിന്റെ കുറിപ്പ്

നമുക്കൊക്കെ പ്രശ്നങ്ങളും ആവശ്യങ്ങളും വരുമ്പൊഴാണ് നഴ്സിനെ നമുക്ക് ഓർമ വരുന്നത്. അതുകഴിയുമ്പൊ മാലാഖമാരാക്കിയങ്ങ് മാറ്റിനിർത്താതെ അവർക്കും പ്രശ്നങ്ങളുണ്ടെന്നോർമിക്കുകയെങ്കിലും ചെയ്യണം. പറ്റാവുന്ന ഏറ്റവും ചെറിയ സഹായം.

12 May 2021 3:49 AM GMT

‘ആവശ്യം കഴിഞ്ഞാൽ ‘മാലാഖ’, വിശപ്പും ദാഹവും കടവുമെല്ലാം നഴ്സുമാർക്കുണ്ട്, ഇത്തിരി നന്ദിയെങ്കിലും കാണിക്കണം’; ഡോ. നെൽസൺ ജോസഫിന്റെ കുറിപ്പ്
X

നഴ്സിം​ഗ് ദിനത്തിൽ വൈറലാവുകയാണ് ഡോ. നെൽസൺ ജോസഫ് ഫേസ്ബുക്കിലെഴുതിയ കുറിപ്പ്. കാൽപ്പനികമായി മാലാഖമാർ എന്നു വിളിക്കാറുണ്ടെങ്കിൽ ദൈനംദിന ജീവിതത്തിൽ ദുരിതപൂർണമായ അവസ്ഥയിലാണ് നഴ്സുമാർ ജീവിക്കുന്നതെന്ന് ഡോ. നെൽസൺ ചൂണ്ടിക്കാണിക്കുന്നു. നമുക്കൊക്കെ പ്രശ്നങ്ങളും ആവശ്യങ്ങളും വരുമ്പൊഴാണ് നഴ്സിനെ നമുക്ക് ഓർമ വരുന്നത്. അതുകഴിയുമ്പൊ മാലാഖമാരാക്കിയങ്ങ് മാറ്റിനിർത്താതെ അവർക്കും പ്രശ്നങ്ങളുണ്ടെന്നോർമിക്കുകയെങ്കിലും ചെയ്യണം. പറ്റാവുന്ന ഏറ്റവും ചെറിയ സഹായം. കുറിപ്പിൽ പറയുന്നു.

പോസ്റ്റ് വായിക്കാം

ഏത് മാലാഖ?

പത്തു പതിനാല് കൊല്ലമായിട്ടുണ്ടാവും മെഡിക്കൽ കോളജ് തൊട്ട് ഇങ്ങോട്ട് നഴ്സുമാരെ കാണാൻ തുടങ്ങിയിട്ട്. മിണ്ടിയും പറഞ്ഞും കണ്ടും പോന്നിട്ടുള്ളവരിൽ പേരിനു പോലും ഞാൻ കണ്ടിട്ടില്ല ഒരു മാലാഖയെയും. മറ്റൊരു സംസ്ഥാനത്ത് പഠിക്കാൻ പോയതിൽപ്പിന്നെ അവിടെ നേരിടേണ്ടിവന്ന കഷ്ടപ്പാടുകളെക്കുറിച്ചും നാട്ടിൽ ഓരോരുത്തർ പറഞ്ഞുനടന്നതെന്താണെന്നുമൊക്കെ സങ്കടം പറഞ്ഞുകേട്ടത് എക്സ്പീരിയൻസ് കിട്ടാൻ വേണ്ടിയെന്ന ഓമനപ്പേരിൽ തുച്ഛമായ ശമ്പളത്തിന് ജോലിചെയ്തുകൊണ്ടിരുന്ന ഒരു നഴ്സിൽ നിന്നാണ്. പഠിക്കാൻ പോയെന്ന ഒറ്റക്കാരണം കൊണ്ട് ആ പോയവരെല്ലാം പിഴയാണെന്ന് അടക്കം പറഞ്ഞോരിൽ പലരും പിന്നെ തുള്ളി വെള്ളം കിട്ടാൻ അവരിലാരോടെങ്കിലും തന്നെ ചോദിച്ചിട്ടുണ്ടാവും.

കുറ്റബോധം മനസിൽ തോന്നിയിട്ടുമുണ്ടാവും..

നഴ്സിങ്ങ് പഠിക്കാൻ പോയ കുട്ടിയെക്കുറിച്ച് ഓരോന്ന് പറഞ്ഞുനടന്നപ്പൊ മാലാഖയാണെന്ന് ആ പറഞ്ഞവർക്ക് തോന്നിയിരുന്നില്ല. നഴ്സാണ് എന്ന് പറഞ്ഞ ഒറ്റക്കാരണം കൊണ്ട് മാറിപ്പോയ കല്യാണങ്ങളുണ്ട്. വിദേശത്തേക്ക് ചേക്കേറിയ പ്രവാസികളിൽ ഉൾപ്പെട്ട നഴ്സുമാരടക്കമുള്ളോർ അയച്ച വിദേശനാണ്യം കൊണ്ടുകൂടി രക്ഷപെട്ട ഒരു നാട് ഒരു കാരണവശാലും പറയരുതാത്ത കൊള്ളരുതായ്മകൾ പറഞ്ഞ് മുടക്കിക്കളഞ്ഞ ആലോചനകൾ..

വായിൽ തോന്നിയത് നാട്ടിൽ മുഴുവൻ പറഞ്ഞുനടന്നപ്പൊ അവരെയാരും മാലാഖയായി കണ്ടില്ല. മൂന്നുമണി നേരത്ത് വാർഡിൽ വിഷാദ ഭാവത്തിൽ ഒറ്റയ്ക്കിരുന്ന നഴ്സിനോട് എന്താണു കാര്യമെന്ന് തിരക്കിയപ്പൊ പറഞ്ഞത് ഇതുവരെ വീട്ടീന്ന് കൊണ്ടുവന്നതൊന്നും തൊടാൻ പോലും പറ്റിയിട്ടില്ലെന്നായിരുന്നു.

വിശപ്പും ദാഹവുമൊന്നും മാലാഖമാർക്ക് ഉണ്ടാവില്ലെന്നാണ് കേട്ടിട്ടുള്ളത്. അപ്പൊ ആ നഴ്സും മാലാഖയല്ല. കിട്ടുന്ന ശമ്പളം ലോണടയ്ക്കാൻ തികയുന്നില്ലെന്ന് സങ്കടപ്പെട്ട സിസ്റ്ററോട് പുറത്ത് പൊയ്ക്കൂടേ എന്ന് ചോദിച്ചപ്പൊ അതിനുള്ള വഴിയൊക്കെ അടഞ്ഞെന്ന് ചിരിച്ചുകൊണ്ടു തന്നെയാണ് മറുപടി കിട്ടിയത്. എന്താണു കാരണമെന്ന് ചോദിച്ചില്ല.

മാലാഖമാർക്ക് ഏതായാലും കടങ്ങളുണ്ടാവുമെന്ന് തോന്നുന്നില്ല. അതും അപ്പൊ മാലാഖയല്ല. കൊവിഡ് വന്ന തുടക്കക്കാലം. രോഗികളെ വളരെ അടുത്ത് ശുശ്രൂഷിച്ച ശേഷം തിരികെ വീട്ടിലേക്ക് ചെല്ലുമ്പൊ കുഞ്ഞുണ്ടെന്നോർമിച്ച് വിഷമിച്ചിരുന്ന, അങ്ങനെയുണ്ടായാൽ എല്ലാ പഴിയും ഒന്നിച്ച് കേൾക്കേണ്ടിവരില്ലേയെന്ന് തുടർച്ചയായി ചിന്തിച്ചിരുന്ന സുഹൃത്തുണ്ടായിരുന്നു പരിചയത്തിൽ..

മാലാഖയ്ക്കേതായാലും അങ്ങനെയുള്ള വിഷമങ്ങളുണ്ടാവാനിടയില്ല…അപ്പൊ അതും മാലാഖയല്ല. മാലാഖയ്ക്ക് വിശപ്പുണ്ടാവില്ല, ദാഹിക്കില്ല, സങ്കടങ്ങൾ കാണില്ല, രോഗങ്ങളുണ്ടാവില്ല, കടമുണ്ടാവില്ല, മാലാഖയെ ആരും തെറിവിളിക്കാൻ ചാൻസില്ല, മാലാഖയെ എങ്ങനായാലും ആർക്കാരുടെ കുറ്റം പറച്ചിൽ കേൾക്കേണ്ടിയും വരില്ല. ഒരു രൂപക്കൂടിലോ ആരാധനാലയങ്ങളുടെ മുകളിലോ അങ്ങനങ്ങ് നിന്നാൽ മതിയാവും.. ഞാൻ കണ്ടവർക്കൊക്കെ മേൽപ്പറഞ്ഞതില് പലതുമുണ്ടായിരുന്നു…

എല്ലാരും കൂടി പിടിച്ച് മാലാഖയാക്കിയും ത്യാഗത്തിൻ്റെ മൂർത്തികളാക്കിയും സുന്ദരമായങ്ങ് കയ്യൊഴിയുകയാണ്. മാലാഖമാരാണെന്ന് വിശ്വസിച്ചാൽ ഇപ്പറഞ്ഞ കഷ്ടപ്പാടുകളൊന്നും നമ്മുടെ സങ്കല്പത്തിലെ നഴ്സിൻ്റെ രൂപത്തിൻ്റെയൊപ്പം ചേർത്തു വയ്ക്കേണ്ടിവരില്ലല്ലോ.

അവരും സാധാരണക്കാരാണ്.

സന്തോഷം വന്നാൽ ചിരിക്കുകയും സങ്കടം വന്നാൽ കരയുകയും ദേഷ്യപ്പെടുകയുമൊക്കെ ചെയ്യുന്ന, വീട്ടിൽ കുട്ടികളും ഭാര്യയും ഭർത്താവും അച്ഛനുമമ്മയും സഹോദരങ്ങളുമെല്ലാമുള്ള സാധാരണക്കാർ..

ഇന്നല്ലെങ്കിൽ നാളെ എല്ലാം ശരിയാവുമെന്ന് വിശ്വസിക്കുന്നവർ. ഉപജീവനത്തിനായിക്കൂടി തികച്ചും പ്രഫഷണലായ ഒരു ജോലി ചെയ്യുന്നവർ. ചെയ്യുന്ന ജോലിക്ക് മാന്യമായ വേതനം അർഹിക്കുന്നവർ. പ്രയത്നത്തിന് അംഗീകരിക്കപ്പെടേണ്ടവർ.

വാക്സിനേഷൻ്റെ സമയത്ത് നമ്മുടെ നഴ്സുമാരുടെ സൂക്ഷ്മത നമുക്കുണ്ടാക്കിയ നേട്ടം കുറച്ച് ദിവസം മുൻപ് പറഞ്ഞിരുന്നല്ലോ. അതുപോലെ ഒന്നൊന്നരക്കൊല്ലമായിട്ടും ഈ കേരളം ഇങ്ങനെ പൊരുതി നിൽക്കുന്നതിൽ വനിതകളും പുരുഷന്മാരുമായ നഴ്സസിൻ്റെ പങ്ക് സ്തുത്യർഹമാണ് എന്നുള്ളത് ഒരു കാലത്തും മറന്നൂടാ.

നമുക്കൊക്കെ പ്രശ്നങ്ങളും ആവശ്യങ്ങളും വരുമ്പൊഴാണ് നഴ്സിനെ നമുക്ക് ഓർമ വരുന്നത്. അതുകഴിയുമ്പൊ മാലാഖമാരാക്കിയങ്ങ് മാറ്റിനിർത്താതെ അവർക്കും പ്രശ്നങ്ങളുണ്ടെന്നോർമിക്കുകയെങ്കിലും ചെയ്യണം.. പറ്റാവുന്ന ഏറ്റവും ചെറിയ സഹായം…

ഒരു നന്ദികൊണ്ടെങ്കിലും ചെയ്യുകയും വേണം..
നഴ്സസ് ദിനാശംസകൾ.

Next Story

Popular Stories