Top

‘ഞാന്‍ ചെയ്തത് എന്റെ കോളെജിനോടുള്ള കടമ’; തനിക്ക് പൂര്‍ണ്ണബോധ്യമുള്ള കാര്യങ്ങളാണ് പറഞ്ഞതെന്ന് ഡോ നജ്മ

ആശുപത്രിയുടെ അനാസ്ഥയ്‌ക്കെതിരെ ആര്‍എംഒയ്ക്കും സൂപ്രണ്ടിനും പരാതി ഓഡിയോ സന്ദേശമായി അയച്ചിരുന്നു. നേരത്തെ പരാതി പറയാനുള്ള ധൈര്യമുണ്ടായിരുന്നില്ല. നടപടിയെതാന്‍ ഭയക്കുന്നില്ലെന്നും നജ്മ കൂട്ടിച്ചേര്‍ത്തു.

20 Oct 2020 11:53 PM GMT

‘ഞാന്‍ ചെയ്തത് എന്റെ കോളെജിനോടുള്ള കടമ’; തനിക്ക് പൂര്‍ണ്ണബോധ്യമുള്ള കാര്യങ്ങളാണ് പറഞ്ഞതെന്ന് ഡോ നജ്മ
X

കളമശ്ശേരി മെഡിക്കല്‍ കോളെജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ച സംഭവം ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്ന ആരോപണത്തിലുറച്ച് മെഡിക്കല്‍ കോളെജിലെ ഡോക്ടര്‍ നജ്മ. തന്റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നില്‍ ദുരുദ്ദേശമുണ്ടെന്ന ആരോപണം വാസ്തവവിരുദ്ധമാണെന്നും തനിക്ക് ചില രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധമുണ്ടെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും നജ്മ കൂട്ടിച്ചേര്‍ത്തു. വ്യാജപ്രചരണങ്ങള്‍ക്കെതിരെ നിയമനടപടിയ്‌ക്കൊരുങ്ങുമെന്നും താന്‍ ചെയ്തത് കോളെജിനോടുള്ള കടമയാണെന്നും നജ്മ പറഞ്ഞു. ആശുപത്രിയുടെ അനാസ്ഥയ്‌ക്കെതിരെ ആര്‍എംഒയ്ക്കും സൂപ്രണ്ടിനും പരാതി ഓഡിയോ സന്ദേശമായി അയച്ചിരുന്നു. നേരത്തെ പരാതി പറയാനുള്ള ധൈര്യമുണ്ടായിരുന്നില്ല. നടപടിയെതാന്‍ ഭയക്കുന്നില്ലെന്നും നജ്മ കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ടര്‍ ടിവിയുടെ ബ്രേക്കിംഗ് അവേഴ്‌സില്‍ പങ്കെടുത്തുകൊണ്ടായിരുന്നു ഡോക്ടറുടെ പ്രതികരണം.

ഹാരിസിന്റെ മരണം ഹൃദയാഘാതം മൂലമാണെന്ന ആശുപത്രി അധികൃതരുടെ വാദത്തെ തള്ളി ഹാരിസിന്റെ കുടുംബാംഗങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇതിനെ ശരിവെയ്ക്കുന്ന വിശദീകരണമാണ് നജ്മ മാധ്യമങ്ങള്‍ക്കുമുന്നില്‍ നല്‍കിയിരുന്നത്. മുഖത്ത് മാസ്‌കുണ്ടായിരുന്നെങ്കിലും വെന്റിലേറ്റര്‍ ഘടിപ്പിച്ചിരുന്നില്ലെന്ന് നജ്മ വ്യക്തമാക്കിയിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ ഇക്കാര്യം തന്നോട് പറഞ്ഞിരുന്നെന്നും ഡോ നജ്മ വെളിപ്പെടുത്തിയിരുന്നു.

അതേസമയം കളമശ്ശേരി മെഡിക്കല്‍ കോളെജിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.മികച്ച ചികിത്സയ്ക്ക് ആശുപത്രി അധികൃതര്‍ പണം ആവശ്യപ്പെട്ടുവെന്ന പരാതിയുമായി കൊവിഡ് ബാധിച്ച് മരിച്ച മറ്റൊരു രോഗി ബൈ ഹൈക്കിയുടെ ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. 40000ത്തോളം രൂപ ആവശ്യപ്പെട്ട് രോഗി സഹോദരനയച്ച ശബ്ദസന്ദേശം പുറത്തായതോടെ ആശുപത്രിയ്‌ക്കെതിരെ പ്രതിഷേധം പുകയുകയാണ്. കൊവിഡ് ബാധിച്ച് മരിച്ച ബൈ ഹൈക്കി സഹോദരനയച്ച ശബ്ദ സന്ദേശത്തിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് ലഭിച്ചു.

കാര്യങ്ങള്‍ കൃത്യമായി നടക്കണമെങ്കില്‍ അതിനൊരു രീതിയുണ്ടെന്നും പണമാണ് അവര്‍ക്ക് ആവശ്യമെന്നും ഇയാള്‍ പറയുന്നത് ശബ്ദസന്ദേശത്തില്‍ നിന്നും വ്യക്തമായി കേള്‍ക്കാം. ചെക്ക് വഴിയോ പണമായോ എത്രയും വേഗം സഹായമെത്തിക്കണമെന്ന് രോഗി ഓഡിയോയില്‍ അപേക്ഷിക്കുന്നുമുണ്ട്. ഇയാള്‍ക്ക് മികച്ച ചികിത്സയോ വെന്റിലേറ്റര്‍ സൗകര്യമോ ഒരുക്കിയില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്. പണം എത്തിക്കാന്‍ കഴിയാതിരുന്നതുകൊണ്ടാണ് ആശുപത്രി അധികൃതര്‍ വെന്റിലേറ്റര്‍ സഹായം നല്‍കാതിരുന്നതെന്നും മെഡിക്കല്‍ കോളെജിനെതിരെ ബൈ ഹൈക്കിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു.

ചികിത്സയിലിരിക്കെ കൊവിഡ് രോഗി മരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് അനാസ്ഥയുണ്ടായോ എന്ന കാര്യത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ച ഹാരിസിന്റെയും ബന്ധുക്കളുടേയും മൊഴി പൊലീസ് ഉടന്‍ രേഖപ്പെടുത്തുമെന്നാണ് വിവരം. മരണസമയത്ത് ആശുപത്രിയില്‍ ഉണ്ടായിരുന്ന ജീവനക്കാരുടേയും മൊഴിയെടുക്കും. എന്നാല്‍ മെഡിക്കല്‍ കോളെജിനെതിരെ നടക്കുന്നത് വ്യാജപ്രചരണമാണെന്ന വാദവുമായി ആശുപത്രി അധികൃതര്‍ രംഗത്തെത്തിയിരുന്നു. ഹാരിസിന്റേത് ഹൃദയാഘാതമാണെന്നായിരുന്നു ആശുപത്രിയുടെ വിശദീകരണം.

Next Story