കൊവിഡും പ്രമേഹവും: ശ്രദ്ധിക്കേണ്ടതും ഒഴിവാക്കേണ്ടതും; ഡോ.ലക്ഷ്‌മി പരമേശ്വരൻ

കൊവിഡ് 19 എന്ന മഹാമാരി 2020 എന്ന വർഷത്തെ പൂർണ്ണമായി സ്തംഭിപ്പിച്ചതോടൊപ്പം 1.57 ദശലക്ഷം (ഇന്നുവരെ) ജനങ്ങളെയാണ് ഭൂമുഖത്തു നിന്നും ഇല്ലാതാക്കിയത്. മരണവും മരണഭീതിയും വ്യാപകമായി വിതച്ച കൊവിഡ് 19 മൂലം മരണപ്പെട്ടവരിൽ അധികവും പ്രായം ചെന്നവരും മറ്റു ശാരീരിക അവശതകൾ ഉള്ളവരും ആയിരുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

എന്നാലിപ്പോൾ പുറത്തുവരുന്ന കൊവിഡ് പ്രതിരോധ വാക്സിനുകളെ പറ്റിയുള്ള വാർത്തകൾ പ്രതീക്ഷ പകരുന്നതാണ്. പലയിടങ്ങളിലും നടക്കുന്ന വാക്സിൻ പരീക്ഷണങ്ങൾ അവസാന ഘട്ടത്തിലാണ്. കൂടാതെ പരീക്ഷണത്തിന്റെ വിജയത്തോത് തെളിയിച്ചിട്ടുള്ളവ ജനങ്ങളിലേക്ക് എത്തിക്കാനുള്ള അനുമതിക്കായി കാത്തിരിക്കുകയുമാണ്.

എന്നിരിക്കലും വാക്സിനുകൾ എല്ലാവരിലേക്കും എത്തുന്നത് വരെ ഒരു പ്രമേഹരോഗി തനിക്ക് കൊവിഡ് പിടിപെടാനുള്ള സാധ്യത എത്രയുണ്ടെന്നും പ്രതിരോധത്തിനായി എന്തൊക്കെ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അറിയുന്നത് അപകടസാധ്യത കുറയ്ക്കും.

പ്രമേഹ ചികിത്സയിൽ വിദഗ്ദയായ ഡോ.ലക്ഷ്‌മി പരമേശ്വരൻ ഈ വിഷയത്തിൽ തരുന്ന ഉപദേശങ്ങൾ ഇങ്ങനെയാണ്. ‘ഒരു പ്രമേഹരോഗിക്ക് കൊവിഡ് വരാനുള്ള സാധ്യത കൂടുതൽ അല്ല. എന്നാൽ രോഗബാധ ഉണ്ടായാൽ ആ വ്യക്തിയുടെ ആരോഗ്യാവസ്ഥ സാധാരണക്കാരേക്കാൾ സങ്കീർണ്ണവും, പരിപൂർണ്ണമായി ഭേദപ്പെടാൻ എടുക്കുന്ന സമയം കൂടുതലും ആയിരിക്കും’.

പ്രമേഹരോഗിക്ക് എന്തുകൊണ്ടാണ് കൂടുതൽ സങ്കീർണ്ണത അല്ലെങ്കിൽ ഭേദമാകാൻ കൂടുതൽ സമയം?

തീർച്ചയായും അത് അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിലെ നിയന്ത്രണമില്ലായ്മ അല്ലെങ്കിൽ വ്യതിയാനം കൊണ്ടാണ്. ഒരു വ്യക്തിയുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയാൽ പ്രതിരോധ ശേഷി സ്വാഭാവികമായും കുറയും. ഏതൊരു രോഗവും പിടിപെടാനുള്ള സാധ്യത അവർക്ക് കൂടുതലുമാകും. അപ്പോൾ പ്രമേഹ രോഗികൾ തീർച്ചയായും ഇക്കാര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ പാലിച്ചേ മതിയാകൂ.

പ്രതിരോധ ശേഷി കുറയാനുള്ള മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്ന ഘടകം പ്രായമാണ്. അതായത് ടൈപ്പ് 2 പ്രമേഹ രോഗികളിൽ അധികവും മധ്യവയസ്കരും പ്രായം ചെന്നവരും ആണ്. പ്രായം കൂടുന്തോറും പ്രമേഹത്തിന്റെയൊപ്പം തന്നെ മറ്റ് ശാരീരിക അസ്വസ്ഥതകളായ രക്തസമ്മർദ്ദ വ്യതിയാനങ്ങൾ, കൊളസ്‌ട്രോൾ, ആസ്തമ, ന്യുമോകോക്കൽ ന്യുമോണിയ പോലുള്ള ശ്വാസകോശ രോഗങ്ങൾ, ഹൃദയ സംബന്ധിയായ രോഗങ്ങൾ എന്നിവയിൽ ഏതെങ്കിലുമൊക്കെയും ഇവർക്കുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പ്രതിരോധ ശേഷിയെ അത് പ്രതികൂലമായി ബാധിക്കുന്നു.

പ്രമേഹത്തോടൊപ്പം മേൽപറഞ്ഞ ശാരീരിക വിഷമതകളിൽ ഏതെങ്കിലും അനുഭവിക്കുന്നവർ കൈക്കൊള്ളേണ്ട മുൻകരുതലുകൾ എന്താണ് ?

കൊവിഡ് കാലത്ത് നിർദേശിക്കപ്പെട്ടിട്ടുള്ള പൊതുവായ മുൻകരുതലുകളായ സാമൂഹിക അകലം, മാസ്ക് ധരിക്കൽ, സാനിറ്റൈസർ ഉപയോഗിക്കൽ എന്നിവ പാലിക്കുന്നതിനു പുറമെ പ്രമേഹ രോഗികൾ തിരക്കുള്ള സ്ഥലങ്ങളും മറ്റ് സന്ദർശനങ്ങളും ഒഴിവാക്കേണ്ടതാണ്.

പ്രമേഹ സംബന്ധിയായ കാര്യങ്ങളിൽ എടുക്കേണ്ട മുൻകരുതലുകളിൽ പ്രധാനം ബ്ലഡ് ഷുഗറിലുള്ള നിയന്ത്രണം ആണ്. ഭക്ഷണത്തിന്‌ മുൻപുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവ് 140 മില്ലിഗ്രാം ഡെസിലിറ്ററിനകത്തു നില നിർത്താനും ഭക്ഷണത്തിന്‌ ശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവ് 180 മില്ലിഗ്രാം ഡെസിലിറ്ററിനകത്തും നില നിർത്തേണ്ടതുമാണ്. എച്ബി എ വൺ സി ടെസ്റ്റ് (Hba1c) ഫലം ഏഴ് ശതമാനത്തിലോ അതിൽ താഴെയോ നില നിർത്താൻ ശ്രദ്ധിക്കണം.

ഗ്ലൂക്കോമീറ്ററിന്റെ ഉപയോഗം എങ്ങനെ? എന്തിന് ?

പ്രമേഹരോഗികളിൽ മിക്കവരും വാങ്ങി വെക്കാറുണ്ടെങ്കിലും കൃത്യമായി ഉപയോഗിക്കാത്ത ഒന്നാണ് ഗ്ലുക്കോമീറ്റർ. ഗ്ലുക്കോമീറ്റർ പതിവായി ശീലമാക്കേണ്ടതാണ്. ബ്ലഡ് ഷുഗറിലുണ്ടാകുന്ന വ്യതിയാനങ്ങളും ലോ ഷുഗറും ഹൈ ഷുഗറും ഒക്കെ കൃത്യമായി കുറിച്ച് വെക്കാനായാൽ, അടുത്ത ചെക്കപ്പിന് പോകുമ്പോൾ ഡോക്ടറുടെ മികച്ച വിശകലനത്തിനും മെച്ചപ്പെട്ട മരുന്നുകൾക്കും അത് വഴിയൊരുക്കും.

കൊവിഡ് കാലത്തെ ആഹാരക്രമവും വ്യായാമവും?

അധികസമയവും വീട്ടിൽ തന്നെ ചെലവഴിക്കുന്നത് കൊണ്ട് തോന്നിയ പോലെ കാര്യങ്ങൾ ചെയ്യാനുള്ള ഒരു പ്രവണത രൂപപ്പെട്ടിട്ടുണ്ട് . എന്നാൽ ആഹാരക്രമത്തിൽ പ്രമേഹരോഗികൾ കൃത്യത പാലിച്ചേ ആകൂ. കാരണം കൃത്യമായ സമയങ്ങളിൽ ആഹാരം കഴിച്ചാൽ മാത്രമേ മരുന്നിനും കൃത്യത പാലിക്കാനാകൂ. മരുന്നുകളുടെ പ്രവർത്തനസമയം ക്രമീകരിക്കാനും മെച്ചപ്പെട്ട ഫലം ഉറപ്പ് വരുത്താനും ഇത് സഹായിക്കും. കൂടാതെ ബ്ലഡ് ഷുഗർ കുറക്കാനും, പ്രതിരോധ ശേഷി കൂട്ടാനും ഇത് സഹായകമാണ്.

നിർദേശിക്കപ്പെട്ടിട്ടുള്ള മരുന്നോ, ഭക്ഷണക്രമമോ പോലെ തന്നെ പ്രമേഹരോഗി കൃത്യമായി പാലിക്കേണ്ട മറ്റൊന്നാണ് വ്യായാമം. കൊവിഡ് കാരണം പുറത്തിറങ്ങാനാകാതെ വീട്ടിൽ തന്നെ ചടഞ്ഞിരിക്കാതെ നമുക്കുള്ള സൗകര്യങ്ങൾ മടിക്കാതെയും മുടക്കാതെയും ഉപയോഗിക്കണം. നടത്തം, സ്റ്റെപ്പുകൾ കയറിയിറങ്ങുക, ട്രെഡ് മിൽ ഉപയോഗിക്കുക, യോഗ ചെയ്യുക അങ്ങനെ എന്തും ഇക്കാലയളവിൽ പ്രമേഹരോഗികൾ നിർബന്ധമായും ചെയേണ്ടതാണ്.

കൊവിഡ് കാലത്ത് വരുന്ന ഏതൊരു പനിയെയോ ചുമയെയോ ഭയക്കേണ്ടതില്ല. ഏതെങ്കിലും തരത്തിലുള്ള സംശയം തോന്നിയാൽ ഏറ്റവും അടുത്തുള്ള ഡോക്ടറുമായി ബന്ധപ്പെടാനോ, ഗവണ്മെന്റ് തന്നിരിക്കുന്ന ഹെൽപ് ലൈൻ നമ്പറിൽ ബന്ധപ്പെടാനോ മടിക്കരുത്, ഡോ.ലക്ഷ്‌മി പറഞ്ഞവസാനിപ്പിക്കുന്നു.

Latest News