ഹലാല്‍ വാക്‌സിന്‍: ജീവനില്‍ കൊതിയുള്ളവര്‍ കുത്തിവെയ്‌പ്പെടുക്കും

ഹലാൽ-ഹറാമെന്ന് വേർതിരിക്കാൻ വാക്‌സിൻ ഭക്ഷണം പോലെ ഐച്ഛികമായ ഒന്നല്ല, അത് ഒഴിച്ചുകൂടാനാവാത്തതാണ്. മനുഷ്യരുടെ ജീവന്‍ തുലാസില്‍ നില്‍ക്കുന്ന ഇത്തരം നിര്‍ണ്ണായക ആപദ്ഘട്ടങ്ങളിൽ ഈ ഹലാല്‍- ഹറാം ചര്‍ച്ചകൾ തന്നെ അപ്രസക്തവും അനാവശ്യവുമാണ്. വെടിയുണ്ടകളുടെ പുറംചട്ടയില്‍ പന്നിക്കൊഴുപ്പുണ്ടെന്ന പ്രചാരണം ശിപായി ലഹളയിലേക്ക് നയിച്ചതുപോലൊരു സാഹചര്യം പുനസൃഷ്ടിക്കപ്പെടേണ്ട സമയമല്ലിത്.

ഇന്തൊനേഷ്യ പോലെയുള്ള ചില മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്ന് ഉത്ഭവിക്കുന്ന ഇത്തരം ചര്‍ച്ചകള്‍ മതപണ്ഡിതന്മാര്‍ ഏറ്റെടുക്കുകയും അഭിപ്രായം പറയുകയും ചെയ്‌തേക്കാം. എന്നാല്‍ അതില്‍ എന്താണ് ചെയ്യേണ്ടതെന്ന് ജനങ്ങളാണ് തീരുമാനിക്കുന്നത്.

ജനങ്ങള്‍ക്ക് അവരുടെ ജീവനാണ് പ്രധാനം. അതുവേണമെന്നുള്ളവര്‍ വാക്സിന്‍ എടുക്കും, അത്ര നിസ്സാരമാണ് കാര്യങ്ങള്‍.

മതപണ്ഡിതർക്കിടയിൽ ഇത്തരം ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നുള്ളത് വാസ്തവമാണ്. എന്നാല്‍ അത്തരം ചര്‍ച്ചകളോ ഫത്‍വകളോ അതേപടി പിന്തുടരുന്ന ഒരു ജനസമൂഹമല്ല ഇന്ത്യയിലെ മുസ്‌ലിങ്ങൾ. ഇവിടെ മുസ്‌ലിം ജനസമൂഹം അപ്പാടെ അനുസരിക്കുന്ന ഒറ്റസംഘടനയും ഇന്ത്യയിലില്ല. ഇന്ത്യയില്‍ അവര്‍ സ്വതന്ത്രരാണ്. അവരില്‍ മതപുരോഹിതരെ കേള്‍ക്കുന്നവരും കേള്‍ക്കാത്തവരുമുണ്ട്. എന്നാല്‍ അവരെക്കൊണ്ട് തീരുമാനമെടുപ്പിക്കാന്‍ ശേഷിയുള്ള ഒരു പൊതുനേതൃത്വം ഇവിടെയില്ല. ഇത്തരം ‘കുപ്രചാരണങ്ങളില്‍’ വീഴരുതെന്നും വാക്‌സിന്‍ സ്വീകരിക്കണമെന്നുമാണ് മുസ്‌ലിം വ്യക്തിനിയമ ബോർഡ് എക്‌സിക്യൂട്ടീവ് അംഗമായിരുന്ന മൗലാനാ ഖാലിദ് റാഷിദ് ഫിരങ്കി മഹാലി പ്രഖ്യാപിച്ചത്.

കേരളത്തിലടക്കം ജനങ്ങള്‍ ഏതെങ്കിലും കാലത്ത് വാക്‌സിൻ വിരോധം കാണിച്ചിട്ടുണ്ടെങ്കില്‍തന്നെയും അതൊരിക്കലും മതപരമായ അടിസ്ഥാനത്തിലായിരുന്നില്ല. അത്തരം വിമുഖതകള്‍ തീര്‍ത്തും ആരോഗ്യപരമായ ഭയാശങ്കകളില്‍ നിന്നുണ്ടായവ മാത്രമായിരുന്നു.

യഥാര്‍ത്ഥത്തില്‍, ഈ പ്രശ്നം ഉണ്ടാകുന്നതുതന്നെ ചൈനീസ് വാക്സിനെ ചുറ്റിപ്പറ്റിയാണ്. മറ്റുള്ള വാക്സിനുകളില്‍ പ്രശ്‌ന വിഷയമായ പോര്‍ക്ക് ജലാറ്റിന്റെ സാന്നിധ്യം വ്യക്തമല്ല. പ്രമുഖ വാക്സിന്‍ നിര്‍മ്മാതാക്കളായ ഫൈസര്‍, ആസ്ട്രാസെനക്ക, മോഡേണ എന്നിവര്‍ വ്യക്തമാക്കുന്നത് അവരുടെ വാക്സിനുകളില്‍ പോര്‍ക്ക് ജലാറ്റിന്‍ ഘടകമായി വരുന്നില്ലെന്നാണ്. ചൈനയില്‍ നിന്നു വരുന്ന വാക്സിനുകളില്‍ മാത്രമേ ഇത്തരം ഘടകങ്ങളുണ്ടാകാന്‍ സാധ്യതയുള്ളൂ. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന വാക്‌സിനുകളിൽ ഇവ ഉണ്ടാകാന്‍ തന്നെ സാധ്യതയില്ല. സ്വിസ് കമ്പനിയായ നോവാര്‍ട്ടിസ് വാക്‌സിന്‍ അടക്കം മിക്ക വാക്‌സിന്‍ നിര്‍മ്മാതാക്കളും ഇത്തരത്തില്‍ പോര്‍ക്ക് ജലാറ്റിൻ അംശമില്ലാത്ത വാക്‌സിനാണ് വികസിപ്പിച്ചിരിക്കുന്നത്.

മാത്രവുമല്ല, കുറച്ചുനാളുകള്‍ക്കുള്ളില്‍ എല്ലാ പ്രമുഖ രാജ്യങ്ങളും അവരവരുടേതായ വാക്‌സിൻ വികസിപ്പിക്കുകയും ചെയ്യും. അത്തരത്തില്‍ സൗദി അറേബ്യയും മലേഷ്യയുമെല്ലാം വാക്‌സിൻ വികസിപ്പിക്കുമ്പോള്‍ പോര്‍ക്കിന് പകരം മറ്റെന്തെങ്കിലും മാര്‍ഗം കണ്ടെത്തിയേക്കാം. എന്നാല്‍ നിലവിലെ അടിയന്തിര സാഹചര്യത്തിൽ ഇത്തരം കാര്യങ്ങളിലേക്ക് കടക്കാന്‍ ആര്‍ക്കും കഴിയില്ല എന്നതാണ് വാസ്തവം.

ഹിന്ദുക്കള്‍ പശുവിനെ ദൈവതുല്യമായി കാണുന്നതുപോലെ ഇസ്‌ലാമിന് പന്നി ഒരു മോശം മൃഗമാണ്. എങ്കിലും ആ വിഷയത്തിലെ ഹലാല്‍-ഹറാം ചര്‍ച്ചകള്‍ ഭക്ഷണത്തെ സംബന്ധിക്കുന്നത് മാത്രമാണ്. അല്ലാതെ എല്ലാ കാര്യങ്ങളിലും അത്തരം പരിശോധനയുടെ ആവശ്യമില്ല. ദൈനംദിന ജീവിതത്തില്‍ ചെരുപ്പു മുതലുള്ള നിരവധി വസ്തുക്കളില്‍ പാമ്പിന്റെയും പശുവിന്റെയുമടക്കം ഭാഗങ്ങളുപയോഗിക്കുന്നുണ്ട്. അതിലൊന്നും ഹറാം-ഹലാല്‍ പരിശോധന നടത്താറില്ലാത്ത നമ്മള്‍ വാക്‌സിന്‍ വിഷയത്തില്‍ അതെന്തിന് നടത്തുന്നു?

(അനുപമ ശ്രീദേവിയോട് പറഞ്ഞത്)

Latest News